കുടുംബസമേതം പൊട്ടിച്ചിരിപ്പിച്ച് 'വ്യസനസമേതം ബന്ധുമിത്രാദികൾ'

Published : Jun 13, 2025, 06:42 PM ISTUpdated : Jun 13, 2025, 06:43 PM IST
vyasana Sametham Bandhumithradhikal

Synopsis

തിരക്കഥയും സംവിധാനവും ഒരുപോലെ കൈകാര്യം ചെയ്തിരിക്കുന്ന എസ് വിപിന്റെ തിരക്കഥ തന്നെയാണ് ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ്.

സ്. വിപിൻ സംവിധാനം ചെയ്ത് അനശ്വര രാജൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച 'വ്യസനസമേതം ബന്ധുമിത്രാദികൾ' പ്രദർശനത്തിനെത്തി മികച്ച പ്രേക്ഷകാഭിപ്രായം നേടുന്നു. ഒരു മരണ വീടിനെ പശ്ചാത്തലമാക്കി കഥ പറയുന്ന ചിത്രമാണ് 'വ്യസനസമേതം ബന്ധുമിത്രാദികൾ‘. തിരുവനന്തപുരത്തിന്റെ ഗ്രാമ്യ ഭാഷയിലുടനീളം സഞ്ചരിക്കുന്ന ചിത്രം ചെറിയൊരു വിഷയത്തെ വികസിപ്പിച്ചതിൽ ഹ്യൂമർ കലർത്തി കൊണ്ടാണ് അവതരിപ്പിച്ചിരിക്കുന്നത്.

പ്രേക്ഷകരെ വളരെയധികം ചിരിപ്പിക്കുന്ന ചിത്രം ഒരു മുഴുനീള കോമഡി എന്റെർറ്റൈനർ കൂടിയാണ്. നമുക്ക് ചുറ്റുമുള്ള ഓരോ വീട്ടിലും, നമ്മുടെ സമൂഹത്തിലുമൊക്കെ സാധാരണ നടക്കാറുള്ള വളരെ നിസ്സാരമായ കാര്യങ്ങളെ പോലും സിനിമ അതീവ ശ്രദ്ധയോടെ അവതരിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ സാധാരണക്കാർക്ക് പോലും അവരുടെ ജീവിതത്തിൽ ഒരു തവണ എങ്കിലും ഒരു മരണ വീട്ടിൽ പോയിട്ടുണ്ടെങ്കിൽ റിലേറ്റ് ചെയ്യാൻ പറ്റുന്ന സിനിമ കൂടിയാണ് 'വ്യസനസമേതം ബന്ധുമിത്രാദികൾ‘.

ചിത്രത്തിൽ അനശ്വരയുടെ അഞ്ജലിയെന്ന കഥാപാത്രവും അതോടൊപ്പം മറ്റു കഥാപാത്രങ്ങൾ ചെയ്ത മല്ലിക സുകുമാരന്‍, നോബി മാര്‍ക്കോസ്, അസീസ് നെടുമങ്ങാട്, ജോമോന്‍ ജ്യോതിര്‍, സിജു സണ്ണി, ബൈജു സന്തോഷ്, അശ്വതി കിഷോർ ചന്ദ്, അരുൺ കുമാർ, ദീപു നാവായിക്കുളം, അജിത് കുമാർ തുടങ്ങിയ എല്ലാവരും അവരുടെ പ്രകടനങ്ങൾ മികച്ചതാക്കി. ഇതിൽ എടുത്ത് പറയേണ്ടത് ജോമോന്‍ ജ്യോതിറിന്റെ കോമഡി പെർഫോമൻസാണ്.

തിരക്കഥയും സംവിധാനവും ഒരുപോലെ കൈകാര്യം ചെയ്തിരിക്കുന്ന എസ് വിപിന്റെ തിരക്കഥ തന്നെയാണ് ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ്. ഏതൊരു ചെറിയ വിഷയത്തിലും നർമ്മം കണ്ടെത്താനുള്ള എഴുത്തുകാരന്റെ കഴിവ് തന്നെയാണ് പ്രേക്ഷകരും എടുത്തു പറയുന്നത്. കോമഡി എന്റെർറ്റൈനർ എന്ന നിലക്ക് ചിത്രം പ്രേക്ഷകരിലേക്ക് ശരിയായ ഇമ്പാക്ട് ഉണ്ടാക്കുന്നതിൽ അങ്കിത് മേനോന്റെ സംഗീതവും സഹായകരമായിട്ടുണ്ട്. റഹിം അബൂബക്കറിന്റെ ചായാഗ്രഹണ മികവും എടുത്തു പറയേണ്ടതാണ്. മരണവീട്ടിലേക്ക് വ്യസനം കൂടാനെത്തിയ ബന്ധുമിത്രാദികളെ രസചരട് മുറിയാത്ത വിധത്തിൽ ക്യാമറയിൽ പകർത്തുന്നതിൽ റഹിം അബൂബക്കറും ചിത്രത്തെ കൃത്യമായി കോമഡി ട്രാക്കിലേക്ക് എത്തിക്കുന്നതിൽ എഡിറ്റർ ജോൺകുട്ടിയും സഹായകരമായിട്ടുണ്ട്. 

സിനിമയുടെ പശ്ചാത്തലം, കഥ പറയുന്ന രീതി തുടങ്ങിയവയെല്ലാം ശ്രദ്ധയോടെയാണ് കൈകാര്യം ചെയ്തിരിക്കുന്നത്. കലാസംവിധായകന്റെ കരവിരുതുകള്‍ ഉള്‍പ്പെടെ അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നുണ്ട്. ഒരു വീടും പറമ്പും കുറേ ബന്ധുക്കളുമൊക്കെയായി ഒട്ടും ബോറടിപ്പിക്കാതെ മുമ്പോട്ടു പോകുന്ന സിനിമ 'വാഴ' എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഡബ്ല്യുബിടിഎസ് പ്രൊഡക്ഷൻസ് തെലുങ്കിലെ പ്രശസ്ത നിർമ്മാണ കമ്പനിയായ ഷൈൻ സ്ക്രീൻസ് സിനിമയുമായി സഹകരിച്ച് വിപിൻ ദാസ്, സാഹു ഗാരപാട്ടി എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.

അവകാശവാദങ്ങളൊന്നുമില്ലാതെ എത്തിയ ചിത്രമാണ് 'വ്യസനസമേതം ബന്ധുമിത്രാദികൾ. അതേസമയം പ്രീ റിലീസ് പ്രൊമോഷനിലൂടെ പ്രേക്ഷകരില്‍ പ്രതീക്ഷയും ഉണര്‍ത്തിയിരുന്നു. ആ പ്രതീക്ഷകളെ വൃഥാവിലാക്കുന്നില്ല ഈ ചിത്രം. പ്രതീക്ഷയുടെ അമിതഭാരങ്ങൾ മാറ്റി വെച്ചാൽ കുടുംബസമേതം കണ്ടാസ്വദിക്കാവുന്ന ചിത്രമാണ് 'വ്യസനസമേതം ബന്ധുമിത്രാദികൾ'.

PREV
Read more Articles on
click me!

Recommended Stories

"പലരും നമുക്കിടയില്‍ ഒരു മുഖംമൂടി ധരിച്ചുകൊണ്ട് നില്‍ക്കുകയാണെന്ന് തോന്നിയിട്ടുണ്ട്": ജിതിൻ ജോസ്
റിലീസ് 1999ന്, ബ്ലോക് ബസ്റ്റർ ഹിറ്റ്; 26 വർഷങ്ങൾക്കിപ്പുറവും 'പുതുപടം' ഫീൽ; ആ രജനി ചിത്രം വീണ്ടും തിയറ്ററിൽ