
'അമ്മ'യുടെ ആഭ്യന്തര പരാതി പരിഹാര സെല്ലിൽ നിന്നും നടി ശ്വേത മേനോനും, കുക്കു പരമേശ്വരനും രാജി വച്ചു. വിജയ് ബാബുവിനോടുള്ള അമ്മയുടെ മൃദു സമീപനത്തിൽ പ്രതിഷേധിച്ചാണ് രാജി. ഇരയുടെ പേര് വെളിപ്പെടുത്തിയ വിജയ് ബാബുവിനെ അമ്മയുടെ എക്സിക്യൂട്ടീവ് കൗണ്‍സലിൽ നിന്ന് മാറ്റി നിർത്തണം എന്നായിരുന്നു ശ്വേത മേനോൻ അധ്യക്ഷയായ ആഭ്യന്തര പരാതി പരിഹാര സെൽ ശുപാർശ നൽകിയിരുന്നത്. ഇത് അംഗീകരിക്കുന്നതിന് പകരം, വിജയ് ബാബുവിൽ നിന്ന് കത്തെഴുതി വാങ്ങി, 'അമ്മ' എക്സിക്യൂട്ടീവ് കൗണ്സില് നിന്ന് ഒഴിവാക്കിയതിൽ പ്രതിഷേധിച്ചാണ് രാജി. നടി മാല പാർവതിയും കഴിഞ്ഞ ദിവസം രാജി വച്ചിരുന്നു. (Vijay Babu case).
'അമ്മ' ഐസിസി കമ്മിറ്റിയിൽ നിന്ന് രാജി വച്ച തീരുമാനത്തിൽ വ്യക്തത വരുത്തി മാലാ പാർവ്വതി കഴിഞ്ഞ ദിവസം തന്നെ രംഗത്ത് എത്തിയിരുന്നു. വിജയ് ബാബുവിനെതിരായ തീരുമാനം അച്ചടക്ക നടപടിയല്ലെന്ന് മാലാ പാർവ്വതി പറഞ്ഞു. വിജയ് ബാബുവിന്റെ എഫ്ബി ലൈവ് എല്ലാവരും കണ്ടതാണ്. അതുകൊണ്ടുതന്നെ അച്ചടക്ക നടപടി എടുക്കാൻ 'അമ്മ' ആഭ്യന്തര പരാതി പരിഹാര സെല്ലിന് (ഐസിസി) ഉത്തരവാദിത്വം ഉണ്ട്. നിലവിൽ എടുത്തത് അച്ചടക്ക നടപടി ആവില്ല. ഇത്തരത്തിൽ ഐസിസിയിൽ തുടരനാകില്ലെന്നും മാലാ പാർവ്വതി വ്യക്തമാക്കി.
ഐസിസിയിൽ നിന്ന് ശ്വേത മേനോനും കുക്കു പരമേശ്വരനും രാജിവയ്ക്കും എന്ന് അറിയിച്ചിട്ടുണ്ടെന്നും മാലാ പാര്‍വതി കഴിഞ്ഞ ദിവസം തന്നെ പറഞ്ഞിരുന്നു. 'അമ്മ' പുറത്തിറക്കിയ പ്രെസ് റിലീസ് കണ്ടതിൽ പിന്നെയാണ് തീരുമാനം. വിജയ് ബാബു സ്വമേധയാ മാറുന്നു എന്നായിരുന്നു പ്രസ്സ് റിലീസിൽ നൽകിയിരുന്നത്. മാറി നിൽക്കാൻ അമ്മ ആവശ്യപ്പെട്ടു എന്ന് വാക്ക് പ്രസ് റിലീസിൽ ഇല്ല. എക്സിക്യൂട്ടീവ് കൗണ്‍സിലിൽ നിന്ന് മാറ്റി നിർത്തണം എന്നാണ് ഐസിസി ആവശ്യപ്പെട്ടത്. ഈ ശുപാർശ അംഗീകരിക്കും എന്നാണ് കരുതിയിരുന്നത്. വിജയ് ബാബുവിന്റെ രാജി 'അമ്മ' ആവശ്യപ്പെട്ടു എന്നൊരു വാക്ക് ഉണ്ടായിരുന്നെങ്കിൽ താൻ ഐസിസിയില്‍ നിന്ന് രാജി വയ്ക്കില്ലയിരുന്നുവെന്നും അവർ പറഞ്ഞു.
ഐസിസി പറഞ്ഞത് പ്രകാരമല്ലേ വിജയ് ബാബു മാറി നിൽക്കുന്നത് എന്നാണ് എക്സിക്യൂട്ടീവ് കമ്മിറ്റി ചോദിച്ചത്. എന്നാൽ പ്രസ് റിലീസിൽ പറയുന്ന കാര്യം സമൂഹത്തിന് ശരിയായ സന്ദേശം നൽകില്ല. ഇത് ലോക്കേഷനിൽ നടന്ന കാര്യമല്ല, സംഘടനയിൽ ഉള്ള കാര്യം അല്ല എന്നീ വാദങ്ങളാണ് അമ്മ ഉന്നയിച്ചത്. പരാതി പരിഹാര സെൽ വയ്‌ക്കേണ്ട കാര്യം 'അമ്മ'യ്ക്ക് ഇല്ല. പക്ഷേ ഐസിസിയിൽ വച്ചാൽ നിദ്ദേശിച്ച നടപടി ക്രമങ്ങൾ പാലിക്കണം. ഐ സി സി സ്വയംഭരണ സംവിധാനമാകണം. അങ്ങനെ അല്ലാത്തത് ആണ് പ്രശ്‍നം എന്നും മാലാ പാർവ്വതി പറഞ്ഞു. രാജി വയ്ക്കരുതെന്ന് സുധീർ കരമന ആവശ്യപ്പെട്ടുവെന്നും അവർ കൂട്ടിച്ചേർത്തു.
Read More : പി രാജീവിന്റെ വാദങ്ങളെ ഖണ്ഡിച്ച് ഡബ്ല്യുസിസി, മന്ത്രിക്ക് നല്‍കിയ കത്ത് പുറത്തുവിട്ടു
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടരുതെന്ന് ഡബ്ല്യുസിസി തന്നെ ആവശ്യപ്പെട്ടെന്ന് മന്ത്രി പി രാജീവ് പറഞ്ഞിരുന്നു. ഇംഗ്ലീഷ് പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് പി രാജീവിന്‍റെ വെളിപ്പെടുത്തൽ. കമ്മിഷൻ ഓഫ് എൻക്വയറി ആക്റ്റിന് കീഴിൽ അല്ലാത്തതിനാൽ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടേണ്ട ആവശ്യമില്ലെന്നും മന്ത്രി പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടരുതെന്ന് ഡബ്ല്യുസിസി അവശ്യപ്പെട്ടിട്ടില്ലെന്ന് ഡബ്ല്യുസിസി അംഗം ദീദി ദാമോദരൻ പറഞ്ഞു. സിനിമ സംഘടനകളിൽ നിന്ന് ഒരു കാലത്തും നീതി കിട്ടിയിട്ടില്ലെന്നും ദീദി ദാമോദരൻ പ്രതികരിച്ചു. മന്ത്രി പി രാജീവുമായി തങ്ങള്‍ നടത്തിയ മീറ്റിംഗില്‍ സമര്‍പ്പിച്ച കത്ത് സാമൂഹ്യമാധ്യമത്തിലൂടെ പുറത്തുവിട്ടും ഡബ്ല്യുസിസി നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ രേഖപ്പെടുത്തിയ കേസ് സ്റ്റഡികളും, (അതിജീവതകളുടെ പേരും മറ്റു സൂചനകളും ഒഴിവാക്കിക്കൊണ്ടു തന്നെ ), കണ്ടെത്തലുകളും ഞങ്ങൾക്ക് അറിയേണ്ടതുണ്ടെന്നാണ് കത്തില്‍ പറയുന്നത്.
ഡബ്ല്യുസിസിയുടെ ഫേസ്ബുക്ക് പോസ്റ്റ്
ബഹുമാനപ്പെട്ട മന്ത്രി രാജീവുമായി ഞങ്ങൾ നടത്തിയ മീറ്റിങ്ങിൽ (21-01-2022) സമർപ്പിച്ച കത്തിന്റെ പൂർണ്ണരൂപം ഇവിടെ പോസ്റ്റ് ചെയ്യുന്നു.
ഹേമ കമ്മിഷൻ റിപ്പോർട്ടിനെ ഞങ്ങൾ ഏറെ ഗൗരവത്തോടെയാണ് കാണുന്നത്. ഏറെ പണവും സമയവും ചിലവഴിച്ച് തയ്യാറാക്കിയ റിപ്പോർട്ട് സമർപ്പിക്കാതെ നീണ്ടു പോയപ്പോൾ ഞങ്ങൾ സാധ്യമായ എല്ലാ സർക്കാർ ഇടങ്ങളിലും അതിനായി ആവശ്യപ്പെട്ടിരുന്നു. അവസാനം സമർപ്പിച്ച റിപ്പോർട്ടിൽ ഗവൺമെന്റ് നിശബ്‍ദമായിരുന്നപ്പോൾ ഞങ്ങൾ അതിനെതിരെ തുടരെ ശബ്‍ദമുയർത്തിയിരുന്നു. കമ്മിറ്റി റിപ്പോർട്ടു മുന്നോട്ടു വെക്കുന്ന ഗൗരവപ്പെട്ട വിഷയങ്ങൾ മൂടിവെച്ച് നിർദേശങ്ങൾ മാത്രം പുറത്തു വിട്ടാൽ പോര.
അതിൽ രേഖപ്പെടുത്തിയ കേസ് സ്റ്റഡികളും, (അതിജീവതകളുടെ പേരും മറ്റു സൂചനകളും ഒഴിവാക്കിക്കൊണ്ടു തന്നെ ), കണ്ടെത്തലുകളും ഞങ്ങൾക്ക് അറിയേണ്ടതുണ്ട്. അതിനാലാണ് ഹേമ കമ്മിറ്റിയുടെ നിർദ്ദേശങ്ങൾ മാത്രം ചർച്ച ചെയ്‍ത് കമ്മിറ്റികൾ ഒന്നിനു പുറകെ ഉണ്ടാക്കിയിട്ട് കാര്യമില്ല എന്നു ഞങ്ങൾ പറയുന്നത്. ഹേമ കമ്മിറ്റി മുന്നോട്ടുവെച്ചു നിർദ്ദേശങ്ങളിൽ അവർ എത്താനുണ്ടായ കാരണം പൊതു ജനങ്ങൾക്ക് അറിയേണ്ടതുണ്ട്. മാത്രവുമല്ല ഗവൺമെന്റ് പുറത്തു വിടുന്ന കമ്മിറ്റിയുടെ രൂപം ഹേമ കമ്മിറ്റി അംഗങ്ങൾ സാക്ഷ്യപ്പെടുത്തേണ്ടതുണ്ട്, അതിപ്രധാനമാണ്.
ഹേമ കമ്മിറ്റി റിപ്പോർട്ട് പരസ്യപ്പെടുത്താന്‍ ഡബ്ല്യുസിസി ആവശ്യപ്പെട്ടിട്ടില്ലെന്ന വാദത്തില്‍ ഉറച്ച് നില്‍ക്കുകയാണ് പി രാജീവ്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടണമെന്ന് ഡബ്ല്യുസിസി നിലപാട് എടുത്തിട്ടില്ല. ശുപാർശകൾ നടപ്പിലാക്കണമെന്നാണ് ആവശ്യപ്പെട്ടത്. താനുമായുള്ള കൂടിക്കാഴ്ചയിലും ഇക്കാര്യം പറഞ്ഞിരുന്നു. ഇത് ആവർത്തിക്കുക മാത്രമാണ് താൻ ചെയ്‍തതെന്ന് പി രാജീവ് മാധ്യമങ്ങളോട് പറഞ്ഞു. രഹസ്യ സ്വഭാവത്തിലാണ് എല്ലാവരും മൊഴി നൽകിയത്. ഇത് പരസ്യമാക്കാൻ പലരും താത്‌പര്യപ്പെടുന്നില്ലെന്നും മന്ത്രി വിശദീകരിച്ചു. ഡബ്ല്യുസിസി നിലപാട് മാറ്റിയോ എന്നറിയില്ലെന്നും പി രാജീവ് പ്രതികരിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കാൻ വിട്ടുവീഴ്ചയില്ലാത്ത ശ്രമം സർക്കാരിന്റെ ഭാഗത്തുനിന്നുണ്ട്. നടപടിക്രമം പാലിച്ച് മാത്രമേ ഇക്കാര്യം ചെയ്യാനാകൂ. പല്ലും നഖവുമുള്ള നടപടികൾക്കാണ് സർക്കാരിന്റെ ശ്രമമെന്നും പി രാജീവ് കൂട്ടിച്ചേര്‍ത്തു.
പി രാജീവിന്റെ പ്രതികരണം തള്ളി ഡബ്ല്യുസിസിക്ക് വേണ്ടി ആദ്യം രംഗത്ത് എത്തിയത് ദീദി ദാമോദരനാണ്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടരുതെന്ന് ഡബ്ല്യുസിസി അവശ്യപ്പെട്ടിട്ടില്ലെന്ന് ഡബ്ല്യുസിസി അംഗം ദീദി ദാമോദരൻ പറഞ്ഞു. സിനിമ സംഘടനകള്‍ക്ക് എതിരെയും ദീദി ദാമോദരൻ രംഗത്ത് എത്തിയിരുന്നു വിജയ് ബാബുവിനെതിരെ ഒരു പ്രസ്താവന പോലും 'അമ്മ' ഇറക്കിയില്ല. ഈ രംഗത്തെ പലരും മൗനം തുടരുകയാണ്. ഇത് കുറ്റവാളിക്കൊപ്പം നിൽക്കുന്നതിന് തുല്യമാണ്. ഇത്രയും ഹീനമായ കാര്യം നടന്നിട്ടും നിശബ്‍ദമായി ഇരിക്കാം എന്ന് ആര് തീരുമാനിച്ചാലും അത് തെറ്റിന് കൂടെ നിൽക്കുന്നതിന് തുല്യമാണെന്ന് ദീദി ദാമോദരൻ പറഞ്ഞു.
രണ്ട് വർഷം മുമ്പ് സർക്കാരിന് സമർപ്പിക്കപ്പെട്ട ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് എന്തുകൊണ്ട് നിയമസഭയുടെ മേശപ്പുറത്ത് വയ്ക്കുന്നില്ല എന്നും, എന്തുകൊണ്ട് റിപ്പോർട്ടിൻമേൽ നടപടി എടുക്കുന്നില്ല എന്നും ഡബ്ല്യുസിസി അടക്കമുള്ള സംഘടനകൾ ചോദ്യം ഉന്നയിച്ചിരുന്നു. എന്നാൽ ജസ്റ്റിസ് ഹേമയുടെ നേതൃത്വത്തിൽ രൂപീകരിച്ചത് കമ്മീഷനല്ല, കമ്മിറ്റിയാണെന്നും, അതിനാൽത്തന്നെ നിയമസഭയിൽ വയ്ക്കാൻ ബാധ്യതയില്ലെന്നുമുള്ള സാങ്കേതികന്യായമാണ് സർക്കാർ മുന്നോട്ടുവയ്ക്കുന്നത്. മാത്രമല്ല, നിലവിലുള്ള റിപ്പോർട്ട് പഠിക്കാൻ ഒരു സമിതിയെ സര്‍ക്കാര്‍ നിയോഗിക്കുകയും ചെയ്‍തിരുന്നു.