സത്യൻ അവസാനമായി പറഞ്ഞു, 'ഞാനൊന്നുറങ്ങട്ടെ'

By Web TeamFirst Published Jun 15, 2021, 7:23 AM IST
Highlights

അവസാന കാലത്ത് ഗുരുതരമായ രക്താര്‍ബുദത്തോട് പടപൊരുതുകയായിരുന്നു സത്യൻ.

മലയാള ചലച്ചിത്രത്തിന്റെ അഭിമാനസ്‍തംഭമാണ് എന്നും സത്യൻ. ആദ്യമായി ദേശീയ അവാര്‍ഡ് നേടിയ മലയാള ചിത്രമായ നീലക്കുയിലിലെ നായകൻ. ചുരുങ്ങിയ കാലയളവില്‍ തന്നെ മലയാളത്തിന്റെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളായി മാറിയ നടൻ. അഭിനയിച്ചുകൊണ്ടിരിക്കുമ്പോള്‍ മരിച്ചുവീഴണമെന്ന് കൊതിച്ച നടൻ. അത്രത്തോളം സിനിമയെ സ്‍നേഹിച്ചിരുന്നു സത്യൻ.  ഇൻക്വിലാബ് സിന്ദാബാദ് എന്ന സിനിമയില്‍ അഭിനയിച്ചതിനു ശേഷം സ്വയം കാറോടിച്ച് ആശുപത്രിയില്‍ എത്തിയ സത്യൻ ചികിത്സയിലിരിക്കേ അധികം വൈകാതെ വിടപറയുകയായിരുന്നു.

ജീവിതത്തിന്റെ അവസാന കാലത്ത് ഗുരുതരമായ രക്താര്‍ബുദത്തോട് പടപൊരുതുകയായിരുന്നു സത്യൻ. ഡോക്ടർ വിശ്രമം നിർദ്ദേശിച്ചെങ്കിലും അതൊന്നും കാര്യമാക്കാതെ സത്യൻ അഭിനയം തുടരുകയായിരുന്നു. കെ എസ് സേതുമാധവൻ സംവിധാനം ചെയ്‍ത ഇൻക്വിലാബ് സിന്ദാബാദ് എന്ന സിനിമയുടെ ചിത്രീകരണ ശേഷം സത്യൻ ആശുപത്രിയില്‍ പോകുകയായിരുന്നു. പതിവ് ചെക്കപ്പിന് ചെന്നൈ കെ ജെ ആശുപത്രിയില്‍ ചെന്നതായിരുന്നു. തിരിച്ചിറങ്ങാൻ നേരം ഡോക്ടര്‍ ജഗദീശന് കൈകൊടുത്തു. സത്യന് പനിയുണ്ടെന്ന് ഡോക്ടര്‍ക്ക് സംശയം തോന്നി. തുടര്‍ന്ന് നിര്‍ബന്ധപൂര്‍വം ആശുപത്രിയില്‍ അഡ്‍മിറ്റ് ചെയ്യുകയായിരുന്നു.

രക്തം കയറ്റുന്ന കാര്യം ഉറപ്പാക്കാൻ കൂടിയാണ് സത്യൻ ആശുപത്രിയിലെത്തിയത്. എന്നാല്‍ അത്രകണ്ട് ഗുരുതരാവസ്ഥയിലേക്ക് മാറിയിരുന്നു സത്യന്റെ ആരോഗ്യം. ആശുപത്രിയില്‍ പ്രവേശിപ്പിച്ച അന്ന് രാത്രിയായപ്പോള്‍ തന്നെ ഗുരുതരമായി. മൂന്നാം നാളായിരുന്നു സത്യന്റെ മരണം.

ആശുപത്രിയില്‍ കാണാനെത്തിയ മക്കളടക്കമുള്ളവരോട് തനിക്ക് കുഴപ്പമൊന്നുമില്ലെന്നായിരുന്നു സത്യൻ പറഞ്ഞത്. ആശുപത്രിക്കാര്‍ വെറുതെ കിടത്തിയിരിക്കുകയാണെന്നും പറഞ്ഞു. ക്ഷീണമാണ്. കുറച്ച് ഉറങ്ങട്ടെയെന്ന് പറഞ്ഞ സത്യൻ പിന്നീടൊന്നും സംസാരിച്ചില്ല.

click me!