എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് വെള്ളാപ്പള്ളി നടേശനെ നീക്കി. വെള്ളാപ്പള്ളി എല്ലാ ബോർഡുമെമ്പർമാരെയും അടക്കം എസ്എന്‍ഡിപി യോഗത്തിൽ നിന്നും ഹൈക്കോടതി അയോഗ്യരാക്കി.

കൊച്ചി: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും വൈസ് പ്രസിഡന്‍റ് തുഷാർ വെള്ളാപ്പള്ളി അടക്കമുള്ള ബോർഡ് അംഗങ്ങളെയും അയോഗ്യരാക്കി ഹൈക്കോടതി. കമ്പനി നിയമ പ്രകാരം റജിസ്റ്റർ ചെയ്ത സ്ഥാപനം കഴിഞ്ഞ 9 വർഷമായി വാർഷിക റിട്ടേൺ സമർപ്പിച്ചില്ലെന്ന് കണ്ടെത്തിയാണ് നടപടി. താൽകാലിക ഡയറക്ടർമാരെ നിയമിച്ച് ഭരണം നടത്താൻ സർക്കാറിന് കോടതി നിർദ്ദേശം നൽകി. വിധിക്കെതിരെ ഉടൻ അപ്പീൽ പോകുമെന്ന് നിലവിലെ ഭരണസമിതി അംഗങ്ങൾ വ്യക്തമാക്കി.

Add Asianetnews as a Preferred SourcegooglePreferred

കമ്പനി നിയമ പ്രകാരം രജിസ്റ്റർ ചെയ്ത എസ്എൻഡിപി യോഗം 2014 ന് ശേഷം വാർഷിക കണക്കുകൾ നൽകിയില്ലെന്നും നിയമ ലംഘനം നടത്തിയ ഡയറക്ടർമാരെ അയോഗ്യരാക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് സിംഗിൾ ബഞ്ചിന്‍റെ ഉത്തരവ്. ഡയറക്ടർമാർ വാർഷിക റിപ്പോർട്ട് ഫയൽ ചെയ്യണം. തുടർച്ചയായി മൂന്ന് വർഷം റിട്ടേൺ ഫയൽ ചെയ്തില്ലെങ്കിൽ കമ്പനി ഡയറക്ടർമാർ അയോഗ്യരാക്കാമെന്നും കമ്പനി നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. എന്നാൽ 2017ൽ വാർഷിക റിട്ടേൺ ഫയൽ ചെയ്യാനുള്ള കാലതാമസം ചൂണ്ടികാട്ടി സർക്കാറിന് നൽകിയ മാപ്പപേക്ഷ അംഗീകരിച്ചെന്നും പിഴയൊടുക്കിയെന്നുമായിരുന്നു എസ്എൻഡിപി യോഗം ഭാരവാഹികളുടെ വാദം. എന്നാൽ പിഴ ഈടാക്കി മാപ്പ് അനുവദിച്ചത് കമ്പനിക്ക് മാത്രമാണെന്നും വ്യക്തികൾക്ക് ബാധകമല്ലെന്നുമുള്ള ഹർജിക്കാരുടെ വാദം കോടതി അംഗീകരിച്ചു. തുടർന്നാണ് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, പ്രസിഡന്‍റ് എംഎൻ സോമൻ, വൈസ് പ്രസിഡന്‍റ് തുഷാർ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് അടക്കമുള്ള ഭാരവാഹികളെയും 170 അംഗങ്ങളെയും കോടതി അയോഗ്യരാക്കിയത്.

2013 ലെ ഭേദഗതി പ്രകാരം കമ്പനി ഡയറക്ടർമാര്‍ക്ക് ഡയറക്ടർ ഐഡന്‍റിഫിക്കേഷൻ നമ്പർ വേണമെന്നത് നിർബന്ധമാണ്. വെള്ളാപ്പള്ളി നടേശൻ അടക്കമുള്ളവർക്ക് ഡിൻ നമ്പർ വിശദാംശങ്ങൾ ഹാജരാക്കാൻ കഴിട്ടില്ല. ഭരണസമിതി അയോഗ്യരാകുമ്പോഴുള്ള പ്രതിസന്ധി മറികടക്കാൻ താൽക്കാലിക ഡയറക്ടർമാരെ നിയമിക്കാൻ സർക്കാറിന് ഹൈക്കോടതി നിർദ്ദേശം നൽകി. സിംഗിൾ ബഞ്ച് വിധിക്കെതിരെ ഉടൻ അപ്പീൽ നൽകാനാണ് നിലവിലെ ബോർഡ് അംഗങ്ങളുടെ തീരുമാനം.

YouTube video player