വിജയ് നായകനാവുന്ന 'ജനനായകന്‍' എന്ന ചിത്രത്തിന്‍റെ റിലീസ് സെന്‍സര്‍ പ്രതിസന്ധി മൂലം അനിശ്ചിതത്വത്തിലാണ്. എന്നാല്‍ ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍ മാത്രമല്ല പ്രതിസന്ധി നേരിടുന്നത്

ഇത്രയും വലിയ പ്രീ റിലീസ് ഹൈപ്പോടെ എത്തിയ ഒരു സിനിമ പ്രഖ്യാപിച്ചിരുന്ന റിലീസ് തീയതിക്ക് ഒരു മാസത്തിന് ഇപ്പുറവും തിയറ്ററുകളില്‍ എത്തിക്കാനാവാത്ത സാഹചര്യം ഇന്ത്യന്‍ സിനിമയില്‍ത്തന്നെ മറ്റൊരു ചിത്രത്തിന് ഉണ്ടായിക്കാണില്ല. തമിഴ് ചിത്രം ജനനായകന്‍റെ കാര്യമാണ് പറഞ്ഞുവരുന്നത്. സജീവ രാഷ്ട്രീയത്തിലേക്ക് കടന്ന വിജയ്‍യുടെ കരിയറിലെ അവസാന ചിത്രം എന്നതായിരുന്നു ചിത്രത്തിന്‍റെ ഏറ്റവും വലിയ ഹൈപ്പ്. തമിഴ് സിനിമകളുടെ ഏറ്റവും പ്രധാന റിലീസ് സീസണായ പൊങ്കലിന് നിര്‍മ്മാതാക്കള്‍ റിലീസും പ്രഖ്യാപിച്ചു. ജനുവരി 9 ആയിരുന്നു പ്രഖ്യാപിച്ചിരുന്ന തീയതി. എന്നാല്‍ സെന്‍സര്‍ പ്രതിസന്ധിയെത്തുടര്‍ന്ന് മുടങ്ങിയ ചിത്രത്തിന് സിബിഎഫ്സിയില്‍ നിന്ന് ഇനിയും പ്രദര്‍ശനാനുമതി ലഭിച്ചിട്ടില്ല. ഫലം പുതിയ റിലീസ് തീയതി പ്രഖ്യാപിക്കാന്‍ പോലും നിര്‍മ്മാതാക്കള്‍ക്ക് ഇതുവരെ സാധിച്ചിട്ടില്ല.

Add Asianetnews as a Preferred SourcegooglePreferred

ഈ റിലീസ് മാറ്റിവെക്കല്‍ മൂലം നഷ്ടം ജനനായകന്‍ നിര്‍മ്മാതാക്കളായ കെവിഎന്‍ പ്രൊഡക്ഷന്‍സിന് മാത്രമാണെന്ന് കരുതിയാല്‍ തെറ്റി. നഷ്ടം തമിഴ് സിനിമാ വ്യവസായത്തിന് മൊത്തത്തിലാണ്. കഴിഞ്ഞ നാലഞ്ച് മാസങ്ങളായി വലിയ ഹിറ്റുകള്‍ ഇല്ലാത്തതിനാല്‍ തമിഴ്നാട്ടിലെ തിയറ്റര്‍ വ്യവസായം പ്രതിസന്ധിയിലാണ്. എന്നാല്‍ പുതുവര്‍ഷത്തില്‍ പൊങ്കല്‍ റിലീസുകള്‍ എത്തുന്നതോടെ അതിന് ഒരു ആശ്വാസം ആവുമെന്ന പ്രതീക്ഷയില്‍ ആയിരുന്നു തിയറ്റര്‍ ഉടമകള്‍. അതില്‍ പ്രധാന ജനനായകന്‍ ആയിരുന്നു. തമിഴ്നാട്ടുകാര്‍ കൂട്ടത്തോടെ തിയറ്ററുകളില്‍ എത്തുന്ന സമയമാണ് പൊങ്കല്‍. വിജയ്‍യുടെ അവസാന ചിത്രത്തിന് സമ്മിശ്ര അഭിപ്രായം വന്നാല്‍പ്പോലും വമ്പന്‍ കളക്ഷന്‍ ലഭിക്കുമെന്ന് ഉറപ്പായിരുന്നു. എന്നാല്‍ അത് സാധിച്ചില്ല. എന്ന് മാത്രമല്ല മറ്റ് രണ്ട് ശ്രദ്ധേയ പൊങ്കല്‍ റിലീസുകളായ ശിവകാര്‍ത്തികേയന്‍റെ പരാശക്തിയും കാര്‍ത്തിയുടെ വാ വാത്തിയാറും വിചാരിച്ച രീതിയില്‍ വിജയം നേടിയില്ല. തെറ്റില്ലാത്ത അഭിപ്രായം നേടി കാണികളെ തിയറ്ററുകളില്‍ എത്തിച്ചത് ജീവ നായകനായ തലൈവര്‍ തമ്പി തലൈമയില്‍ ആയിരുന്നു. ചെറിയ ബജറ്റില്‍ ഒരുങ്ങിയ ചിത്രമാണിത്. അല്‍പമെങ്കിലും ആശ്വാസം പകര്‍ന്നത് ഈ ചിത്രമാണെങ്കിലും വലിയ കാന്‍വാസില്‍ എത്തുന്ന ഹൈപ്പ്ഡ് ചിത്രങ്ങള്‍ വരാതെ തിയറ്റര്‍ വ്യവസായത്തിന് ഇപ്പോഴത്തെ പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ ആവില്ലെന്നാണ് തിയറ്റര്‍ ഉടമകളുടെ വിലയിരുത്തല്‍.

ഡോമിനോ എഫക്റ്റ്

ഒപ്പം ജനനായകന്‍ ഒരു ഡോമിനോ എഫക്റ്റും ഉണ്ടാക്കിയിട്ടുണ്ട്. ഒരു സംഭവം കാരണം, അതിന്‍റെ നേരിട്ടുള്ള സ്വാധീനത്താല്‍ ചെയിന്‍ റിയാക്ഷന്‍ പോലെ തുടര്‍ സംഭവങ്ങള്‍ ഉണ്ടാവുന്നതിനെയാണ് ഡോമിനോ എഫക്റ്റ് എന്ന് പറയുന്നത്. ഏറ്റവും പ്രധാന അപ്കമിംഗ് ചിത്രത്തിന്‍റെ റിലീസ് അനിശ്ചിതത്വത്തില്‍ തുടരുന്നതിനാല്‍ മറ്റ് പ്രധാന ചിത്രങ്ങളുടെ നിര്‍മ്മാതാക്കള്‍ക്കൊന്നും തങ്ങളുടെ ചിത്രത്തിന് അനുയോജ്യമായ റിലീസ് തീയതി കണ്ടെത്താന്‍ സാധിക്കുന്നില്ല. ആരും ജനനായകനുമായി ഒരു ഡയറക്റ്റ് ക്ലാഷ് ആഗ്രഹിക്കുന്നില്ല. ആ ചിത്രമാവട്ടെ എന്ന് വരുമെന്നും അറിയാനാവാത്ത സാഹചര്യം. അതിനാല്‍ത്തന്നെ ഒരു പ്രധാന റിലീസ് ടൈം ആയ വാലന്‍റൈന്‍സ് ഡേയിലേക്കും പ്രധാന ചിത്രങ്ങളൊന്നും റിലീസ് പ്രഖ്യാപിച്ചിട്ടില്ല. പ്രേക്ഷകര്‍ കാത്തിരിക്കുന്ന മറ്റൊരു ചിത്രമായ പ്രദീപ് രംഗനാഥന്‍റെ ലവ് ഇന്‍ഷുറന്‍സ് കമ്പനി അടക്കമുള്ള ചിത്രങ്ങളുടെ റിലീസ് തീയതി നീണ്ടുപോകുന്നത് ജനനായകന്‍റെ പ്രതിസന്ധിയുടെ ബാക്കിപത്രമാണ്. ജനനായകന്‍ എപ്പോള്‍ എത്തിയാലും ചിത്രത്തിന് കളക്ഷന്‍ ലഭിക്കുമെങ്കിലും മറ്റ് ചിത്രങ്ങള്‍ക്ക് റിലീസിനുള്ള അവസരവും തിയറ്ററുകള്‍ക്ക് ആ സമയത്ത് കളക്ഷനിലുണ്ടാവുന്ന വലിയ ഡ്രോപ്പുമാണ് ഇതിന്‍റെ ബാക്കിപത്രമെന്ന് നിര്‍മ്മാതാവ് ജി ധനഞ്ജയന്‍ പറയുന്നു. ജനനായകന്‍ എത്താതിരുന്നതിനെത്തുടര്‍ന്ന് തമിഴ്നാട് ബോക്സ് ഓഫീസില്‍ മാത്രം 100 കോടിയുടെ നഷ്ടം ഉണ്ടായെന്നാണ് അനലിസ്റ്റുകളുടെ കണക്കുകൂട്ടല്‍. ജനനായകന്‍റെ റിലീസില്‍ ഇനിയെങ്കിലും തീരുമാനമാകാനുള്ള പ്രതീക്ഷാനിര്‍ഭരമായ കാത്തിരിപ്പിലാണ് തമിഴ് സിനിമാ വ്യവസായം മുഴുവന്‍.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming