സുബി സുരേഷിനെ കുറിച്ച് ചലച്ചിത്ര താരം ടിനി ടോം.

മലയാളിപ്രേക്ഷകരുടെ പ്രിയപ്പെട്ട കലാകാരിയായിരുന്നു സുബി സുരേഷ്. മിമിക്രിയിലൂടെയും മോണോ ആക്ടിലൂടെയും ശ്രദ്ധ നേടിയ സുബി കൊച്ചിൻ കലാഭവനിലൂടെയാണ് മുഖ്യധാരയിലേക്കു വരുന്നത്. പിന്നീട് സീരിയലുകളിലും ഇരുപതിലേറെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. കരൾരോഗത്തെത്തുടർന്ന് മൂന്നു വർഷങ്ങൾക്കു മുൻപായിരുന്നു സുബിയുടെ മരണം. ഇപ്പോഴിതാ സുബിയുടെ ഓർമകൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ് ഉറ്റസുഹൃത്തും നടനും സ്റ്റേജ് കലാകാരനുമായ ടിനി ടോം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

''സുബിയുടെ വേർപാടിനെക്കുറിച്ചു സംസാരിക്കാൻ എനിക്കു താൽപര്യമില്ല. ഞാൻ പെട്ടന്ന് ഇമോഷണലാകും. എന്റെ ചുറ്റും ഉണ്ടായിരുന്ന ആളാണ്. സുബിയെ കൊണ്ടുവന്നതും ഞാനാണ്. ഇത്രയും പെട്ടന്ന് അവൾ പോകുമെന്ന് കരുതിയിരുന്നില്ല. ഇപ്പോഴും അവളുടെ ഫോൺ നമ്പർ എന്റെ കയ്യിലുണ്ട്. ഇവൾ പോയോ എന്ന് എനിക്ക് ഇപ്പോഴും സംശയമാണ്.

എപ്പോഴും വിളിച്ച് സംസാരിക്കുന്നവരായിരുന്നില്ല ഞങ്ങൾ. പക്ഷെ വസ്ത്രധാരണത്തിലൊക്കെ എന്തെങ്കിലും നിർദേശം പറയാൻ ഉണ്ടെങ്കിലോ മോശമായി തോന്നിയാലോ ഞാൻ അവളെ വിളിച്ച് പറയും. എന്റെ കോൾ വരുന്നത് അവൾക്ക് പേടിയാണ്. എന്നെ മാത്രമെ അവൾക്ക് ആകെ പേടിയുണ്ടായിരുന്നുള്ളൂ. എന്റെ വീടുമായും അത്രയും അടുപ്പമായിരുന്നു അവൾക്ക്. എന്റെ ഭാര്യയെ ഞാൻ പരിചയപ്പെട്ടത് പോലും സുബി വഴിയാണ്. ഇത്ര വേഗം പോകുമെന്ന് കരുതിയില്ല. അവസാനം അവളെ കാണാൻ ചെന്നപ്പോൾ അവളുടെ ശരീരം വീർത്തിരുന്നു. സ്ലീമ്മായിട്ടുള്ള ആളായിരുന്നുവല്ലോ. എന്നെ കണ്ടതും ഒന്ന് നോക്കി. ഞാൻ നെറ്റിയിൽ ഒരു ഉമ്മ കൊടുത്തിട്ട് വന്നു. ബൈ എന്നും പറഞ്ഞു'', ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ ടിനി ടോം പറഞ്ഞു.

അഭിനയം മാത്രമല്ല അവതരണവും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച താരമാണ് സുബി. ഏഷ്യാനെറ്റിലെ സിനിമാല എന്ന കോമഡി പരിപാടിയിലൂടെയാണ് സുബി ഹാസ്യ പരിപാടികളിൽ സജീവമാകുന്നത്. പിന്നീട് നിരവധി സിനിമകളിൽ അഭിനയിച്ചു. രാജസേനൻ സംവിധാനം ചെയ്ത കനക സിംഹാസനം എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക