ജി ആര്‍ ഇന്ദുഗോപന്റെ ചെറുകഥയെ ആസ്പദമാക്കി സിനിമ; കേന്ദ്ര കഥാപാത്രമാകാൻ ബിജു മേനോന്‍

By Web TeamFirst Published Jul 2, 2021, 12:56 PM IST
Highlights

ചിത്രത്തിൽ അമ്മിണിപ്പിള്ള എന്ന കഥാപാത്രത്തെയാണ് ബിജു മേനോൻ അവതരിപ്പിക്കുന്നത്. 

ഴുത്തുകാരനായ ജി ആര്‍ ഇന്ദുഗോപന്റെ കഥകളെ ആസ്പദമാക്കി നിരവധി സിനിമകളാണ് അടുത്തകാലത്തായി മലയാളത്തിൽ പ്രഖ്യാപിച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ അമ്മിണിപ്പിള്ള വെട്ടു കേസ് എന്ന ചെറുകഥയെ ആസ്പദമാക്കി പുതു ചിത്രം ഒരുങ്ങുകയാണ്. ബിജു മേനോൻ ആണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സംവിധായകനും തിരക്കഥകൃത്തുമായ ശ്രീജിത്താണ് ചിത്രം ഒരുക്കുന്നത്. 

‘കൊവിഡ് മാനദണ്ഡങ്ങളും സാഹചര്യവും അനുകൂലമാണെങ്കില്‍ ഓഗസ്റ്റ് അവസാനത്തോടെ ചിത്രീകരണം തുടങ്ങാനാണ് തീരുമാനം. കേരളം തന്നെയായിരിക്കും പ്രധാന ലൊക്കേഷന്‍. ഈ സിനിമയെ ഒരു പ്രത്യേക വിഭാഗത്തില്‍ പെടുത്താന്‍ സാധിക്കില്ല. കുറച്ച് തമാശയെല്ലാം നിറഞ്ഞ ഒരു ഡ്രാമയാണെന്ന് പറയാം. ഞങ്ങള്‍ ഇതിനെ ഒരു പീരേഡ് സിനിമയായാണ് കണ്ടിരിക്കുന്നത്. കാരണം ചിത്രത്തിലെ കഥ നടക്കുന്നത് 80കളിലാണ്. സിനിമയ്ക്ക് ചെറുകഥയുടെ പേര് തന്നെ കൊടുക്കുന്നതിന് പകരം പുതിയ പേര് നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്’, സംവിധായകൻ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. 

ചിത്രത്തിൽ അമ്മിണിപ്പിള്ള എന്ന കഥാപാത്രത്തെയാണ് ബിജു മേനോൻ അവതരിപ്പിക്കുന്നത്. ചെറുകഥയിൽ ഉള്ളത് പോലെയാണ് കേന്ദ്ര കഥാപാത്രവും കഥയും പോകുന്നതെന്നും സിനിമയായതിനാല്‍ ചെറിയ രീതിയിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുമെന്നും ശ്രീജിത്ത് പറയുന്നു. ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെയും തീരുമാനിച്ച് കഴിഞ്ഞു. രണ്ട് ആഴ്ച്ചക്കുള്ളില്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!