ജൂനിയര്‍ എന്‍ടിആര്‍, വിജയ് ദേവരകൊണ്ട, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങിയവരും അഭിനയിക്കുന്നു

ഇന്ത്യന്‍ സിനിമയില്‍ത്തന്നെ അപ്കമിംഗ് റിലീസുകളില്‍ വലിയ കാത്തിരിപ്പ് ഉയര്‍ത്തിയിട്ടുള്ള ചിത്രമാണ് പ്രഭാസ് നായകനാവുന്ന കല്‍ക്കി 2898 എഡി. നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ചിത്രം സയൻസ് ഫിക്ഷൻ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. ചിത്രത്തിന്‍റെ പ്രൊമോഷന്‍റെ ഭാഗമായി അനിമേഷന്‍ എപ്പിസോഡുകള്‍ പുറത്തിറക്കിയിരിക്കുകയാണ് അണിയറക്കാര്‍. രണ്ട് ഭാഗങ്ങളുള്ള അനിമേഷന്‍ എപ്പിസോഡുകളിലെ ആദ്യ ഭാഗം പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ഇന്നലെ പുറത്തെത്തി. 

പ്രേക്ഷകര്‍ക്കിടയില്‍ ചിത്രത്തിന്‍റെ ആവേശം നിലനിര്‍ത്താനാണ് സംവിധായകൻ നാഗ് അശ്വിന്‍ കൽക്കി 2898 എഡി ചിത്രത്തിന്‍റെ ആമുഖം എന്ന് വിശേഷിപ്പിക്കുന്ന രണ്ട് എപ്പിസോഡുകള്‍ പുറത്തുവിടുന്നത്. ജൂണ്‍ 27 നാണ് ചിത്രം തിയറ്ററുകളില്‍ എത്തുന്നത്. ഇതിഹാസ കാവ്യമായ മഹാഭാരത കാലത്ത് തുടങ്ങുന്നതായിരിക്കും കല്‍ക്കി 2898 എഡിയുടെ പ്രമേയമെന്ന് സംവിധായകൻ നാഗ് അശ്വിൻ വ്യക്തമാക്കിയിരുന്നു. അമിതാഫ് ബച്ചന്‍, കമല്‍ഹാസന്‍, ദീപിക പദുകോണ്‍ തുടങ്ങിയ ഇന്ത്യന്‍ സിനിമയുടെ അതികായര്‍ അണിനിരക്കുന്ന ചിത്രത്തിനു വേണ്ടി സിനിമാ പ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുകയാണ്. 

Scroll to load tweet…

ജൂനിയര്‍ എന്‍ടിആര്‍, വിജയ് ദേവരകൊണ്ട, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്ന ഈ സയന്‍സ് ഫിക്ഷന്‍ ഫാന്റസി ചിത്രം വൈജയന്തി മൂവീസിന്റെ ബാനറില്‍ സി അശ്വിനി ദത്ത് ആണ് നിര്‍മ്മിക്കുന്നത്. പുരാണങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഭാവിയെ തുറന്നുകാണിക്കുന്ന ഒരു സയന്‍സ് ഫിക്ഷനാണ് ‘കല്‍ക്കി 2898 എഡി’ എന്നാണ് റിപ്പോര്‍ട്ട്. കല്‍ക്കിയിലെ നായകനായ പ്രഭാസ് അവതരിപ്പിക്കുന്ന ഭൈരവയുടെ റോബോട്ടിക് വാഹനത്തിന്‍റെ പേരാണ് ബുജ്ജി. ബുജ്ജിയ്ക്ക് വേണ്ടി ശംബ്ദം നല്‍കിയിരിക്കുന്നത് കീര്‍ത്തി സുരേഷാണ്. സന്തോഷ് നാരായണനാണ് ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കുക. സാന്‍ ഡിയാഗോ കോമിക്-കോണില്‍ കഴിഞ്ഞ വര്‍ഷം നടന്ന തകര്‍പ്പന്‍ അരങ്ങേറ്റത്തിന് ശേഷം ആഗോളതലത്തില്‍ ശ്രദ്ധയാകര്‍ഷിച്ച ഈ ചിത്രം വന്‍ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ നോക്കിക്കാണുന്നത്.

ALSO READ : ഡിഫറന്‍റ് ആര്‍ട്ട് സെന്‍ററിന് 1.8 കോടി രൂപ നല്‍കാന്‍ ഡിസ്‍നി സ്റ്റാർ ഇന്ത്യ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം