വെളിച്ചം കാണാതെപോയ നാല് ചിത്രങ്ങള്‍; 'ആത്മസഖി'ക്കു മുന്‍പ് സത്യന്‍ അഭിനയിച്ച സിനിമകള്‍

By Web TeamFirst Published Jun 15, 2021, 7:39 AM IST
Highlights

സത്യന്റെ ആദ്യ സിനിമ ആത്മസഖിയെങ്കിലും വെളിച്ചം കാണാതെ പോയ ചില സിനിമകളുമുണ്ട്.

നീല പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ പി സുബ്രഹ്‍മണ്യം നിര്‍മ്മിച്ച്, ജി ആര്‍ റാവു സംവിധാനം ചെയ്‍ത 'ആത്മസഖി'യിലൂടെയാണ് മലയാളി സിനിമാപ്രേമിക്കു മുന്നിലേക്ക് സത്യന്‍ ആദ്യമായി കടന്നുവരുന്നത്. 1952 ഒക്ടോബറില്‍ തിയറ്ററുകളിലെത്തിയ ചിത്രത്തിന്‍റെ കഥ കെ പി കൊട്ടാരക്കരയുടേതും തിരക്കഥ തിരുനൈനാര്‍കുറിച്ചി മാധവന്‍ നായരുടേതുമായിരുന്നു. ബ്രദര്‍ ലക്ഷ്‍മണന്‍ സംഗീതം പകര്‍ന്ന ചിത്രത്തില്‍ എം എന്‍ നമ്പ്യാര്‍, ബി എസ് സരോജ, ടി എസ് മുത്തയ്യ, മുതുകുളം രാഘവന്‍ പിള്ള തുടങ്ങി ആ സമയത്തെ ശ്രദ്ധേയ സാന്നിധ്യങ്ങള്‍ പലരുമുണ്ടായിരുന്നു. പക്ഷേ സത്യന്‍ ആദ്യമായി അഭിനയിച്ച ചിത്രമായിരുന്നില്ല അത്. ഒന്നും രണ്ടുമല്ല സത്യന്‍റേതായി പുറത്തുവരേണ്ടിയിരുന്ന നാല് ചിത്രങ്ങളാണ് പല ഘട്ടങ്ങളിലായി മുടങ്ങിപ്പോയതെന്നാണ് സിനിമാ മാധ്യമപ്രവര്‍ത്തകന്‍ സാജു ചേലങ്ങാടിന്‍റെ നിഗമനം.

അധ്യാപകന്‍, ഗുമസ്‍തന്‍, ബ്രിട്ടീഷ് പട്ടാളത്തിലെ ഉദ്യേഗസ്ഥന്‍, പൊലീസ് ഇന്‍സ്‍പെക്ടര്‍ തുടങ്ങി വിവിധ മേഖലകളില്‍ ജോലി ചെയ്‍തതിനു ശേഷമാണ് മാനുവല്‍ സത്യനേശന്‍ നാടാര്‍ എന്ന സത്യന്‍ സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് എത്തുന്നത്. സിനിമയിലേക്കുള്ള വരവിന്‍റെ ഭാഗമായായിരുന്നു പേര് മൂന്നക്ഷരത്തിലേക്ക് ചുരുക്കിയത്. അമച്വര്‍ നാടകവേദികളിലൂടെയായിരുന്നു അഭിനയകലയുമായുള്ള ആദ്യ മുഖാമുഖം. എന്നാല്‍ അദ്ദേഹം ആദ്യം അഭിനയിച്ച ചിത്രത്തെക്കുറിച്ച് വിവരങ്ങളൊന്നും ലഭ്യമല്ല. ഈ ചിത്രത്തിന് പേരും ഇട്ടിരുന്നില്ല. അഭിനയിച്ചിട്ട്, വെളിച്ചം കാണാതെപോയ രണ്ടാമത്തെ ചിത്രം 'പയസ്' ആണ്. സത്യന്‍റെ വെളിച്ചം കാണാതെപോയ ആദ്യചിത്രമായി പരക്കെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ള 'ത്യാഗസീമ' യഥാര്‍ഥത്തില്‍ അദ്ദേഹം അഭിനയിച്ച മൂന്നാമത്തെ ചിത്രമാണ്.

കൗമുദി ബാലകൃഷ്‌‍ണന്‍റെ രചനയില്‍ കെ എം കെ മേനോന്‍ നിര്‍മ്മിച്ച്, സംവിധാനം ചെയ്‍ത ചിത്രമായിരുന്നു ത്യാഗസീമ. ഭാരതി, സേതുലക്ഷ്‍മി, ശ്രീ നാരായണ പിള്ള, സി ഐ പരമേശ്വരന്‍ പിള്ള, ജി വിവേകാനന്ദന്‍ എന്നിവര്‍ക്കൊപ്പം പ്രേം നസീറും ഈ ചിത്രത്തില്‍ അഭിനയിച്ചിരുന്നു എന്നതാണ് മറ്റൊരു കൗതുകം. പി ഭാസ്‍കരനും പി എസ് ദിവാകറിനുമായിരുന്നു സംഗീതവിഭാഗത്തിന്‍റെ ചുമതല. തിരുവനന്തപുരം ശാസ്‍തമംഗലത്താണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. എന്നാല്‍ 1952 മാര്‍ച്ചില്‍ സി കേശവന്‍ മന്ത്രിസഭ വീണത് സത്യന്‍റെ സിനിമാ ജീവിതത്തെ തന്നെ ബാധിച്ചു. ഡിഎസ്‍പി സ്ഥാനത്ത് പിന്നീടെത്തിയ മേരി അര്‍പുതം സര്‍വ്വീസില്‍ തുടര്‍ന്നുകൊണ്ടുള്ള സത്യന്‍റെ സിനിമാഭിനയത്തെ എതിര്‍ക്കുകയായിരുന്നു. എന്നാല്‍ പൊലീസ് ഉദ്യോഗം രാജിവച്ച് സിനിമയില്‍ തന്നെ ശ്രദ്ധിക്കാനായിരുന്നു അദ്ദേഹത്തിന്‍റെ തീരുമാനം. പക്ഷേ ത്യാഗസീമയും പൂര്‍ത്തീകരിക്കാതെ നിലച്ചു.

ആലുവ ആസ്ഥാനമായ കേരള കോ ഓപ്പറേറ്റീവ് ഫിലിം സൊസൈറ്റി നിര്‍മ്മിച്ച 'കെടാവിളക്ക്' ആയിരുന്നു സത്യന്‍റേതായി പുറത്തുവരേണ്ടിയിരുന്ന മറ്റൊരു ചിത്രം. രാജേശ്വരി പണ്ഡാലയെയാണ് നായികയായി തീരുമാനിച്ചിരുന്നത്. എന്നാല്‍ പല കാരണങ്ങളാല്‍ നിരവധി തവണ ചിത്രീകരണം നീട്ടിവെച്ച ചിത്രം അവസാനം ഉപേക്ഷിച്ചു. എന്നാല്‍ തുടര്‍ പരാജയങ്ങളിലും തളരാതെ മുന്നോട്ടുപോവുകയായിരുന്നു സത്യന്‍. ആ സമയത്തെ ശ്രദ്ധേയ നടനായിരുന്ന സെബാസ്റ്റ്യന്‍ കുഞ്ഞു കുഞ്ഞു ഭാഗവതരെ അദ്ദേഹം ഒരു വേഷത്തിനായി സമീപിച്ചു. കുഞ്ചാക്കോ അടക്കം പലരോടും അദ്ദേഹം സത്യനുവേണ്ടി സംസാരിക്കുകയും ചെയ്‍തിരുന്നു. പക്ഷേ ഒന്നും നടക്കാതെപോയി. എന്നാല്‍ അവസാനം പി സുബ്രഹ്മണ്യത്തിന്‍റെ 'ആത്മസഖി'യില്‍ ഒരു വേഷം ലഭിക്കാന്‍ കാരണക്കാരനായതും ഭാഗവതര്‍ ആയിരുന്നു. 'ത്യാഗസീമ'യിലെ ചില രംഗങ്ങള്‍ സുബ്രഹ്മണ്യം മുതലാളി കണ്ടിട്ടുമുണ്ടായിരുന്നു. സത്യനെ ഉള്‍പ്പെടുത്തുന്ന കാര്യമറിഞ്ഞ് പലരും നിരുത്സാഹപ്പെടുത്തിയിട്ടും ത്യാഗസീമയിലെ അദ്ദേഹത്തിന്‍റെ പ്രകടനം മുന്‍നിര്‍ത്തി സുബ്രഹ്‍മണ്യം എടുത്ത തീരുമാനത്തില്‍ ഉറച്ചുനിന്നു. ആത്മസഖിയിലൂടെത്തന്നെ സത്യന്‍റെ പ്രകടനം കാണികളുടെ ശ്രദ്ധ നേടി. 1954ല്‍ 'നീലക്കുയില്‍' പുറത്തെത്തിയതോടെ സത്യന്‍ എന്ന നടന്‍ കരിയറിലെ ഉയരങ്ങളിലേക്കുള്ള നെടുമ്പാത കയറിത്തുടങ്ങി. 

സത്യന്റെ റിലീസ് ചെയ്യാത്ത സിനിമകളിലേത് അല്ല ഫോട്ടോയിലുള്ളത്.

click me!