ആര്‍ജെ ബിൻസിയെ കുറിച്ച് ശൈത്യ.
ബിഗ് ബോസ് മലയാളം സീസൺ 7 ലൂടെ പലർക്കും സുപരിചിതയായ വ്യക്തിയാണ് ആർജെ ബിൻസി. അവതാരകരെ കണ്ടെത്താനുള്ള സ്വകാര്യ ചാനൽ റിയാലിറ്റി ഷോയിലൂടെയാണ് ബിൻസി ആദ്യം ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് ബിഗ് ബോസിലൂടെ കൂടുതൽ പ്രശസ്‍തയാകുകയായിരുന്നു. സമൂഹമാധ്യമങ്ങളിലും സജീവമാണ് ബിൻസി. കുടുംബാംഗങ്ങൾക്കും ബിഗ് ബോസ് സുഹൃത്തുക്കൾക്കുമൊപ്പം പിറന്നാൾ ആഘോഷിക്കുന്ന ബിൻസിയുടെ വീഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു. ആദ്യമായാണ് ഇത്തരത്തിൽ താൻ പിറന്നാൾ ആഘോഷിക്കുന്നതെന്ന് ബിൻസി പറയുന്നു. ബിൻസിയുടെ പിറന്നാളിന് പാട്ടു പാടി, ബിൻസിയെക്കുറിച്ച് വികാരാധീനയായി സംസാരിക്കുന്ന ഉറ്റസുഹൃത്തും ബിഗ്ബോസ് താരവുമായ ശൈത്യ സന്തോഷിന്റെ വീഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു. കണ്ണു നിറഞ്ഞാണ് ബിൻസിയെക്കുറിച്ച് ശൈത്യ സംസാരിക്കുന്നത്. ശൈത്യയുടെ വാക്കു കേട്ട് ബിൻസിയുടെയും കണ്ണു നിറയുന്നത് കാണാം.

ഞാൻ കുറച്ച് ഇമോഷണൽ ആയിപ്പോകുമായിരിക്കും, ഒന്നും തോന്നരുതെന്ന് പറഞ്ഞാണ് ശൈത്യ സംസാരിച്ചുതുടങ്ങുന്നത്. തുടർന്ന് വാഴ എന്ന സിനിമയിലെ 'തമ്മിൽ പിണങ്ങിപ്പോകല്ലേ..' എന്ന പാട്ടും ശൈത്യ പാടുന്നുണ്ട്. ''ഞാൻ കുറേ ഡൗൺ ആയിട്ടിരുന്ന സമയത്തൊക്കെ ബിൻസി എന്നെ ഒരുപാട് മോട്ടിവേറ്റ് ചെയ്‍തിട്ടുണ്ട്. നല്ല നിലയിൽ എത്തണം എന്ന് അവൾക്ക് ഒരുപാട് ആഗ്രഹമുണ്ട്. ഒരുപാടൊരുപാട് ആഗ്രഹങ്ങൾ ഉള്ളിലുള്ള ആളാണ്. നിന്റെ ആഗ്രഹങ്ങളൊക്കെ നടക്കട്ടെ. നീ ജീവിതത്തിൽ വിജയം വരിക്കുന്നത് എനിക്ക് കാണണം. അവൾ വിജയിച്ചു കാണണം എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നവരാണ് ഇവിടെ വന്നിട്ടുള്ള പല ആളുകളും. ഞങ്ങൾക്ക് രണ്ടു പേർക്കും കുറേ സൈബർ അറ്റാക്കുകൾ കിട്ടിയിട്ടുണ്ട്. അപ്പോഴൊക്കെ ഞങ്ങൾ രണ്ടുപേരും കൂടെത്തന്നെ ഉണ്ടായിരുന്നു. ഞങ്ങളുടെ രണ്ടു പേരുടെയും കുടുംബങ്ങൾ ഇപ്പോൾ ഒരേ കുടുംബം പോലെ തന്നെയാണ്. എന്നെ മനസിലാക്കിയതിനും കൂടെ നിന്നതിനും ബിൻസിക്കും ചാച്ചനും അമ്മച്ചിക്കും മരിയക്കൊച്ചിനും നന്ദി'', ശൈത്യ പറഞ്ഞു.
