മതവികാരം വ്രണപ്പെടുത്തിയെന്ന് പരാതി, രവീണാ ടണ്ടന്‍, ഫറാ ഖാന്‍, ഭാരതി സിംഗ് എന്നിവര്‍ക്കെതിരെ കേസ്

By Web TeamFirst Published Dec 29, 2019, 5:56 PM IST
Highlights

ക്രിസ്മസ് രാവില്‍ സംപ്രേഷണം ചെയ്ത പരിപാടിയില്‍ ക്രിസ്തീയ മതവിഭാഗക്കാരുടെ വികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച്... 

പാറ്റ്ന: ടെലിവിഷന്‍ ഷോക്കിടെ മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് നല്‍കിയ പരാതിയില്‍ നടി രവീണ ടണ്ടനെതിരെ കേസെടുത്തു. ഒരാഴ്ചയ്ക്കുള്ളില്‍ ഇത് മൂന്നാം തവണയാണ് രവീണ ടണ്ടനെതിരെ മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് പരാതി ലഭിക്കുന്നത്. പഞ്ചാബിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സംവിധായിക ഫരാ ഖാന്‍, കൊമേഡിയന്‍ ഭാരതി സിംഗ് എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. 

ക്രിസ്തീയ മതവിഭാഗക്കാരുടെ വികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് കംബോജ് നഗര്‍ സ്വദേശിയാണ് പരാതി നല്‍കിയത്. മൂന്ന് പേര്‍ക്കുമെതിരെ കേസ് എടുത്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അമൃത്സര്‍ റൂറല്‍ എസ്എസ്‍പി വിക്രം ജീത് ദുഗ്ഗല്‍ വ്യക്തമാക്കി. ഇവര്‍ക്കെതിരെ പഞ്ചാബിലെ വിവിധ സ്ഥലങ്ങളില്‍ ക്രിസ്തുമത വിശ്വാസികള്‍ പ്രതിഷേധം നടത്തി. ക്രിസ്മസ് രാവില്‍ സംപ്രേഷണം ചെയ്ത പരിപാടിക്കെതിരെ മഹാരാഷ്ട്രയിലെ ബീഡിലും ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. 

വെള്ളിയാഴ്ച സംഭവത്തില്‍ ഫരാ ഖാന്‍ മാപ്പ് പറഞ്ഞിരുന്നു. '' മതങ്ങളെ ഞാന്‍ ബഹുമാനിക്കുന്നു. ഏതെങ്കിലും മതത്തെ അപമാനിക്കണമെന്ന ഉദ്ദേശത്തോടെയായിരുന്നു അത്. മുഴുവന്‍ ടീമിനും വേണ്ടി രവീണ ടണ്ടന്‍, ഭാരകി സിംഗ്,... ഞങ്ങള്‍ ആത്മാര്‍ത്ഥമായി മാപ്പ് പറയുന്നു''. - ഫറാ ഖാന്‍ പറഞ്ഞു. രവീണ ടണ്ടനും സംഭവത്തില്‍ മാപ്പ് പറഞ്ഞിരുന്നു. 

click me!