Nithya Menen reacts to Janhvi Kapoor s Peddi objectification controversy. രാം ചരണിന്റെ 'പെദ്ധി'യിൽ ജാൻവി കപൂറിനെ മോശമായി ചിത്രീകരിച്ചെന്ന വിമർശനത്തിൽ പ്രതികരണവുമായി നിത്യ മേനോൻ. സിനിമകളിൽ മോശമായി ചിത്രീകരിക്കുന്നു എന്ന് തോന്നിയാൽ അഭിനേതാക്കൾ അതിരുകൾ നിശ്ചയിച്ച് പ്രതികരിക്കണമെന്ന് നിത്യ മേനോൻ പറയുന്നു. 

രാം ചരൺ നായകനായെത്തിയ പെദ്ധിയിൽ നായികയായ ജാൻവി കപൂറിനെ വളരെ മോശമായാണ് ചിത്രീകരിച്ചതെന്ന് ചൂണ്ടിക്കാട്ടി വലിയ രീതിയിലുള്ള വിമർശനങ്ങൾ സോഷ്യൽ മീഡിയയിൽ ഉയർന്നുവന്നിരുന്നു. സംവിധായകൻ ബുചി ബാബു സന ഇതിന് പിന്നാലെ ഖേദം പ്രകടിപ്പിച്ചിരുന്നു. സ്പോർട്സ്- ഡ്രാമ ഴോണറിൽ എത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഗ്ലാമർ രംഗങ്ങൾക്ക് വേണ്ടി മാത്രം ജാൻവിയെ അവതരിപ്പിക്കുന്നതിൽ വിവിധ താരങ്ങളും വിമർശനവുമായി രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ സംഭവത്തിൽ പ്രതികരിച്ചിരിക്കുകയാണ് നിത്യ മേനോൻ. ചില സാഹചര്യങ്ങളിൽ അഭിനേതാക്കൾ കൂടുതൽ അതിരുകൾ നിശ്‌ചയിക്കേണ്ടതുണ്ടെന്നും ഒരു രംഗത്തിൽ തങ്ങളെ ഒബ്ജക്ടിഫൈ തോന്നുന്നുവെങ്കിൽ അതിനെതിരെ പ്രതികരിക്കാനും ഇത് അംഗീകരിക്കാനാകില്ല എന്ന് പറയാനും അവർ തയ്യാറാകണമെന്നും നിത്യ മേനോൻ പറയുന്നു.

"പ്രേക്ഷകരെ ഉത്തേജിപ്പിക്കുന്നതും വാണിജ്യപരമായി വിജയിക്കുന്നതുമായ ചേരുവകൾ സിനിമകളിൽ ഉൾപ്പെടുത്താറുണ്ട്. അത് തീർച്ചയായും അതിരുകടക്കാറുണ്ട്. ചില സാഹചര്യങ്ങളിൽ അഭിനേതാക്കൾ കൂടുതൽ വ്യക്തമായ അതിരുകൾ നിശ്ചയിക്കേണ്ടതുണ്ട്. ഒരു രംഗത്തിൽ തങ്ങളെ ഒബ്ജക്ടിഫൈ തോന്നുന്നുവെങ്കിൽ അതിനെതിരെ പ്രതികരിക്കാനും ഇത് അംഗീകരിക്കാനാകില്ല എന്ന് പറയാനും അവർ തയ്യാറാകണം. വർഷങ്ങളായി ഇത്തരത്തിലുള്ള വാണിജ്യ സിനിമകളിൽ അഭിനയിച്ച ഒരാൾ പെട്ടെന്ന് അതിനെതിരെ സംസാരിച്ചാൽ എല്ലാവരും അതിനെ ഗൗരവമായി കാണണമെന്നില്ല. എന്നാൽ ഒരു സാഹചര്യത്തിലും പൂർണമായും നിസ്സഹായരാകേണ്ടി വരുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. സ്വന്തം നിലപാട് വ്യക്തമാക്കാൻ സാധിക്കും. അത് ഓരോരുത്തരുടെയും മുൻഗണനകളെ ആശ്രയിച്ചിരിക്കുന്നു. ചില സിനിമകളും ചില വിഭാഗത്തിലുള്ള കഥാപാത്രങ്ങളും എനിക്ക് നഷ്ടമായിട്ടുണ്ടാകാം. എന്നാൽ പ്രശസ്തിയേക്കാൾ എന്റെ മൂല്യങ്ങളാണ് എനിക്ക് പ്രധാനം." നിത്യ മേനോൻ പറയുന്നു. വെറൈറ്റി ഇന്ത്യയോടായിരുന്നു നിത്യ മേനോന്റെ പ്രതികരണം.

YouTube video player