നായികമാരുമായുള്ള പ്രായവ്യത്യാസത്തിന്‍റെ പേരില്‍ ഇന്ത്യന്‍ സിനിമയില്‍ത്തന്നെ സമീപ വര്‍ഷങ്ങളില്‍ ഏറ്റവും വിമര്‍ശിക്കപ്പെട്ടിട്ടുള്ളത് രവി തേജയാണ്

സിനിമകളിലെ നായികാ നായകന്മാരുടെ പ്രായവ്യത്യാസം അധികമാണെങ്കില്‍ അത് പലപ്പോഴും പ്രേക്ഷകരുടെ ശ്രദ്ധ നേടാറുണ്ട്. അവര്‍ക്കിടയില്‍ അത് ചര്‍ച്ചയാവാറുമുണ്ട്. സമീപകാല ഇന്ത്യന്‍ സിനിമയില്‍ അതിന്‍റെ പേരില്‍ ഏറ്റവുമധികം വിമര്‍ശിക്കപ്പെട്ടത് തെലുങ്ക് താരം രവി തേജ ആയിരുന്നു. രവി തേജയുടെ 2024 ചിത്രം മിസ്റ്റര്‍ ബച്ചനില്‍ നായികയുമായുള്ള അദ്ദേഹത്തിന്‍റെ പ്രായവ്യത്യാസം 31 വയസ് ആയിരുന്നു. രവി തേജയ്ക്ക് അന്ന് 56 വയസ് ആയിരുന്നെങ്കില്‍ നായികയായ ഭാഗ്യശ്രീ ബോര്‍സെയ്ക്ക് അന്ന് 25 വയസ്! സമീപകാലത്ത് മറ്റൊരു ഇന്ത്യന്‍ ചിത്രത്തിലെയും നായികാ നായകന്മാര്‍ക്കിടയിലെ പ്രായവ്യത്യാസം ചര്‍ച്ചയായിരുന്നു. ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കളക്ഷനുകളില്‍ ഒന്ന് നേടിയ ബോളിവുഡ് ചിത്രം ധുരന്ദര്‍ ആയിരുന്നു അത്.

Add Asianetnews as a Preferred SourcegooglePreferred

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ തിയറ്ററുകളിലെത്തിയ ചിത്രത്തിലെ നായകനായ രണ്‍വീര്‍ സിംഗിന്‍റെ യഥാര്‍ഥ പ്രായം 40 വയസ് ആണെങ്കില്‍ നായികയായ സാറ അര്‍ജുന്‍റെ പ്രായം 20 ആണ്. അതായത് നായികാ നായകന്മാര്‍ക്കിടയില്‍ 20 വയസിന്‍റെ വ്യത്യാസം. റിലീസിന് മുന്‍പ് പ്രൊമോഷണല്‍ മെറ്റീരിയലുകള്‍ എത്തിയപ്പോള്‍ ഇത് ശരിക്കും വിമര്‍ശിക്കപ്പെട്ടിരുന്നു. എന്നാല്‍ ചിത്രം തിയറ്ററുകളിലെത്തിയ ഡിസംബര്‍ 5 ന് ശേഷം സോഷ്യല്‍ മീഡിയയിലെങ്ങും അത്തരത്തിലൊരു വിമര്‍ശനം കണ്ടിട്ടുമില്ല. കാരണം സിംപിള്‍, നായികാ നായകന്മാര്‍ക്കിടയിലെ പ്രായവ്യത്യാസമൊന്നും പ്രേക്ഷകര്‍ക്ക് ഒരു പ്രശ്നമല്ല, പക്ഷേ അതിന് ഉള്ളടക്കം നന്നാവണമെന്ന് മാത്രം. സിനിമ അവരെ ഇംപ്രസ് ചെയ്യിക്കണം. അതല്ലെങ്കില്‍ അവര്‍ ഈ ഏജ് ഗ്യാപ്പിനെ എതിര്‍ക്കും.

Scroll to load tweet…

എപ്പോഴും വിമര്‍ശിക്കപ്പെടുന്ന രവി തേജ

രവി തേജ നേരിടുന്ന എതിര്‍പ്പിന് കാരണം ആ ചിത്രങ്ങളില്‍ മിക്കതും കാണികളെ ഇംപ്രസ് ചെയ്യിക്കുന്നില്ല എന്നതാണ്. ഒപ്പം നായികയെ വെറും കാഴ്ചവസ്തുവാക്കി മാത്രം ചിത്രീകരിക്കുന്ന രീതികളും. രവി തേജ ചിത്രങ്ങളിലെ ഗാനരംഗങ്ങളാണ് പലപ്പോഴും വിമര്‍ശകര്‍ എടുത്തുകാട്ടാറ്. അദ്ദേഹത്തിന്‍റെ ചിത്രങ്ങളില്‍ ഈ ഏജ് ഗ്യാപ്പ് സ്ഥിരവുമാണ്. 2024 ല്‍ തന്നെ എത്തിയ ഈഗിള്‍ എന്ന ചിത്രത്തിലെ നായിക കാവ്യ ഥാപ്പറുമായി 28 വയസിന്‍റെ വ്യത്യാസവും 2023 ചിത്രം ടൈഗര്‍ നാഗേശ്വര റാവുവിലെ നായിക നൂപുര്‍ സമോണുമായി 28 വയസിന്‍റെ വ്യത്യാസവും രവി തേജയ്ക്ക് ഉണ്ട്. അതിന് മുന്‍പുള്ള ചിത്രങ്ങളിലും അങ്ങനെ തന്നെ. സമീപ വര്‍ഷങ്ങളിലെ തന്‍റെ ചിത്രങ്ങളില്‍ രവി തേജയ്ക്ക് തന്‍റെ നായികമാരുമായുള്ള കുറഞ്ഞ പ്രായവ്യത്യാസം 28 വയസാണ്.

അതേസമയം സമീപകാലത്ത് മലയാളത്തില്‍ നിന്നുള്ള ഒരു വിജയചിത്രത്തിലും നായികാ നായകന്മാരുടെ യഥാര്‍ഥ പ്രായം തമ്മില്‍ കാര്യമായ ഗ്യാപ്പ് ഉണ്ടായിരുന്നു. അഖില്‍ സത്യന്‍റെ സംവിധാനത്തില്‍ നിവിന്‍ പോളി നായകനായ സര്‍വ്വം മായ ആണ് ആ ചിത്രം. നിവിന്‍ പോളിയുടെ യഥാര്‍ഥ പ്രായം 41 ആണെങ്കില്‍ ചിത്രത്തിലെ നായിയയായ ഡെലുലുവിനെ അവതരിപ്പിച്ച റിയ ഷിബുവിന്‍റെ പ്രായം 21 ആണ്. വീണ്ടും 20 വര്‍ഷത്തിന്‍റെ ഗ്യാപ്പ്. എന്നാല്‍ സാമ്പ്രദായിക നായികാ നായകന്മാര്‍ ആയിരുന്നില്ല ഈ കഥാപാത്രങ്ങള്‍. ഇരുവരുടെയും ഏജ് ഗ്യാപ്പിനെ രചനാഘട്ടം മുതല്‍ പരിഗണിച്ചിട്ടുമുണ്ട് സംവിധായകന്‍. ചുരുക്കി പറഞ്ഞാല്‍ നായികാ നായകന്മാരുടെ പ്രായവ്യത്യാസമൊന്നും കാണികളുടെ വിഷയമല്ല, പക്ഷേ സിനിമ അവരുടെ സാമാന്യ ബുദ്ധിയെ ചോദ്യം ചെയ്യുന്നതാവരുത് എന്ന് മാത്രം.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming