'താരങ്ങളുടെ പ്രതിഫലം കുറയ്ക്കാൻ തയ്യാര്‍'; സൂചന നല്‍കി 'അമ്മ' സംഘടന

By Web TeamFirst Published Jun 8, 2020, 8:02 AM IST
Highlights

പ്രതിഫലം കുറയ്ക്കാൻ തയ്യാറാണെന്നും അമ്മ ഇക്കാര്യം പരിഗണിക്കുമെന്നും അമ്മ നിര്‍വ്വാഹക സമിതി അംഗം ടിനി ടോം  ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു

കൊച്ചി: കൊവിഡ് പ്രതിസന്ധികളുടെ പശ്ചാത്തലത്തില്‍ മലയാള സിനിമയിലെ താരങ്ങള്‍ പ്രതിഫലം കുറയ്ക്കാൻ തയ്യാറാണെന്ന സൂചന നല്‍കി അമ്മ സംഘടന. പ്രതിഫലം കുറയ്ക്കാൻ തയ്യാറാണെന്നും അമ്മ ഇക്കാര്യം പരിഗണിക്കുമെന്നും അമ്മ നിര്‍വ്വാഹക സമിതി അംഗം ടിനി ടോം  ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. നിര്‍മ്മാതാക്കളുടെ ആവശ്യം ന്യായമാണ്. വിഷയം ചര്‍ച്ച ചെയ്യാന്‍ ഓൺലൈനായി നിര്‍വ്വാഹക സമിതി ചേരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

കൊവിഡ് പ്രതിസന്ധികളുടെ പശ്ചാത്തലത്തില്‍ മലയാള സിനിമയിലെ താരങ്ങളുടെ പ്രതിഫലം കുറയ്ക്കണമെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ നേരത്തെ ആവശ്യപ്പെട്ടിരുന്നു. മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ് കൊവിഡ് 19 ഉണ്ടാക്കിയത്. തിയേറ്ററുകള്‍ എന്ന് തുറക്കുമെന്ന് അറിയില്ല, തുറന്നാലും എത്രത്തോളം ആളുകള്‍ വരുമെന്നതും പ്രതിസന്ധിയാണ്. സാറ്റലൈറ്റ്, ഓവര്‍സീസ് റൈറ്റുകളില്‍ വലിയ കുറവുണ്ടാകും. ഈ സാഹചര്യത്തില്‍ താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും വലിയ അളവില്‍ പ്രതിഫലം കുറയ്ക്കണമെന്നുമാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ നല്‍കിയ കത്തില്‍ ആവശ്യപ്പെടുന്നത്. 

പ്രതിഫലം കുറയ്ക്കണമെന്ന് പരസ്യമായി ആവശ്യപ്പെട്ടു, 'അമ്മ'യ്ക്ക് അതൃപ്തി

അതേ സമയം താരങ്ങളുടെ പ്രതിഫലം കുറയ്ക്കണമെന്ന് പരസ്യമായി ആവശ്യപ്പെട്ടതില്‍ താരസംഘടനയ്ക്ക് അതൃപ്തിയുണ്ട്. ഇക്കാര്യവുമായി ബന്ധപ്പെട്ട് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെതിരെ 'അമ്മ' അംഗങ്ങൾ നേരത്തെ രംഗത്തെത്തിയിരുന്നു. നിർമാതാക്കളുടെ സംഘടന പരസ്യമായി ഇക്കാര്യം ആവശ്യപ്പെട്ടത് ശരിയായില്ല. നേരിട്ട് അറിയിച്ച് കൂടിയാലോചന നടത്താമായിരുന്നു. പല അംഗങ്ങളും ഈ നിലപാടാണ് തങ്ങളെ അറിയിച്ചതെന്നും അമ്മ നേതൃത്വം നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. 

 

 

click me!