ജോഷി ചിത്രത്തില്‍ ദിലീപ് ദൃശ്യമാധ്യമ പ്രവര്‍ത്തകന്‍?

By Web TeamFirst Published Nov 2, 2019, 1:58 PM IST
Highlights

നേരത്തേ ശ്രീബാല കെ മേനോന്‍ സംവിധാനം ചെയ്ത 'ലവ് 24 7' എന്ന ചിത്രത്തില്‍ ദിലീപ് ദൃശ്യമാധ്യമ പ്രവര്‍ത്തകന്റെ റോളില്‍ എത്തിയിട്ടുണ്ട്. പി സുകുമാര്‍ സംവിധാനം ചെയ്ത സ്വന്തം ലേഖകന്‍ എന്ന ചിത്രത്തില്‍ അദ്ദേഹം പത്രലേഖകനായും എത്തിയിരുന്നു.

നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ജോഷി എന്ന പ്രഗത്ഭ സംവിധായകന്റെ തിരിച്ചുവരവ് ചിത്രമായിരുന്നു 'പൊറിഞ്ചു മറിയം ജോസ്'. ജോജു ജോര്‍ജും ചെമ്പന്‍ വിനോദ് ജോസും നൈല ഉഷയും ടൈറ്റില്‍ കഥാപാത്രങ്ങളായെത്തിയ ചിത്രം ബോക്‌സ് ഓഫീസില്‍ മികച്ച വിജയവും നേടി. 'പൊറിഞ്ചു'വിന് ശേഷം ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദിലീപ് ആണ് നായകനെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇപ്പോഴിതാ ചിത്രത്തില്‍ ദിലീപിന്റെ കഥാപാത്രത്തെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങളും പുറത്തുവരുന്നു.

ജോഷിയുടെ പുതിയ ചിത്രത്തില്‍ ദിലീപ് ഒരു ദൃശ്യമാധ്യമ പ്രവര്‍ത്തകന്റെ റോളിലാണ് എത്തുകയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സിനിമയുടെ പേര് 'ഓണ്‍ എയര്‍' എന്നാണെന്നും വിവരം. നവാഗതരായ ഇരട്ട തിരക്കഥാകൃത്തുക്കളാണ് രചനയെന്നും അടുത്ത ജനുവരിയില്‍ ചിത്രീകരണം ആരംഭിച്ചേക്കുമെന്നും സ്ഥിരീകരിക്കാത്ത വിവരമുണ്ട്. നേരത്തേ ശ്രീബാല കെ മേനോന്‍ സംവിധാനം ചെയ്ത 'ലവ് 24 7' എന്ന ചിത്രത്തില്‍ ദിലീപ് ദൃശ്യമാധ്യമ പ്രവര്‍ത്തകന്റെ റോളില്‍ എത്തിയിട്ടുണ്ട്. പി സുകുമാര്‍ സംവിധാനം ചെയ്ത സ്വന്തം ലേഖകന്‍ എന്ന ചിത്രത്തില്‍ അദ്ദേഹം പത്രലേഖകനായും എത്തിയിരുന്നു.

 

ദിലീപിനെ നായകനാക്കി റണ്‍വേ, ലയണ്‍, ജൂലൈ 4, അവതാരം എന്നീ സിനിമകള്‍ ജോഷി നേരത്തേ സംവിധാനം ചെയ്തിട്ടുണ്ട്. ജോഷിയുടെ മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങളായ ക്രിസ്ത്യന്‍ ബ്രദേഴ്‌സിലും ട്വന്റി:20യിലും ദിലീപിന് ശ്രദ്ധേയ വേഷങ്ങളും ഉണ്ടായിരുന്നു. ട്വന്റി 20യുടെ നിര്‍മ്മാണവും ദിലീപ് ആയിരുന്നു. വന്‍ ഹിറ്റായിരുന്ന റണ്‍വേയിടെ ദിലീപ് കഥാപാത്രത്തിന്റെ രണ്ടാംവരവ് 'വാളയാര്‍ പരമശിവം' എന്ന പേരില്‍ ജോഷി സിനിമയാക്കുമെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ജോഷി അടുത്ത് സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം ഇതാവില്ല. 

click me!