
നടി, നർത്തകി എന്നീ നിലകളിലെല്ലാം പ്രശസ്തയാണ് അഞ്ജു അരവിന്ദ്. സിബി മലയിൽ സംവിധാനം ചെയ്ത അക്ഷരം എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച അഞ്ജു പിന്നീട് തമിഴ്, തെലുങ്ക്, കന്നഡ സീരിയലുകളിലും സജീവമായി. ഇതിനിടെ സീരിയലുകളിലും താരം സാന്നിധ്യം അറിയിച്ചു. പ്രിയപ്പെട്ടയാളുടെ വിയോഗവാർത്തയാണ് അഞ്ജു ഇപ്പോൾ ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുന്നത്. അഞ്ജുവിന്റെ അമ്മയുടെ അനിയത്തിയാണ് മരിച്ചത്. എന്തെങ്കിലും ചെറിയ സംശയം തോന്നിയാൽ തന്നെ വിദഗ്ധ പരിശോധന നടത്തണമെന്ന സന്ദേശവും അഞ്ജുവിന്റെ പോസ്റ്റിലുണ്ട്. നാട്ടിലെ ഡോക്ടറെ അമിതമായി വിശ്വസിച്ചതിനാൽ ശരിയായ ചികിൽസ ലഭിക്കാൻ വൈകിയെന്ന് അഞ്ജു പറയുന്നു.
കുറിപ്പിന്റെ പൂർണരൂപം: ''രാജാന്റി. അമ്മയുടെ അനിയത്തി മാത്രമല്ല, എനിക്ക് അമ്മയെപ്പോലെ തന്നെയായിരുന്നു. എന്റെ ജീവിതത്തിലെ ഒരു വലിയ റോൾ മോഡൽ.ആൻ്റി സാരി ഉടുത്ത് നടക്കുന്നത് കാണാൻ തന്നെ ഒരു പ്രത്യേക ഭംഗിയായിരുന്നു. ഇന്നത്തെ പോലെ അല്ല, അന്നത്തെ കാലത്ത് ഹീൽ ചെരുപ്പ് ധരിച്ച് ആത്മവിശ്വാസത്തോടെ നടന്നിരുന്ന ഒരാളായിരുന്നു ആൻ്റി. ഞാൻ ആദ്യമായി അത് കണ്ടതും ആൻ്റിയിലൂടെയായിരുന്നു. എന്റെ നൃത്തപഠനകാലത്ത് സാമ്പത്തിക ബുദ്ധിമുട്ടുകൾ ഏറെയായിരുന്നു. ആദ്യമായി കുച്ചിപ്പുടി പഠിച്ചപ്പോൾ ഡ്രസ്സ് തുന്നാൻ പോലും വഴിയില്ലാതിരുന്ന സമയത്ത് ആൻ്റി തന്റെ സാരി തന്നു. ആ സാരി സ്റ്റിച്ച് ചെയ്താണ് എന്റെ ആദ്യ നൃത്തവേഷം ഒരുക്കിയത്. ആ വേഷം ധരിച്ച് യൂത്ത് ഫെസ്റ്റിവലിൽ പങ്കെടുത്ത ഞാൻ സ്റ്റേറ്റ് ലെവൽ വരെ എത്തി.
ഇന്ന് ഞാൻ സ്വയംപര്യാപ്തയായി, സ്വന്തം കാലിൽ നിന്ന് ജോലി ചെയ്ത് ജീവിക്കുന്നുണ്ടെങ്കിൽ അതിന്റെ മുക്കാൽ ഭാഗം ക്രെഡിറ്റും രാജാൻ്റിക്കാണ്. ജീവിതത്തിലെ ഏറ്റവും വിഷമഘട്ടത്തിലൂടെ കടന്നുപോയ സമയത്ത് മാതൃഭൂമിയിൽ വന്ന ഒരു പരസ്യം ആൻ്റി എനിക്ക് കാണിച്ചുതന്നു. ആ കോളേജിലേക്ക് അപേക്ഷിക്കാൻ പ്രോത്സാഹിപ്പിച്ചു. അതിലൂടെയാണ് ഞാൻ ഭരതനാട്യത്തിൽ ബിഎ എടുത്തത്. പിന്നീട് ആർഎൽവിയിൽ നിന്ന് എംഎയും പൂർത്തിയാക്കി. എന്റെ സിനിമാജീവിതത്തിലേക്കുള്ള യാത്രയ്ക്കും നിമിത്തമായത് രാജാൻ്റി തന്നെയാണ്.പക്ഷേ, നാട്ടിലെ ഡോക്ടറെ അമിതമായി വിശ്വസിച്ചതാണ് നമുക്ക് പറ്റിയ വലിയ തെറ്റ്. ആൻ്റി വയറുവേദനയെക്കുറിച്ച് പറയുമ്പോഴെല്ലാം അത് ഗ്യാസ്ട്രബിൾ ആണെന്ന് പറഞ്ഞ് മരുന്ന് കൊടുത്ത് തിരിച്ചയക്കുമായിരുന്നു. ഏറെ വൈകിയാണ് അത് നാലാം ഘട്ട കാൻസറാണെന്ന് തിരിച്ചറിഞ്ഞത്. തുടക്കത്തിൽ തന്നെ ഒരു സ്കാനിംഗ് നിർദേശിച്ചിരുന്നെങ്കിൽ, ഒരുപക്ഷേ രാജാൻ്റി ഇന്നും നമ്മളോടൊപ്പം ഉണ്ടായേനേ. ഒരു രോഗിയോട് ഒരു ഡോക്ടറും ഇങ്ങനെ ചെയ്യാൻ പാടില്ല. ഇന്ന് എല്ലാം അവസാനിച്ച് ആൻ്റിയെ അവസാനമായി ഒരുക്കിക്കൊടുക്കുമ്പോൾ മനസ്സ് തകർന്നുപോയി. വാക്കുകൾക്കതീതമായ ഒരു ശൂന്യത. തീരാത്ത കടപ്പാടും അളവറ്റ സ്നേഹവും മാത്രം ബാക്കി. പ്രണാമം''.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ