ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം ഇതിനകം തന്നെ 650 കോടി നേടിയിട്ടുണ്ട്

ഇന്ത്യന്‍ സിനിമയില്‍ കഴിഞ്ഞ വര്‍ഷം ഏറ്റവുമധികം പ്രീ റിലീസ് ഹൈപ്പോടെ എത്തിയ ചിത്രങ്ങളിലൊന്നായിരുന്നു സലാര്‍. കെജിഎഫ് സംവിധായകന്‍ ബാഹുബലി താരത്തെ നായകനാക്കി ഒരുക്കുന്ന ചിത്രം എന്നതായിരുന്നു ഈ ഹൈപ്പിന് കാരണം. ഹൈപ്പിനനുസരിച്ച് പ്രേക്ഷകപ്രീതി നേടുന്നതില്‍ പരാജയപ്പെട്ടെങ്കിലും ബോക്സ് ഓഫീസില്‍ ചിത്രം വീണില്ല. എന്ന് മാത്രമല്ല മികച്ച കളക്ഷനും നേടുന്നുണ്ട്. ഇപ്പോഴിതാ ചിത്രം സംബന്ധിച്ച് നിര്‍മ്മാതാക്കളായ ഹൊംബാലെ ഫിലിംസ് ഒരു പുതിയ അപ്ഡേറ്റ് കൂടി അറിയിച്ചിരിക്കുകയാണ്.

ചിത്രം മറ്റൊരു ഭാഷയില്‍ക്കൂടി തിയറ്ററുകളിലെത്താന്‍ ഒരുങ്ങുന്നു എന്നതാണ് അത്. ചിത്രത്തിന്‍റെ സ്പാനിഷ് പതിപ്പ് ആണ് അത്. ലാറ്റിന്‍ അമേരിക്കല്‍ രാജ്യങ്ങളിലാണ് ഈ പതിപ്പ് റിലീസ് ചെയ്യാന്‍ ഒരുങ്ങുന്നത്. റിലീസ് തീയതിയും തീരുമാനിച്ചുകഴിഞ്ഞു. മാര്‍ച്ച് 7-ാം തീയതി ചിത്രം അവിടങ്ങളില്‍ എത്തും. പ്രമുഖ മള്‍ട്ടിപ്ലെക്സ് ശൃംഖലയായ സിനിപൊളിസ് വഴിയാണ് ചിത്രം തെക്കേ അമേരിക്കന്‍ രാജ്യങ്ങളില്‍ എത്തുക. ലാറ്റിന്‍ അമേരിക്കന്‍ തിയറ്റര്‍ ബിസിനസില്‍ 72.5 ശതമാനം ഷെയര്‍ ഉള്ള ശൃംഖലയാണ് സിനിപൊളിസിന്‍റേത്. അതിനാല്‍ത്തന്നെ സലാറിന് അവിടെ മികച്ച സ്ക്രീന്‍ കൗണ്ട് ലഭിക്കാന്‍ ഇടയുണ്ട്. 

Scroll to load tweet…

ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം ഇതിനകം തന്നെ 650 കോടി നേടിയിട്ടുണ്ട്. ക്രിസ്മസ് റിലീസ് ആയി ഡിസംബര്‍ 22 ന് എത്തിയ ചിത്രത്തിന് റിലീസ് ചെയ്യപ്പെട്ട മാര്‍ക്കറ്റുകളിലെല്ലാം ഇപ്പോഴും മികച്ച സ്ക്രീന്‍ കൗണ്ട് ഉണ്ട്. ലാറ്റിന്‍ അമേരിക്കന്‍ റിലീസിന് മുന്‍പുതന്നെ ചിത്രം ഇനിയും ഏറെ നേടുമെന്നത് ഉറപ്പാണ്. തെക്കേ അമേരിക്കന്‍ റിലീസില്‍ മികച്ച പ്രതികരണം ലഭിക്കുന്നപക്ഷം ചിത്രത്തിന്‍റെ ലൈഫ് ടൈം ബോക്സ് ഓഫീസിനെ അത് കാര്യമായി സ്വാധീനിക്കും. എന്നാല്‍ ആ പ്രതികരണം അറിയണമെങ്കില്‍ ഇനിയും രണ്ട് മാസത്തിലേറെ കാത്തിരിക്കേണ്ടതുണ്ട്. 

ALSO READ : തമിഴ് താരം പ്രേംജി അമരന്‍ വിവാഹിതനാവുന്നു; വധുവിന് പകുതി പ്രായം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം