
ജാപ്പനീസ് അനിമെയ്ക്ക് ഇന്ത്യക്കാർക്കിടയിൽ എത്രത്തോളം ഫെമിലിയാരിറ്റിയുണ്ട്, ഫാൻ ബേസ് ഉണ്ട് എന്ന് ഇനിയും സംശയമുണ്ടെങ്കിൽ രാജ്യത്തെ തിയേറ്ററുകളിലേയ്ക്കൊന്ന് നോക്കണം. സെപ്റ്റംബർ 12ന് തിയേറ്ററുകളിൽ എത്തിയ ജാപ്പനീസ് അനിമെ ചിത്രമായ ഡിമോൺ സ്ലെയർ കിമെത്സു നോ യയ്ബ ദി സിനിമ: ഇൻഫിനിറ്റി കാസിലിന് അഡ്വാൻസ് ബുക്കിംഗിലും തുടർന്നും ലഭിക്കുന്ന പ്രതികരണം ഞെട്ടിക്കുന്നതാണ്. രാജ്യത്തെ മെട്രോപോളിറ്റ്യൻ നഗരങ്ങളിൽ ഫാൻസ് ഷോകളുമായി തുടങ്ങിയ ചിത്രത്തിന് കേരളത്തിലും നിറഞ്ഞ ഷോകളാണുള്ളത്. ‘ഡീമൻ സ്ലേയർ’ സിനിമാ ഫ്രാഞ്ചൈസിയിലെ ആദ്യ ചിത്രമായ ‘ഡീമൻ സ്ലേയർ: കിമിറ്റ്സു നോ യൈഡ ഇൻഫിനിറ്റി കാസിൽ’ കേരളത്തിലെ പ്രീസെയിലിൽ 75 ലക്ഷത്തോളം രൂപയാണ് കലക്ട് ചെയ്തത്.
അല്ലാ, ഇനിയും അനിമെ കാർട്ടൂൺ തന്നെയല്ലേ എന്നാണ് കരുതുന്നതെങ്കിൽ വിശദമായി വായിക്കാം. ജാപ്പനീസ് ആനിമേഷൻ കാർട്ടൂണുകളിൽ നിന്ന് വ്യത്യസ്തമാണ്. രണ്ടും ആനിമേറ്റഡ് ആയ കാരിക്കേച്ചറുകളാണ്. എന്നാൽ അനിമെയും കാർട്ടൂണുകളും പ്രധാനമായും അവയുടെ ഉത്ഭവത്തിൽ തന്നെ വ്യത്യാസപ്പെട്ടിരിക്കുന്നതാണ്. ആനിമേഷൻ സ്റ്റൈലിൽ ഉള്ള വ്യത്യാസമാണ് കാർട്ടൂണുകളെയും അനിമെകളെയും വ്യത്യസ്തമാക്കുന്നതിൽ പ്രധാനം. പത്തൊമ്പതാം നൂറ്റണ്ടിൻ്റെ അവസാനത്തിൽ ജപ്പാനിൽ ഉണ്ടായ അവരുടെ ചിത്രകഥകളാണ് മാങ്ക. അതായത് അവരുടെ ശൈലിയിലുള്ള കോമിക്. മാങ്കയിൽ നിന്നാണ് ജാപ്പനീസ് അനിമെയുടെ ഉത്ഭവം.
മുതിർന്നവർ ഉൾപ്പെടെയുള്ള വിശാലമായ പ്രേക്ഷകരെ ലക്ഷ്യം വയ്ക്കുന്നതുകൊണ്ട് തന്നെ സങ്കീർണ്ണമായ ആഖ്യാനങ്ങൾ, ആഴത്തിലുള്ള കഥാപാത്ര വികസനം, എന്നിവയാണ് ജാപ്പനീസ് അനിമെയുടെ സവിശേഷത. അതേസമയം കാർട്ടൂണുകൾ പലപ്പോഴും ലളിതമായ പ്ലോട്ടുകൾ, കൂടുതൽ അതിശയോക്തി കലർന്ന ദൃശ്യ രൂപകൽപ്പനകൾ, സ്ട്രേറ്റ് ആയ സ്റ്റോറി ടെല്ലിങ് എന്നിവ ഉൾക്കൊള്ളുന്നതാണ്. അതുകൊണ്ട് തന്നെ മുതിർന്നയാളുകൾ പ്രേക്ഷകരാകുമ്പോൾ പോലും സാധാരണയായി കുട്ടികളെ ലക്ഷ്യം വച്ചുള്ളതുമാണ് കാർട്ടൂണുകൾ.
ഇരു ചിത്രങ്ങളും കൈകാര്യം ചെയ്യുന്ന വിഷയങ്ങൾ താരതമ്യപ്പെടുത്തുമ്പോൾ അനിമെ ഗൗരവമേറിയ തീമുകളിൽ യാഥാർത്ഥ്യബോധമുള്ള മനുഷ്യ വികാരങ്ങൾക്ക് ഊന്നൽ നൽകുന്നു. ഒന്നിലധികം പ്ലോട്ട്‌ലൈനുകളും സങ്കീർണ്ണമായ കഥാസന്ദർഭങ്ങളും കഥാപാത്രങ്ങളുമൊക്കെയായി ഒരു ലൈവ് ആക്ഷൻ സിനിമയിൽ കുറയാത്ത ദൃശ്യാനുഭവമാണ് ജാപ്പനീസ് ആനിമേകൾ.
ഇനിയും ജാപ്പനീസ് അനിമെ പരിചയപ്പെടാത്തവർക്ക് കണ്ട് തുടങ്ങാൻ ഡീമോൺ സ്ലേയർ ചിത്രത്തിൻ്റെ സീരീസ് തന്നെ തെരഞ്ഞെടുക്കാം. 2016 മുതൽ 20 വരെ നിണ്ട ഡീമോൺ സ്ലേയർ: കിമെത്സു നോ യെബ 23 വൊള്യങ്ങൾ ഉള്ള സീരീസ് ആണ്. യുവർ നെയിം എന്ന റൊമാൻ്റിക് ഫാൻ്റസി ചിത്രം, അറ്റാക് ഓൺ ടൈറ്റാൻ, ഡെഡ് നോട്ട് തുടങ്ങിയ സീരീസുകളെല്ലാം ജാപ്പനീസ് അനിമെ എന്താണെന്ന് മനസിലാക്കാനും തുടർന്നുകാണാനും പ്രേക്ഷകരെ പ്രേരിപ്പിക്കും.
ഇന്ത്യയിൽ ഏറെ ആരാധകരുള്ള ജാപ്പനീസ് അനിമെ ചിത്രങ്ങൾക്ക് മുൻപും മികച്ച റിലീസ് ലഭിച്ചിട്ടുണ്ടെങ്കിലും ഇൻഫിനിറ്റി കാസിലിന് ലഭിക്കുന്ന പ്രതികരണം അതിൽ നിന്നെല്ലാം വ്യത്യസ്തമാണ്. ഇന്ത്യയിലെ ചിത്രത്തിൻറെ ആദ്യ പ്രദർശനം 12ന് പുലർച്ചെ 5.15നായിരുന്നു. മുംബൈ അടക്കമുള്ള വൻ നഗരങ്ങളിലാണ് ഈ സമയത്ത് ആദ്യ പ്രദർശനങ്ങൾ. കേരളത്തിൽ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് തുടങ്ങിയ പല നഗരങ്ങളിലും ചിത്രത്തിന് നിരവധി തിയറ്ററുകളിൽ പ്രദർശനങ്ങൾ ഉണ്ട്. ജപ്പാൻ, സൗത്ത് കൊറിയ, തായ്‍വാൻ എന്നിവിടങ്ങളിലൊക്കെ ജൂലൈയിൽ എത്തിയ ചിത്രം ആഗോള ബോക്സ് ഓഫീസിൽ നിന്ന് ഇതിനകം നേടിയത് 300 മില്യൺ ഡോളർ അതായത് 2640 കോടി രൂപയിലും അധികമാണ്. ഐമാക്സ് ശൃംഖലകളിലും വൻ നേട്ടമാണ് ചിത്രം ഉണ്ടാക്കിയിട്ടുള്ളത്. ഇന്ത്യയ്ക്കൊപ്പം യുഎസിലും യൂറോപ്പിലും ലാറ്റിൻ അമേരിക്കയിലുമൊക്കെ റിലീസ് ചെയ്യപ്പെട്ടതോടെ ചിത്രം ബോക്സ് ഓഫീസിൽ 500 മില്യൺ ഡോളർ പിന്നിടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പ്രമുഖ ട്രാക്കർമാരായ സാക്നിൽകിൻ്റെ റിപ്പോർട്ട് പ്രകാരം, ഡീമൺ സ്ലേയർ: ഇൻഫിനിറ്റി കാസിൽ ആദ്യ ദിവസം ഇന്ത്യയിൽ നിന്ന് 13 കോടി രൂപ നെറ്റോടെ 7.5 കോടി രൂപ കളക്ഷൻ നേടിയിട്ടുണ്ട്. 40 കോടിരൂപ ഇൻഫിനിറ്റി കാസിൽ ഇന്ത്യയിൽ നിന്ന് നേടുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൂട്ടൽ.