
തിയറ്ററുകളില്‍ വിജയം നേടിയ ചിത്രമായിരുന്നു നാദിര്‍ഷയുടെ സംവിധാന അരങ്ങേറ്റമായിരുന്ന അമര്‍ അക്ബര്‍ അന്തോണി. പൃഥ്വിരാജും ജയസൂര്യയും ഇന്ദ്രജിത്തുമാണ് ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇതിലെ ഒരു കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ആദ്യം നിശ്ചയിച്ചിരുന്നത് ആസിഫ് അലിയെ ആയിരുന്നെന്ന് നാദിര്‍ഷ ഈയിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. പൃഥ്വിരാജ് ഇടപെട്ട് ആസിഫ് അലിയുടെ അവസരം നിഷേധിച്ചുവെന്ന മട്ടില്‍ സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം പ്രേക്ഷകര്‍ വിമര്‍ശനവുമായി എത്തിയിരുന്നു. ഇപ്പോഴിതാ വിഷയത്തില്‍ തന്‍റെ പ്രതികരണം അറിയിച്ചിരിക്കുകയാണ് ആസിഫ് അലി.
താന്‍ സംവിധാനം ചെയ്ത പുതിയ ചിത്രം വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ കൊച്ചിയുടെ പ്രൊമോഷന്‍റെ ഭാഗമായി റെഡി എഫ്എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് നാദിര്‍ഷ ഇതേക്കുറിച്ച് പറഞ്ഞത്. അമര്‍ അക്ബര്‍ അന്തോണിക്ക് ഒരു രണ്ടാം ഭാഗം ഉണ്ടാവുമോ, അങ്ങനെ ഉണ്ടാവുമെങ്കില്‍ ആദ്യ ഭാഗത്തില്‍ അതിഥിതാരമായി എത്തിയ ആസിഫ് അലി അതില്‍ ഉണ്ടാവുമോ എന്നായിരുന്നു അവതാരകന്‍റെ ചോദ്യം. രണ്ടാം ഭാഗം ഉണ്ടാവുമെങ്കില്‍ ആസിഫ് ഉണ്ടാവുമെന്ന് പറഞ്ഞ നാദിര്‍ഷ ആസിഫിനോട് തങ്ങള്‍ക്ക് മറ്റൊരു കടപ്പാടും ഉണ്ടെന്ന് പറഞ്ഞു- "അമര്‍ അക്ബര്‍ അന്തോണി ആദ്യം പ്ലാന്‍ ചെയ്യുമ്പോള്‍ മൂന്ന് കഥാപാത്രങ്ങളില്‍ ഒരാള്‍ ആസിഫ് അലി ആയിരുന്നു. പക്ഷേ രാജുവിലേക്ക് വന്നപ്പോള്‍, രാജുവാണ് പറഞ്ഞത് എടാ പോടാ എന്ന് വിളിച്ചിട്ട് ചെയ്യാന്‍ പറ്റുന്ന ഒരു ഗ്രൂപ്പ് എന്ന് പറയുന്നത് ഞങ്ങള്‍ ക്ലാസ്മേറ്റ്സ് ഗ്രൂപ്പ് ആണ്. അങ്ങനെയാണെങ്കില്‍ കുറച്ചുകൂടി കംഫര്‍ട്ട് ആയിരിക്കുമെന്ന്. അപ്പോഴാണ് അങ്ങനെ നോക്കിയത്. അത് പറഞ്ഞപ്പോള്‍ ഒരു മടിയും വിചാരിക്കാതെ മാറിയ ആളാണ് ആസിഫ്", നാദിര്‍ഷ പറഞ്ഞിരുന്നു.
പൃഥ്വിരാജിനെ വിമര്‍ശിച്ചുകൊണ്ടുള്ള സോഷ്യല്‍ മീഡിയ പ്രതികരണങ്ങളെക്കുറിച്ച് ആസിഫിന്‍റെ പ്രതികരണം ഇങ്ങനെ- "അതൊരു ഭയങ്കര തെറ്റിദ്ധാരണയാണ്. ഒരിക്കലും അതല്ല ആ പറഞ്ഞതിന്‍റെ അര്‍ഥം. അവര്‍ തമ്മിലുള്ള ഫ്രണ്ട്ഷിപ്പ് വച്ച് ആ കഥാപാത്രങ്ങളായി അവര്‍ മൂന്ന് പേര്‍ ആണെങ്കില്‍ അത് കറക്റ്റ് ആയിരിക്കും. ആ സ്ക്രീന്‍ സ്പേസില്‍ ഞാന്‍ പോയിനിന്നാല്‍ ആളുകള്‍ കാണുമ്പോള്‍ ഞാന്‍ ഒരു അനിയനെപ്പോലെ തോന്നിയേക്കാം. അതുകൊണ്ടാണ് അങ്ങനെ പറഞ്ഞത്. അല്ലാതെ ഒരിക്കലും എന്നെ ആ സിനിമയില്‍ നിന്ന് മാറ്റണമെന്നല്ല പറഞ്ഞത്", ഇന്ത്യന്‍ സിനിമാ ഗാലറിക്ക് നല്‍കിയ അഭിമുഖത്തില്‍ ആസിഫ് അലി പറഞ്ഞു. "എന്‍റെ ഒരു പേഴ്സണല്‍ വിഷമം എന്ന് പറഞ്ഞാല്‍ എനിക്ക് ഒരു ആക്സിഡന്‍റ് ആയ സമയത്ത് ആ ദിവസം മുതല്‍ എല്ലാ ദിവസവും എന്നെ വിളിച്ചുകൊണ്ടിരിരുന്ന രണ്ട് പേരാണ് രാജു ചേട്ടനും പ്രിയ ചേച്ചിയും (സുപ്രിയ മേനോന്‍). ഞങ്ങളുടെ ഇടയില്‍ വലിയ പ്രശ്നമുണ്ടെന്ന് സോഷ്യല്‍ മീഡിയയില്‍ കണ്ടപ്പോള്‍ എനിക്കത് ഭയങ്കര വിഷമമായി", ആസിഫ് അലി പറഞ്ഞവസാനിപ്പിക്കുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ