തന്റെ ജീവിതം ബുദ്ധിമുട്ടേറിയ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് റുഷിൻ പുതിയ വ്ളോഗിൽ പറയുന്നത്.
സംവിധായകൻ ഷാജി കൈലാസിന്റെയും നടി ആനിയുടെയും മൂന്നാമത്തെ മകനാണ് റുഷിൻ ഷാജി കൈലാസ്. സിനിമയിൽ വരവറിയിച്ചെങ്കിലും ഇതുവരെ ഈ മേഖലയിൽ പേരെടുക്കാൻ റുഷിന് കഴിഞ്ഞിട്ടില്ല. ഇതിനിടെ യൂട്യൂബ് ചാനലുമായും റുഷിൻ എത്തിയിരുന്നു. തന്റെ ജീവിതം ബുദ്ധിമുട്ടേറിയ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് റുഷിൻ പുതിയ വ്ളോഗിൽ പറയുന്നത്.

''ഇവനെന്താണ് ഇത്ര ബുദ്ധിമുട്ട് എന്ന് നിങ്ങളിൽ ചിലർ ചിന്തിക്കുന്നുണ്ടാകും. ഞാനൊരു നെപ്പോ കിഡ് ആണ്. എന്റെ അച്ഛനെയും അമ്മയെയും വെച്ചിട്ടാണ് ഞാൻ അറിയപ്പെടുന്നത്. അതിൽ എനിക്ക് അഭിമാനമുണ്ട്. പക്ഷേ അച്ഛനെയും അമ്മയെയും വെച്ച് നമ്മുടെ ജീവിതം മുൻപോട്ട് കൊണ്ടുപോകാൻ പറ്റുമോ? ഇനിയെന്ത് എന്ന പ്രതിസന്ധിഘട്ടത്തിൽ നിൽക്കുന്ന വ്യക്തിയാണ് ഞാൻ. അടുത്ത വീഡിയോയ്ക്കുള്ള കണ്ടന്റ് പോലും കിട്ടുന്നില്ല. സ്ട്രസ് അടിച്ച് മുടി വരെ കുറഞ്ഞു. ഇരുപത്തിയൊന്ന് വയസിൽ മുടി കൊഴിയുന്നത് അത്ര നല്ലതല്ല. എന്റെ പ്രായത്തിലുള്ള പലരും ഈ പ്രശ്നങ്ങൾ നേരിടുന്നുണ്ട്. സ്ട്രസ് മറികടക്കാൻ മാസ്റ്റേഴ്സ് ചെയ്യാൻ പോയാലോയെന്ന് ഞാൻ ചിന്തിച്ച് തുടങ്ങി. അതിനൊപ്പം എനിക്ക് വ്ലോഗിങും ചെയ്യാം. ഇതൊക്കെ കേട്ട് എനിക്ക് വട്ടാണോയെന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടാകും. പക്ഷെ ഇതൊക്കെ എന്റെ ഒരു പ്രശ്‍നമാണ്. എന്റെ പ്രായത്തിലുള്ള പലർക്കും ഈ പ്രശ്നമുണ്ട്. മുന്നോട്ട് പോകാൻ ഒരു വഴിയില്ല.
യുട്യൂബ് ചാനൽ തുടങ്ങിയെങ്കിലും അച്ഛനും അമ്മയും ഉൾപ്പെടുന്ന വീഡിയോസിന് മാത്രമെ വ്യൂസ് ഉള്ളു. അവരെ കാണാനെ ആളുകൾക്ക് ഇന്ററസ്റ്റുള്ളു. എന്നെ കാണാൻ താൽപര്യമില്ല. ഞങ്ങളുടെ വീട്ടിൽ നടക്കുന്ന കാര്യങ്ങളും കാണാനാണ് എല്ലാവർക്കും താൽപര്യം. ഞാൻ ഒരു ഇൻട്രോവർട്ടാണ്. അതിന്റെ പ്രശ്‍നങ്ങളുമുണ്ട്. ഇത്രയും സംസാരിച്ചത് തന്നെ എങ്ങനെയാണെന്ന് എനിക്ക് ഐഡിയ ഇല്ല. എനിക്ക് എന്തെങ്കിലും സജഷൻ ഉണ്ടെങ്കിൽ തരിക'', റുഷിൻ വീഡിയോയിൽ പറഞ്ഞു.
