
'ദൃശ്യം 2'ന്‍റെ വൻ വിജയത്തിനു ശേഷം ജീത്തു ജോസഫും മോഹന്‍ലാലും വീണ്ടും ഒരുമിക്കുന്നുവെന്ന വാർത്തകൾ പ്രചരിച്ചിരുന്നു. പിന്നീട് ജീത്തു ഇത് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. '12th മാൻ' എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്.
മിസ്റ്ററി ത്രില്ലര്‍ ആയി ഒരുങ്ങുന്ന ചിത്രം നിര്‍മ്മാണം ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് നിർവ്വഹിക്കുന്നത്. അടുത്തിടെ പ്രഖ്യാപിക്കപ്പെട്ട, പൃഥ്വിരാജിന്‍റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനാവുന്ന 'ബ്രോ ഡാഡി'യേക്കാള്‍ മുന്‍പേ ചിത്രീകരണം നടക്കുക ജീത്തു ജോസഫ് ചിത്രത്തിന്‍റേതായിരിക്കും.
അതേസമയം, മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന മറ്റൊരു ചിത്രമായ 'റാം' കൊവിഡ് സാഹചര്യത്തില്‍ ചിത്രീകരണം മുടങ്ങിയിരിക്കുകയാണ്. വിദേശത്തും ഷൂട്ടിംഗ് പ്ലാന്‍ ചെയ്‍തിരുന്ന ചിത്രത്തിന്‍റെ ഇന്ത്യന്‍ ഷെഡ്യൂള്‍ പൂര്‍ത്തിയാകാനിരിക്കെയായിരുന്നു കൊവിഡ് ആദ്യതരംഗവും പിന്നാലെയുള്ള ലോക്ക് ഡൗണ്‍ പ്രഖ്യാപനവും. കുറച്ചു ദിവസങ്ങള്‍ ആവശ്യമുള്ള ഇന്ത്യന്‍ ഷെഡ്യൂളിനു ശേഷം ലണ്ടന്‍, ഉസ്ബെക്കിസ്ഥാന്‍ ഷെഡ്യൂളുകളാണ് ചിത്രത്തിന് പൂര്‍ത്തിയാക്കാനുള്ളത്. കൊവിഡ് സാഹചര്യത്തില്‍ മാറ്റം വരുന്ന മുറയ്ക്ക് ഈ ചിത്രത്തിലേക്കും ജീത്തുവിന് കടക്കേണ്ടതുണ്ട്.
സമീപകാല ഇന്ത്യന്‍ ഒടിടി റിലീസുകളിലെ ട്രെന്‍ഡ് സെറ്റര്‍ ആയിരുന്നു ജീത്തു ജോസഫിന്‍റെ മോഹന്‍ലാല്‍ ചിത്രം 'ദൃശ്യം 2'. 2013ല്‍ പുറത്തെത്തിയ ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന്‍റെ രണ്ടാംഭാഗം ഫെബ്രുവരി 19നാണ് ഡയറക്റ്റ് ഒടിടി റിലീസ് ആയി ആമസോണ്‍ പ്രൈമിലൂടെ എത്തിയത്. ഐഎംഡിബിയുടെ ഈ വര്‍ഷത്തെ ജനപ്രിയ ഇന്ത്യന്‍ സിനിമകളുടെ ലിസ്റ്റില്‍ നാലാമതാണ് ദൃശ്യം 2.
പ്രിയദർശന്റെ 'മരയ്ക്കാർ: അറബിക്കടലിന്റെ സിംഹം', ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന 'നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്' തുടങ്ങിയവയാണ് മോഹന്‍ലാലിന്‍റേതായി റിലീസിന് തയാറെടുക്കുന്ന ചിത്രങ്ങള്‍.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ