'എന്റെ പേരിന്റെ ഭംഗിക്കാണ് അന്ന് 'മേനോന്‍' ചേര്‍ത്തത്, പക്ഷേ മകന്റെ പേരില്‍ അതുണ്ടാവില്ല'

By Web TeamFirst Published Nov 2, 2019, 3:45 PM IST
Highlights

'15- 20 കൊല്ലം മുന്‍പ് ആ വാല്‍കഷ്ണം ഒരു ജാതിയുടെ തലക്കനമായിട്ടൊന്നും തോന്നിയിരുന്നില്ല. പറയാനും, എഴുതാനും അഴകുള്ള ഒരു പേര്. അത്രയേ തോന്നിയുള്ളു.'
 

'മേനോന്‍' എന്ന ജാതിവാല്‍ തന്റെ പേരിനൊപ്പം ചേര്‍ത്തത് സിനിമാമോഹം തുടങ്ങിയ കാലത്താണെന്ന് നടന്‍ അനീഷ് ജി മേനോന്‍. എന്നാല്‍ ഇന്നത്തെ സാമൂഹിക സാഹചര്യത്തില്‍ അവ ഭാരമായി തോന്നുന്നുവെന്നും അതിനാല്‍ മകന്റെ പേരിനൊപ്പം 'മേനോന്‍' ചേര്‍ത്തിട്ടില്ലെന്നും അദ്ദേഹം പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അനീഷ് ജി മേനോന്റെ പ്രതികരണം.

അനീഷ് ജി മേനോന്റെ ഫേസ്ബുക്ക് പോസ്റ്റ്

മേനോന്‍/ നായര്‍ വാലുകളില്ലാതെ 'അനീഷ്' എന്ന പേര് മാത്രമാണ് പേരിടല്‍ ചടങ്ങിന് എന്റെ അച്ഛന്‍ എന്റെ കാതില്‍ വിളിച്ച പേര്. പിന്നീട്, ഒന്നാം ക്ലാസ്സ് മുതല്‍ പത്താം ക്ലാസ്സ് കഴിയുന്നത് വരെ സ്‌കൂള്‍ രജിസ്റ്ററില്‍ അനീഷ്.ജി എന്നായി പേര്. മാട്ട- മിമിക്രി സ്റ്റേജുകളില്‍ നിന്ന് 'കെ.പി.എ.സി' -യില്‍ നാടകം കളിക്കാന്‍ എത്തിയപ്പോഴും ആ പേര് മാറ്റമില്ലാതെ തുടര്‍ന്നു.

സിനിമാ മോഹം മനസ്സില്‍ ഉരുത്തിരിഞ്ഞു വന്നപ്പോള്‍ മുതല്‍ 'അനീഷ്.ജി' എന്ന പേരിന് കുറച്ചൂടെ ഭംഗി ഉണ്ടാക്കാം എന്ന് തോന്നുകയും പേരിനൊപ്പം
'മേനോന്‍' എന്ന വാല്‍കക്ഷ്ണംകൂടെ കൂട്ടിച്ചേര്‍ത്ത് 'അനീഷ്.ജീ.മേനോന്‍' എന്ന നീളമുള്ള പേരില്‍ അറിയപ്പെടാനും ഞാന്‍ ആഗ്രഹിച്ചു. പക്ഷേ 15- 20 കൊല്ലം മുന്‍പ് ആ വാല്‍കഷ്ണം ഒരു ജാതിയുടെ തലക്കനമായിട്ടൊന്നും തോന്നിയിരുന്നില്ല. പറയാനും, എഴുതാനും അഴകുള്ള ഒരു പേര്. അത്രയേ തോന്നിയുള്ളു. ഇന്നത്തെ സാമൂഹിക സാഹചര്യത്തില്‍ ഇത്തരം ചില surnames ഭാരമായി തോന്നുന്നത് സ്വാഭാവികമാണല്ലോ. ഈ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ഇന്ന് എന്റെ മകന്റെ പേരിടല്‍ ചടങ്ങിന് ഞാനവനെ ജാതി-മത അടയാളങ്ങള്‍ ഇല്ലാതെ 'ആര്യാന്‍' എന്ന് പേരുചൊല്ലി വിളിച്ചു.

 

click me!