രണ്ട് ഓസ്‍കറുകള്‍ക്കിടയിലെ 29 വര്‍ഷങ്ങള്‍; സര്‍ ഫിലിപ്പ് ആന്‍റണി ഹോപ്‍കിന്‍സ്

By Web TeamFirst Published Apr 26, 2021, 11:13 AM IST
Highlights

അര നൂറ്റാണ്ടിലേറെ നീളുന്ന ഫിലിമോഗ്രഫിയില്‍ ഇതാദ്യമായല്ല ഹോപ്‍കിന്‍സിനെ തേടി മികച്ച നടനുള്ള അക്കാദമി അവാര്‍ഡ് എത്തുന്നത്. സൈലന്‍സ് ഓഫ് ദി ലാമ്പ്‍സിലെ 'ഡോ. ഹാനിബാള്‍ ലെക്റ്റര്‍' (1992) എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിന് ഇതിനുമുന്‍പ് ഇതേ പുരസ്‍കാരം ലഭിച്ചിരുന്നു

"വളരെ എളുപ്പമായിരുന്നു അത്, വളരെ വളരെ എളുപ്പം", ഇത്തവണത്തെ മികച്ച നടനുള്ള ഓസ്‍കര്‍ തനിക്കു നേടിത്തന്ന 'ദി ഫാദറി'ലെ ആന്‍റണിയെന്ന മറവിരോഗത്തോട് പൊരുതുന്ന അച്ഛന്‍ കഥാപാത്രത്തെ അവതരിപ്പിച്ചതിനെക്കുറിച്ച് ആന്‍റണി ഹോപ്‍കിന്‍സ് മുന്‍പ് ഒരു അഭിമുഖത്തില്‍ പറഞ്ഞതാണിത്. ഇതോടെ ഓസ്‍കര്‍ ചരിത്രത്തില്‍ മറ്റൊരു തരത്തിലും ഇടംപിടിച്ചിരിക്കുകയാണ് അദ്ദേഹം. മികച്ച നടനുള്ള ഓസ്‍കര്‍ നേടുന്ന ഏറ്റവും പ്രായം കൂടിയ നടനായിരിക്കുകയാണ് ഹോപ്‍കിന്‍സ്. ഇപ്പോള്‍ 83 വയസ്സുണ്ട് അദ്ദേഹത്തിന്. ക്രിസ്റ്റഫര്‍ പ്ലമര്‍ 82-ാം വയസ്സില്‍ നേടിയ പുരസ്‍കാരത്തെയാണ് ആന്‍റണി ഹോപ്‍കിന്‍സ് മറികടന്നിരിക്കുന്നത്.

 

അര നൂറ്റാണ്ടിലേറെ നീളുന്ന ഫിലിമോഗ്രഫിയില്‍ ഇതാദ്യമായല്ല ഹോപ്‍കിന്‍സിനെ തേടി മികച്ച നടനുള്ള അക്കാദമി അവാര്‍ഡ് എത്തുന്നത്. സൈലന്‍സ് ഓഫ് ദി ലാമ്പ്‍സിലെ 'ഡോ. ഹാനിബാള്‍ ലെക്റ്റര്‍' (1992) എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിന് ഇതിനുമുന്‍പ് ഇതേ പുരസ്‍കാരം ലഭിച്ചിരുന്നു. റിമെയ്‍ന്‍സ് ഓഫ് ദി ഡേ, മുന്‍ യുഎസ് പ്രസിഡന്‍റ് റിച്ചാര്‍ഡ് നിക്സണിന്‍റെ ജീവിതം പറഞ്ഞ നിക്സണ്‍ എന്നീ ചിത്രങ്ങള്‍ക്ക് മികച്ച നടനുള്ള ഓസ്‍കര്‍ നോമിനേഷനുകള്‍ ലഭിച്ചിരുന്നു. അമിസ്റ്റാഡ്, കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ടു പോപ്പ്സ് എന്നീ ചിത്രങ്ങളിലെ പ്രകടനം മികച്ച സഹനടനുള്ള നോമിനേഷനുകളും നേടിക്കൊടുത്തിരുന്നു.

അറുപതുകളുടെ മധ്യത്തില്‍ നാടകവേദിയില്‍ നിന്നാരംഭിച്ച് വൈകാതെ ടെലിവിഷന്‍ സിരീസുകളിലൂടെ ബിഗ് സ്ക്രീനിലേക്ക് എത്തിയ ആന്‍റണി ഹോപ്‍കിന്‍സ് ലോകമെമ്പാടുമുള്ള സിനിമാപ്രേമികളെ സംബന്ധിച്ച് ഇന്ന് ജീവിച്ചിരിക്കുന്ന അഭിനേതാക്കളില്‍ ആചാര്യതുല്യമായ സ്ഥാനം കല്‍പ്പിക്കപ്പെടുന്ന ആളാണ്. 1968ല്‍ 'ദി ലയണ്‍ ഇന്‍ വിന്‍റര്‍' എന്ന ചിത്രത്തിലൂടെ സിനിമയിലെ അരങ്ങേറ്റം കുറിച്ച ഹോപ്‍കിന്‍സ് കരിയറില്‍ ഉടനീളം കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ അതീവശ്രദ്ധാലുവായിരുന്നു. അരനൂറ്റാണ്ടിലേറെ നീളുന്ന സിനിമാജീവിതത്തില്‍ ആകെ അഭിനയിച്ചത് തൊണ്ണൂറില്‍ താഴെ സിനിമകള്‍. ശരീരചലനങ്ങളേക്കാള്‍ ഭാവാഭിനയത്തിന് പ്രാധാന്യം കൊടുത്തുള്ള അഭിനയശൈലിയിലൂടെ ഹോപ്‍കിന്‍സ് അനശ്വരമാക്കിയ കഥാപാത്രങ്ങള്‍ അനവധി. കപ്പോളയുടെ 'ബ്രാം സ്റ്റോക്കേഴ്സ് ഡ്രാക്കുള'യിലെ പ്രൊഫ. അബ്രഹാം വാന്‍ ഹെല്‍സിംഗ്, 'ചാപ്ലിനി'ലെ ജോര്‍ജ് ഹെയ്‍ഡന്‍, റിമെയ്‍ന്‍സ് ഓഫ് ദി ഡേയിലെ ജെയിംസ് സ്റ്റീവന്‍സ്, ദി മാസ്‍ക് ഓഫ് സോറോയിലെ ഡോണ്‍ ഡിയേഗോ ഡെ ലാ വേഗ തുടങ്ങി മറക്കാനാവാത്ത കഥാപാത്രങ്ങളുടെ ആ നിര നീളുന്നു. നിരവധി ബയോപിക്കുകളില്‍ നായകകഥാപാത്രമായും അദ്ദേഹം നിറഞ്ഞുനിന്നു. റിച്ചാര്‍ഡ് നിക്സണെയും പാബ്ലോ ബിക്കാസോയേയും അല്‍ഫ്രഡ് ഹിച്ച്കോക്കിനെയും പോപ്പ് ബെനഡിക്റ്റ് 16-ാമനെയുമൊക്കെ അവതരിപ്പിച്ച് അദ്ദേഹം കൈയയികള്‍ നേടി.

 

എന്നിരിക്കിലും ഇത്തവണത്തെ ഓസ്‍കര്‍ നേട്ടത്തില്‍ അപ്രതീക്ഷിതത്വമായിരുന്നു കൂടുതല്‍. 'മ റെയ്‍നീസ് ബ്ലാക്ക് ബോട്ട'ത്തിലെ അഭിനയത്തിന്, മരണാനന്തര ബഹുമതിയായി ചാഡ്‍വിക്ക് ബോസ്‍മന് പുരസ്‍കാരം ലഭിക്കുമെന്നായിരുന്നു ഭൂരിഭാഗം സിനിമാപ്രേമികളുടെയും പ്രതീക്ഷ. 93-ാം അക്കാദമി അവാര്‍ഡിലെ പ്രധാന 'അപ്സെറ്റും' മികച്ച നടനുള്ള ആന്‍റണി ഹോപ്‍കിന്‍സിന്‍റെ പുരസ്‍കാരം തന്നെ. 

click me!