ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന 'പടച്ചോനേ ഇങ്ങള് കാത്തോളീ', റിവ്യു

By Web TeamFirst Published Nov 24, 2022, 5:54 PM IST
Highlights

ശ്രീനാഥ് ഭാസിയുടെ 'പടച്ചോനേ ഇങ്ങള് കാത്തോളീ' എന്ന ചിത്രത്തിന്റെ റിവ്യു.

'പടച്ചോനേ ഇങ്ങള് കാത്തോളീ' എന്ന പേരിന്റെ കൗതുകമാണ് ചിത്രത്തെ ആദ്യം പ്രേക്ഷക ശ്രദ്ധയിലെത്തിച്ചത്. കുതിരവട്ടം പപ്പുവിന്റെ ശബ്‍ദം ഓര്‍മയിലേക്ക് എത്തിക്കുന്ന മലയാളത്തിലെ എക്കാലത്തെയും ചിരി ഡയലോഗ് തന്നെ സിനിമയ്‍ക്ക് പേരായതു പ്രേക്ഷകരെ ആകര്‍ഷിച്ചിരുന്നു. ആക്ഷേപ ഹാസ്യ ചിത്രമായിരിക്കും പടച്ചോനേ കാത്തോളീയെന്ന് തീര്‍ച്ചയായിരുന്നു. ചിത്രം ചിരിപ്പിക്കുന്നത് തന്നെയായിരിക്കും എന്ന് പ്രമോഷണല്‍ മെറ്റീരിയലുകളും സാക്ഷ്യപ്പെടുത്തിയിരുന്നു. എന്തായാലും 'പടച്ചോനേ ഇങ്ങള് കാത്തോളീ' തിയറ്ററില്‍ എത്തിയപ്പോഴുള്ള കാഴ്‍ചയും പ്രതീക്ഷകളെയെല്ലാം ശരിവയ്‍ക്കുന്നതാണ്. സമകാലീന വര്‍ത്തമാന കേരളത്തിലെ സംഭവവികാസങ്ങളെ ഓര്‍മിക്കുകയും ചിരിപ്പിക്കുകയുമാണ് ചിത്രം. ഗൗരവമായ ഒരു വിഷയത്തെ രസകരമായി ചര്‍ച്ചയിലെത്തിക്കുകയാണ് ചിത്രം.

വയനാട് ജില്ലയിലെ ഒരു ഗ്രാമത്തിലാണ് കഥ നടക്കുന്നത്.  പാര്‍ട്ടി ഗ്രാമത്തിലെ ഒരു തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് സിനിമയുടെ തുടക്കം. സ്വാഭാവികമായും പാര്‍ട്ടി തന്നെയാണ് തെരഞ്ഞെടുപ്പില്‍ ജയിക്കുന്നത്. എതിര്‍ പാര്‍ട്ടിക്കാരുടെ വോട്ട് തേടലിന്റെ സംഭവങ്ങളെല്ലാം ആക്ഷേപഹാസ്യത്തില്‍ അവതരിപ്പിച്ചാണ് ചിത്രം തുടക്കത്തില്‍ തന്നെ പ്രേക്ഷകരുടെ ഇഷ്‍ടം സ്വന്തമാക്കുന്നത്. ഹൈസ്‍കൂള്‍ അധ്യാപകനുമായ 'സഖാവ് ദിനേശനാ'ണ് കഥയില്‍ കേന്ദ്രസ്ഥാനത്ത് വരുന്നത്. കമ്മ്യൂണിസ്റ്റ് ആശയങ്ങളില്‍ ഉറച്ച് വിശ്വസിക്കുന്ന 'ദിനേശൻ' കഥാഗതിയില്‍ വിശ്വാസിയും സംഘപരിവാറിനെ സൂചിപ്പിക്കുന്നതുമായ പാര്‍ട്ടി കുടുംബക്കാരിയുമായ പെണ്‍കുട്ടിയുമായി പ്രണയത്തിലാകുന്നു. തുടര്‍ന്ന് 'ദിനേശന്റെ' ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളാണ് രസകരമായി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

എഡിറ്ററായി ഹിറ്റ് സിനിമകളുടെ ഭാഗമായ ബിജിത്ത് ബാലയുടെ രണ്ടാമത്തെ സംവിധാന സംരഭമാണ് 'പടച്ചോനേ ഇങ്ങള് കാത്തോളീ'. രസകരമായ ആഖ്യാനമാണ് ചിത്രത്തിനായി ബിജിത്ത് ബാല സ്വീകരിച്ചിരിക്കുന്നത്.  ജനപ്രിയ ആക്ഷേപഹാസ്യ പരിപാടിയായ 'ഗമ്മി'ലൂടെ തുടങ്ങുന്ന ചിത്രം പറയുന്നത് എന്താണെന്ന് ആദ്യ രംഗത്തില്‍ തന്നെ സംവിധായകൻ വ്യക്തമാക്കുന്നു. വിവിധ പാര്‍ട്ടികളുടെ ശീലങ്ങളെ ആക്ഷേപഹാസ്യത്തിന്റെ മേമ്പൊടിയില്‍ പരിഹസിക്കുന്ന തിരക്കഥാകൃത്തും സംവിധായകനും അക്രമരാഷ്‍ട്രീയത്തിന്റെ ദുരന്ത സാഹചര്യങ്ങളെയും അടിവരയിട്ട് പരാമര്‍ശിക്കുന്നുണ്ട്. കഥയിലെ ചില സാങ്കല്‍പ്പിക രംഗങ്ങളെ വിശ്വസനീയമെന്ന വിധം തോന്നിപ്പിച്ചാണ് ചിത്രത്തിന്റെ കഥാഗതി. പ്രദീപ് കുമാര്‍ കാവുംന്തുറയുടെ തിരക്കഥയ്‍ക്ക് കേരളീയ രാഷ്‍ട്രീയ സാഹചര്യങ്ങളെ ഓര്‍മപ്പെടുത്തി ചിരിപ്പിക്കാനാകുന്നുണ്ട്. മലയാളി പ്രേക്ഷകനോട് ചേര്‍ന്നു നില്‍ക്കുന്ന കഥാപരിസരങ്ങളിലൂടെ പറയാനുദ്ദേശിച്ച വിഷയം കൃത്യമായി പകരാൻ  പ്രദീപ് കുമാര്‍ കാവുംന്തുറയുടെ എഴുത്തിനാകുന്നുണ്ട്.

നായക വേഷത്തിലുള്ള 'സഖാവ് ദിനേശനെ' സ്ക്രീനില്‍ പകര്‍ത്തിയിരിക്കുന്നത് ശ്രീനാഥ് ഭാസിയാണ്. ശ്രീനാഥ് ഭാസിയുടെ ഇതുവരെയുള്ള കരിയറില്‍ തീര്‍ത്തും വേറിട്ടുനില്‍ക്കുന്ന ഒരു കഥാപാത്രമാണ് 'സഖാവ് ദിനേശൻ'. കുടുംബാന്തരീക്ഷത്തോട് അടുത്തുനില്‍ക്കുന്ന കഥാ നായകൻ ശ്രീനാഥ് ഭാസിയുടെ സിനിമാ ജീവിതത്തില്‍ വഴിത്തിരുവാകും. പക്വമായ വേഷപകര്‍ച്ചയാണ് സിനിമയില്‍ ശ്രീനാഥ് ഭാസി നടത്തിയിരിക്കുന്നത്. കമ്മ്യൂണിസ്റ്റ് ആശയ വിശ്വാസിയും അധ്യാപകനുമായ കഥാപാത്രത്തിന് ശ്രീനാഥ് ഭാസി മികവാര്‍ന്ന ഒരു വ്യക്തിത്വം നല്‍കിയിരിക്കുന്നു. പ്രണയ രംഗങ്ങളിലും ശ്രീനാഥ് ഭാസി മികവ് കാട്ടുന്നു. കഥയുടെ നിര്‍ണ്ണായക സന്ദര്‍ഭത്തില്‍ സഖാവിന്റെ ദിനേശിന്റെ ഭാവ മാറ്റം വിസ്‍മിയിപ്പിക്കുന്ന രീതിയില്‍ കയ്യടക്കത്തോടെയാണ് ശ്രീനാഥ് ഭാസി പകര്‍ത്തിയിരിക്കുന്നത്.

ഇഷ്‍ടം തോന്നുന്ന ചില മാനറിസങ്ങളിലൂടെ ഗ്രേസ് ആന്റണിയും മികച്ച പ്രകടനം നടത്തിയിരിക്കുന്നു. 'സഖാവ് ഇന്ദു'വായിട്ടുള്ള ഭാവത്തില്‍ ഗ്രേസ് ആന്റണിയുടെ ചില ചലനങ്ങള്‍ പോലും രസിപ്പിക്കുന്നതാണ്. 'സഖാവ് ദിനേശന്റെ' ചില സംഭാഷണങ്ങളോട് 'സഖാവ് ഇന്ദു'വായി ഗ്രേസ് ആന്റണി നടത്തുന്ന റിയാക്ഷൻ പോലും പ്രേക്ഷക ശ്രദ്ധയില്‍ പെടുംവിധം വേറിട്ടതാണ്.  ട്രെയിലറിലൂടെ തന്നെ തരംഗമായ വോട്ടെടുപ്പ് രംഗങ്ങളില്‍ ഗ്രേസ് ആന്റണി തിയറ്ററിലും ചിരിപ്പിക്കുന്നു. തുറന്നുപറഞ്ഞിട്ടില്ലാത്ത പ്രണയം സിനിമയില്‍ ഗ്രേസ് ആന്റണി അനുഭവപ്പെടുത്തുന്നതും പക്വതയാര്‍ന്ന അഭിനേതാവിന് മാത്രം സാധിക്കുന്ന തരത്തിലാണ്. സരശ്ശ ബാലുശ്ശേരി ചെയ്‍ത കഥാപാത്രവും സിനിമയില്‍ നിര്‍ണായകമാകുന്നു. മാമുക്കോയയെയും രാജേഷ് മാധവനെയും തീര്‍ത്തും വേറിട്ട കഥാപാത്രങ്ങളില്‍ കാണാനാകുന്നതും ചിത്രത്തിലെ കൗതുകമാണ്.

പല അടരുകളുള്ള ചിത്രത്തിന്റെ കഥാഗതിക്ക് ചേര്‍ന്നുപോകും വിധമുള്ള ക്യാമറാനോട്ടമാണ് ഛായാഗ്രാഹകൻ വിഷ്‍ണു പ്രസാദിന്റേത്. ഫാന്റസി കാഴ്‍ചകളിലെ കഥാപാത്രങ്ങളെ പകര്‍ത്തിയിരിക്കുന്നത് സമര്‍ഥമായാണ്. ഷാൻ റഹ്‍മാന്റെ സംഗീതവും ചിത്രത്തിന്റെ പലതരം കാഴ്‍ചകളോടും സന്ദര്‍ഭങ്ങളോടും ചേര്‍ന്നുപോകുന്നതാണ്.  നിധീഷ് നടേരി, ബി കെ ഹരിനാരായണൻ, മനു മഞ്‍ജിത്ത് എന്നിവരുടെ വരികളും തിയറ്ററില്‍ മാത്രമല്ല പിന്നീടുള്ള കേള്‍വികളിലും ഇഷ്‍ടപ്പെടുന്നത് തന്നെ.

ചിരിപ്പിപ്പ് ചിന്തിപ്പിക്കുന്ന ഒരു ചിത്രം തന്നെയാണ് 'പടച്ചോനേ ഇങ്ങള് കാത്തോളീ'. ആക്ഷേപ ഹാസ്യ ചിത്രത്തിന്റെ ശ്രേണിയില്‍ മലയാളത്തിലെ മറ്റൊരു മികച്ച സിനിമാസൃഷ്‍ടി കൂടിയായി മാറിയിരിക്കുന്നു 'പടച്ചോനേ ഇങ്ങള് കാത്തോളീ'.  തിയറ്ററില്‍ ഒപ്പം ചേര്‍ന്ന് ചിരിക്കാൻ വകതരുന്ന സംഭാഷണങ്ങള്‍ ഒട്ടേറെയുണ്ട് ചിത്രത്തില്‍. തിയറ്റര്‍ കാഴ്‍ച കഴിഞ്ഞാലും മലയാളികളെ ചിന്തിപ്പിക്കാനുള്ള ഒട്ടേറെ കാര്യങ്ങള്‍ ചിത്രത്തില്‍ പറഞ്ഞുവെച്ചിട്ടുണ്ട്.

Read More: മനം കവര്‍ന്ന് ചിത്രയുടെ താരാട്ട് പാട്ട്; 'ഹയ'യിലെ പുതിയ ഗാനം എത്തി

click me!