'വിരമിക്കാൻ സമയമായി എന്നാണോ?', ഫാൽക്കെ പുരസ്കാരം ഏറ്റുവാങ്ങി അമിതാഭ് ബച്ചൻ

By Web TeamFirst Published Dec 29, 2019, 6:10 PM IST
Highlights

ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതിയാണ് ദാദാസാഹെബ് ഫാൽക്കേ പുരസ്കാരം. സ്വർണകമലവും ഒരു പഷ്മീനാ ഷാളും, പത്ത് ലക്ഷം രൂപയുമാണ് ബഹുമതിയായി ലഭിക്കുക.

ദില്ലി: 2018-ലെ ദാദാസാഹെബ് ഫാൽക്കേ പുരസ്കാരം രാഷ്ട്രപതി രാംനാഥ് കോവിന്ദിൽ നിന്ന് ഏറ്റുവാങ്ങി മെഗാസ്റ്റാർ അമിതാഭ് ബച്ചൻ. സിനിമാജീവിതത്തിൽ അമ്പത് വർഷം പൂർത്തിയാക്കുന്ന വേളയിലാണ് ഫാൽക്കെ പുരസ്കാരം ബച്ചനെ തേടിയെത്തുന്നത് എന്നത് അദ്ദേഹത്തിന് ഇരട്ടി മധുരമായി. ഭാര്യ ജയാ ബച്ചനും മകൻ അഭിഷേക് ബച്ചനും ഒപ്പമാണ് പുരസ്കാരം ഏറ്റുവാങ്ങാൻ അമിതാഭ് ബച്ചനെത്തിയത്.

നർമം നിറഞ്ഞ വാക്കുകളോടെയാണ് പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം ബച്ചൻ പ്രസംഗിച്ചത്. ''ദാദാസാഹെബ് ഫാൽക്കേ അവാർഡ് എനിക്കാണെന്ന് പ്രഖ്യാപിക്കപ്പെട്ടപ്പോൾ ആദ്യം എന്‍റെ മനസ്സിലുയർന്ന സംശയമിതാണ്. ഇനി വിരമിക്കാനൊക്കെ സമയമായി- ഇനി വീട്ടിലിരുന്നോളൂ എന്ന് പറയുകയാണോ എന്ന് എനിക്ക് സൂചന തരികയാണോ ഇതിലൂടെ എന്ന്. എന്നാൽ എനിക്കിനിയും ജോലി ചെയ്യേണ്ടതുണ്ട്. പൂർത്തിയാക്കേണ്ട ജോലികൾ പലതുണ്ട്. അത് തീർക്കണം. അപ്പോഴേക്ക് ഭാവിയിലും എന്നെത്തേടി സിനിമകൾ വരുമെന്നാണ് എന്‍റെ പ്രതീക്ഷ. ഒന്നുമില്ല, ഇവിടെ ഇത് പറയുന്നു എന്ന് മാത്രം'', എന്ന് ബച്ചൻ.

LIVE📡: Actor receives in a function at Rashtrapati Bhawan, New Delhi

Watch on PIB's

YouTube: https://t.co/9SKSOlWKot

Facebook: https://t.co/imJr864fiThttps://t.co/aqSbl4TJNE

— PIB India (@PIB_India)

ഇന്ത്യൻ സിനിമയുടെ പിതാവ് ധുന്ദിരാജ് ഗോവിന്ദ് ഫാൽക്കെ, അഥവാ, ദാദാസാഹെബ് ഫാൽക്കേയുടെ ബഹുമാനാർത്ഥം 1969-ലാണ് ആദ്യ പുരസ്കാരം പ്രഖ്യാപിക്കപ്പെട്ടത്. അമിതാഭ് ബച്ചൻ ഹിന്ദി സിനിമയിൽ 'സാഥ് ഹിന്ദുസ്ഥാനി' എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച അതേ വർഷം.

ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതിയാണ് ദാദാസാഹെബ് ഫാൽക്കേ പുരസ്കാരം. സ്വർണകമലവും ഒരു പഷ്മീനാ ഷാളും, പത്ത് ലക്ഷം രൂപയുമാണ് ബഹുമതിയായി ലഭിക്കുക. 2017-ൽ പുരസ്കാരം നേടിയത് അന്തരിച്ച വിഖ്യാത നടൻ വിനോദ് ഖന്നയാണ്. 
 

click me!