കൊച്ചി: കൊവിഡ് പ്രതിസന്ധികളുടെ പശ്ചാത്തലത്തില്‍ മലയാള സിനിമയിലെ താരങ്ങളുടെ പ്രതിഫലം കുറയ്ക്കണമെന്ന് പരസ്യമായി ആവശ്യപ്പെട്ടതില്‍ താരസംഘടനയ്ക്ക് അതൃപ്തി. ഇക്കാര്യവുമായി ബന്ധപ്പെട്ട് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെതിരെ 'അമ്മ' അംഗങ്ങൾ രംഗത്തെത്തി. നിർമാതാക്കളുടെ സംഘടന പരസ്യമായി ഇക്കാര്യം ആവശ്യപ്പെട്ടത് ശരിയായില്ല. നേരിട്ട് അറിയിച്ച് കൂടിയാലോചന നടത്താമായിരുന്നു. പല അംഗങ്ങളും ഈ നിലപാടാണ് തങ്ങളെ അറിയിച്ചതെന്ന് അമ്മ നേതൃത്വം വ്യക്തമാക്കി. ജനറൽ ബോഡി വൈകുന്ന സാഹചര്യത്തിലായിരുന്നു അമ്മ നേതൃത്വം അംഗങ്ങളുമായി ഇന്ന് അനൗപചാരിക കൂടിയാലോചന നടത്തിയത്.

ഭാരവാഹികളിൽ പലരും സംസ്ഥാനത്തിന് പുറത്താണുളളതെന്നും എല്ലാവരുടേയും അഭിപ്രായം കേൾക്കാതെ തീരുമാനമെടുക്കാനാവില്ലെന്നും ജനറൽ ബോഡി വൈകുമെന്നും നേരത്തെ അമ്മ നേതൃത്വം അറിയിച്ചിരുന്നു. മലയാള സിനിമയില്‍ താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും പ്രതിഫലം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ ചലച്ചിത്ര സംഘടനകള്‍ക്ക് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ കത്തയക്കുകയായിരുന്നു. 

താരങ്ങളുടെ പ്രതിഫലം കുറയ്ക്കുമോ,'അമ്മ'യുടെ തീരുമാനം വൈകും

എത്രയും വേഗം പ്രതികരണം അറിയിക്കണമെന്നാണ് കത്തിലുള്ളത്. മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ് കൊവിഡ് 19 ഉണ്ടാക്കിയത്. തിയേറ്ററുകള്‍ എന്ന് തുറക്കുമെന്ന് അറിയില്ല, തുറന്നാലും എത്രത്തോളം ആളുകള്‍ വരുമെന്നതും പ്രതിസന്ധിയാണ്. സാറ്റലൈറ്റ്, ഓവര്‍സീസ് റൈറ്റുകളില്‍ വലിയ കുറവുണ്ടാകും. ഈ സാഹചര്യത്തില്‍ താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും വലിയ അളവില്‍ പ്രതിഫലം കുറയ്ക്കണമെന്നുമാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ കത്തില്‍ ആവശ്യപ്പെടുന്നത്. താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും 25 മുതല്‍ 50 ശതമാനം വരെ പ്രതിഫലം കുറയ്ക്കണമെന്നാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍റെ താല്‍പര്യം.