
'പൂക്കാലം വരവായ്' സീരിയലിലെ 'അഭിമന്യു' എന്ന നായകവേഷത്തിലൂടെ പ്രേക്ഷകപ്രശംസ നേടിയ താരമാണ് അരുണ്‍ രാഘവ്. ലേശം കലിപ്പനായ നായകനെ ഇഷ്‍ടപ്പെട്ടവരില്‍ മലയാളി ആരാധികമാര്‍ നിരവധിയാണ്. അരുണിന്റെ നിലവിലെ കഥാപാത്രം 'മിസ്റ്റര്‍ ഹിറ്റ്‍ലറി'ലെ ദേവ് കൃഷ്‍ണയാണ്. നടന്റെ ജന്മദിന ആഘോഷമാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമത്തില്‍ ശ്രദ്ധ നേടുന്നത്.
ജന്മദിനം ആഘോഷിക്കുന്ന അരുണ്‍ രാഘവിന് സഹതാരങ്ങള്‍ ചേര്‍ന്ന് ഒരുക്കിയ കിടിലനൊരു സര്‍പ്രൈസാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ഒന്നും പ്രതീക്ഷിക്കാതെ റൂമിലേക്ക് വന്ന് കയറി നടന്‍ കൂട്ടുകാര്‍ ഒരുക്കിയ സര്‍പ്രൈസ് മനസിലാവാതെ ആദ്യം പകച്ചു. പിന്നെയാണ് പിറന്നാളാഘോഷമാണെന്ന കാര്യം നടന് മനസിലാവുന്നത്. ശേഷം എല്ലാവര്‍ക്കും കേക്ക് മുറിച്ച് മധുരം പങ്കുവെക്കുകയൊക്കെ ചെയ്തതിന് ശേഷമാണ് വീഡിയോ അവസാനിക്കുന്നത്.
'പ്രിയ അരുണ്‍, നിങ്ങള്‍ എങ്ങനെയാണെന്നുള്ളതില്‍ വളരെയധികം അഭിമാനിക്കുന്നു. നല്ല മനസുള്ള, എല്ലാവരോടും ദയയുള്ള, പോസിറ്റീവായി ചിന്തിക്കുന്ന, ഉപദേഷ്‍ടാവ്, മികച്ച നടന്‍, ഒരു നല്ല സുഹൃത്ത്, പിന്തുണ കൊടുക്കുന്ന ഭര്‍ത്താവ്, അതിശയിപ്പിക്കുന്ന അച്ഛന്‍, അങ്ങനെയെല്ലാമായ മനുഷ്യനാണ്. നിങ്ങള്‍ ഞങ്ങളുടെ ജീവിതത്തില്‍ ഉണ്ടായിരിക്കുന്നത് ഭാഗ്യമാണ്. ഞങ്ങളുടെ ജീവിതാവസാനം വരെ ഞങ്ങള്‍ ഇതുപോലെ ഒരുമിച്ച് നില്‍ക്കണമെന്ന് എന്റെ ഹൃദയത്തിന്റെ ഉള്ളില്‍ നിന്നും ആഗ്രഹിക്കുകയാണ്. ഞാന്‍ തകര്‍ന്നിരുന്ന സമയത്ത് എന്റെ മാനസിക ശക്തിയായതിന് നന്ദി. എല്ലാവരുടെയും ജീവിതത്തില്‍ ഒരു അരുണ്‍ ഉണ്ടായിരിക്കണമെന്ന് ഞാന്‍ ശരിക്കും ആഗ്രഹിക്കുന്നു. നിങ്ങള്‍ക്ക് ജന്മദിനാശംസകള്‍ നേരുകയാണ് എന്നും നടി അഞ്ജലി പറയുന്നു.
'ഭാര്യ' എന്ന സൂപ്പർഹിറ്റ് സീരിയലില്‍ 10 വേഷങ്ങള്‍ ചെയ്‍ത് അരുണ്‍ രാഘവൻ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. 'ഭാര്യ' എന്ന സീരിയലില്‍ പെണ്‍വേഷത്തിലുള്‍പ്പടെ പ്രത്യക്ഷപ്പെട്ടാണ് അരുൺ ആരാധകരെ കൈയ്യിലെടുത്തത്. ഇടയ്ക്ക് വില്ലൻ കഥാപാത്രങ്ങളും അരുണ്‍ രാഘവൻ ചെയ്‍തിട്ടുണ്ട്. പിന്നീടിങ്ങോട്ട് നായകവേഷങ്ങളാണ് താരത്തെ തേടി എത്തിയത്.
Read More: ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന 'പടച്ചോനേ ഇങ്ങള് കാത്തോളീ', റിവ്യു