കസ്റ്റഡിയില്‍ ആര്യന്‍ ഖാന്‍ ആവശ്യപ്പെട്ടത് ശാസ്ത്ര പുസ്‍തകങ്ങള്‍; ഭക്ഷണം സമീപത്തെ റെസ്റ്റോറന്‍റില്‍ നിന്ന്

Published : Oct 06, 2021, 12:40 PM IST
കസ്റ്റഡിയില്‍ ആര്യന്‍ ഖാന്‍ ആവശ്യപ്പെട്ടത് ശാസ്ത്ര പുസ്‍തകങ്ങള്‍; ഭക്ഷണം സമീപത്തെ റെസ്റ്റോറന്‍റില്‍ നിന്ന്

Synopsis

ആര്യന്‍ ഖാന്‍റെ കസ്റ്റഡി കാലാവധി നാളെ അവസാനിക്കും

നര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയുടെ (Narcotics Control Bureau/ NCB/ എന്‍സിബി) കസ്റ്റഡിയിലുള്ള ആര്യന്‍ ഖാന്‍ (Aryan Khan) ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടത് ശാസ്ത്ര പുസ്‍തകങ്ങളെന്ന് (Science Books) റിപ്പോര്‍ട്ട്. ഇതുപ്രകാരം ഉദ്യോഗസ്ഥര്‍ പുസ്‍തകങ്ങള്‍ എത്തിച്ചുനല്‍കിയെന്നും ഇന്ത്യാ ടുഡേയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. കസ്റ്റഡിയില്‍ ഉള്ളവര്‍ക്ക് വീട്ടില്‍ നിന്നുള്ള ഭക്ഷണം അനുവദനീയമല്ലാത്തതിനാല്‍ എന്‍സിബി മെസ്സില്‍ നിന്നും ഓഫീസ് പരിസരത്തെ 'നാഷണല്‍ ഹിന്ദു' റെസ്റ്റോറന്‍റില്‍ നിന്നുമാണ് ആര്യന്‍ ഉള്‍പ്പെടെ മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായവര്‍ക്ക് ഭക്ഷണമെത്തിക്കുന്നതെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ആഡംബര കപ്പലിലെ മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ ആര്യന്‍ ഖാന്‍റെ കസ്റ്റഡി കാലാവധി നാളെ അവസാനിക്കും. അതേസമയം ആര്യന്‍റെയും എന്‍സിബി കസ്റ്റഡിയിലുള്ള മറ്റുള്ളവരുടെയും മൊബൈല്‍ ഫോണുകള്‍ ഫോറന്‍സിക് പരിശോധനയ്ക്കായി ഗാന്ധിനഗറിലുള്ള ലാബില്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. കേസന്വേഷണത്തിന്‍റെ ഭാഗമായി നാല് പേരെക്കൂടി ഇന്നലെ എന്‍സിബി അറസ്റ്റ് ചെയ്‍തിരുന്നു. 'നമാസ് ക്രെയ്' എന്ന ദില്ലി ആസ്ഥാനമായ ഇവന്‍റ് മാനേജ്മെന്‍റ് സ്ഥാപനത്തിലെ നാല് ജീവനക്കാരാണ് അറസ്റ്റിലായത്. ഇതില്‍ സ്ഥാപനത്തിന്‍റെ രണ്ട് അഡീഷണല്‍ ഡയറക്ടര്‍മാരും ഉള്‍പ്പെടും. ഫാഷന്‍ ടിവിക്കൊപ്പം ചേര്‍ന്ന് ഈ സ്ഥാപനമാണ് കപ്പല്‍ യാത്രയിലെ പരിപാടികള്‍ സംഘടിപ്പിച്ചത്. ഒളിവിലുള്ള മറ്റു മൂന്ന് ജീവനക്കാര്‍ക്കായുള്ള അന്വേഷണവും എന്‍സിബി ആരംഭിച്ചിട്ടുണ്ട്.

ബോളിവുഡ് താരം ഷാരൂഖ് ഖാന്‍റെ പുത്രന്‍ ആര്യന്‍ ഖാന്‍, നടന്‍ അര്‍ബാസ് മര്‍ച്ചന്‍റ്, മോഡല്‍ മുണ്‍മൂണ്‍ ധമേച്ച ഉള്‍പ്പെടെ 16 പേരെയാണ് എന്‍സിബി ഇതിനകം അറസ്റ്റ് ചെയ്‍തിരിക്കുന്നത്. ഇക്കൂട്ടത്തില്‍ അറസ്റ്റിലായ മലയാളി ശ്രേയസ് നായര്‍ക്ക് ആര്യന്‍ ഖാനുമായി അടുത്ത ബന്ധമുണ്ടെന്നാണ് എന്‍സിബി അറിയിച്ചിരിക്കുന്നത്. ആര്യന്‍ ഖാന് ഇയാള്‍ സ്ഥിരമായി ലഹരി മരുന്ന് എത്തിച്ചുനല്‍കിയിരുന്നെന്നും ഇടപാടുകള്‍ക്ക് വാട്‍സ്ആപ്പ് ചാറ്റില്‍ കോഡ് ഭാഷ ഉപയോഗിച്ചിരുന്നെന്നും എന്‍സിബി വൃത്തങ്ങള്‍ അറിയിച്ചിരുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കായി ശ്രേയസ് നായരെ ആര്യന്‍ ഖാനൊപ്പമിരുത്തി ചോദ്യം ചെയ്യും. 

PREV
click me!

Recommended Stories

റൊമാന്‍റിക് മൂഡിൽ ഉണ്ണി മുകുന്ദൻ; ‘മിണ്ടിയും പറഞ്ഞും’ ‍ക്രിസ്‍മസിന് തിയറ്ററുകളിൽ
30-ാമത് ഐഎഫ്എഫ്കെ: ഹോമേജ് വിഭാഗത്തില്‍ വാനപ്രസ്ഥം, നിര്‍മ്മാല്യം, കുട്ടിസ്രാങ്ക് ഉൾപ്പടെ 11 ചിത്രങ്ങള്‍