‘കൊവിഡല്ലേ, കുറച്ചു ദിവസം വെറുതെ ഇരുന്നൂടെ'; കുരുതി സ്ക്രിപ്റ്റിന് സുപ്രിയയുടെ ആദ്യ പ്രതികരണം

By Web TeamFirst Published Aug 19, 2021, 9:22 AM IST
Highlights

ദി ക്വിന്റിനു നൽകിയ അഭിമുഖത്തിലാണ് സുപ്രിയയുടെ വെളിപ്പെടുത്തൽ. 

പൃഥ്വിരാജിനെ നായകനാക്കി മനുവാര്യർ സംവിധാനം ചെയ്ത ചിത്രമാണ് കുരുതി. കഴിഞ്ഞ ആഴ്ചയാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തിയത്. കോൾഡ് കേസ് എന്ന സിനിമയ്ക്ക് ശേഷം പൃഥ്വിയുടേതായി ഒടിടിയിൽ റിലീസ് ചെയ്ത ചിത്രം കൂടിയായിരുന്നു ഇത്. സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചത്. പൃഥ്വിരാജ് കൊവിഡ് ബാധിതനായി ക്വാറന്റൈനിൽ കഴിഞ്ഞിരുന്നപ്പോഴാണ് ചിത്രത്തിന്റെ സ്ക്രിപ്റ്റ് വായിക്കുന്നതെന്ന് പറയുകയാണ് ഭാര്യയും നിർമാതാവും കൂടിയായ സുപ്രിയ മേനോൻ.

ദി ക്വിന്റിനു നൽകിയ അഭിമുഖത്തിലാണ് സുപ്രിയയുടെ വെളിപ്പെടുത്തൽ. കുരുതിയുടെ സ്ക്രിപ്റ്റ് വായിക്കാൻ അയച്ചപ്പോൾ ‘കൊവിഡായിട്ട് കുറച്ചു ദിവസം വെറുതെ ഇരുന്ന് കൂടെ‘ എന്നായിരുന്നു താൻ ആദ്യം പറഞ്ഞതെന്നും സുപ്രിയ പറയുന്നു. 

“പൃഥ്വിക്ക് കൊവിഡ് ബാധിച്ച് ഒരേ ഫ്ളാറ്റിലെ രണ്ടു ഫ്ലോറുകളിൽ ആയിരുന്നു ഞങ്ങൾ. പരസ്പരം കാണാൻ കഴിയുമായിരുന്നില്ല. ഇതിനിടയിൽ നല്ലൊരു സ്ക്രിപ്റ്റ് വായിച്ചെന്ന് പറഞ്ഞ് പൃഥ്വി അതെനിക്ക് മെസ്സേജ് ചെയ്തു. കൊവിഡ് ആയിട്ട് സ്ക്രിപ്റ്റ് വായിക്കാതെ കുറച്ചു ദിവസം വെറുതെ ഇരുന്ന് കൂടെ എന്നതായിരുന്നു അപ്പോഴത്തെ എന്റെ പ്രതികരണം. ഭാര്യ എന്ന നിലയിൽ ഉള്ളതായിരുന്നു അത്. പക്ഷേ അപ്പോൾ തന്നെ സ്ക്രിപ്റ്റ് വായിക്കണം എന്ന് പൃഥ്വി നിർബന്ധിക്കുക ആയിരുന്നു. അങ്ങനെയാണ് ഞാൻ സ്ക്രിപ്റ്റ് വായിക്കുന്നത്. ഈ കൊവിഡ് കാലത്ത് തന്നെ ചെയ്യാൻ കഴിയുന്ന ഒരു സിനിമയാണെന്ന് തിരിച്ചറിയുകയും അത് സംഭവിക്കുകയുമായിരുന്നു” എന്ന് സുപ്രിയ പറഞ്ഞു.

അനീഷ് പല്യാല്‍ രചന നിര്‍വ്വഹിച്ചിരിക്കുന്ന കുരുതിയുടെ, ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജമാണ്. സംഗീതം ജേക്സ് ബിജോയ്. എഡിറ്റിംഗ് അഖിലേഷ് മോഹന്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ഇര്‍ഷാദ് പരാരി. പൃഥ്വിരാജിനൊപ്പം റോഷന്‍ മാത്യു, മണികണ്ഠന്‍ ആര്‍ ആചാരി, മുരളി ഗോപി, നവാസ് വള്ളിക്കുന്ന്, ഷൈന്‍ ടോം ചാക്കോ, നസ്‍ലെന്‍, ശ്രിണ്ഡ, സാഗര്‍ സൂര്യ, മാമുക്കോയ എന്നിവരും പ്രാധാന്യമുള്ള കഥാപാത്രങ്ങളായി എത്തി.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!