
ബേസിൽ ജോസഫിനെ നായകനാക്കി നവാഗതനായ അരുൺ അനിരുദ്ധൻ ഒരുക്കിയ ചിത്രം അതിരടി ഒടിടി സ്ട്രീമിംഗ് ഡേറ്റ് പുറത്ത്. ക്യാംപസ് എന്റർടെയ്‌നറായി തിയേറ്ററുകളിൽ എത്തിയ ചിത്രം ആഗോള കളക്ഷനായി 67 കോടിയോളം സ്വന്തമാക്കിയിരുന്നു. സാംകുട്ടി എന്ന കഥാപാത്രമായി ബേസിൽ ചിത്രത്തിൽ എത്തിയപ്പോൾ ശ്രീക്കുട്ടൻ വെള്ളായണി എന്ന വില്ലൻ കഥാപാത്രമായി ടൊവിനോ തോമസും ചിത്രത്തിൽ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു.
മെയ് 14 ന് തിയേറ്ററുകളിൽ എത്തിയ ചിത്രം സോണി ലിവിലൂടെ ജൂൺ 19 മുതലാണ് സ്ട്രീമിംഗ് ആരംഭിക്കുന്നത്. ചിത്രത്തിൻ്റെ മലയാളം പതിപ്പിന് പ്രേക്ഷകർ നൽകിയ ആവേശകരമായ സ്വീകരണത്തിന് ശേഷം, മെയ് 22 നാണു ചിത്രത്തിൻ്റെ തമിഴ് പതിപ്പ് എത്തിയത്. ആദ്യ ദിനം ആഗോള തലത്തിൽ 13 കോടി രൂപ നേടിക്കൊണ്ട്, ഈ വർഷം ഒരു മലയാള ചിത്രം നേടുന്ന ഏറ്റവും വലിയ നാലാമത്തെ ആഗോള ഓപ്പണിംഗ് സ്വന്തമാക്കിയ ചിത്രം, ഈ വർഷം 50 കോടി ക്ലബിലെത്തിയ അഞ്ചു മലയാള ചിത്രങ്ങളിലൊന്ന് കൂടിയാണ്.
ഒരു പക്കാ മാസ്സ് കോമഡി ക്യാമ്പസ് ഫെസ്റ്റിവൽ ചിത്രമായാണ് അതിരടി ഒരുക്കിയിരിക്കുന്നത്. യുവ പ്രേക്ഷകർക്കൊപ്പം കുടുംബ പ്രേക്ഷകരെയും ആകർഷിച്ച ചിത്രം,ആദ്യാവസാനം പ്രേക്ഷകരെ ചിരിയും ആക്ഷനും കൊണ്ട് ആവേശം കൊള്ളിക്കുന്ന രീതിയിൽ ആണ് കഥ പറയുന്നത്. ഒട്ടേറെ താരങ്ങൾക്കുള്ള ചിത്രത്തിന്റെ ഹൈലൈറ്റ്, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, ടോവിനോ തോമസ്, ഷാൻ റഹ്മാൻ എന്നിവരുടെ അതീവ രസകരമായ പ്രകടനമാണ്. ഡോ. അനന്തു എന്റർടൈൻമെൻറ്സിന്റെ ബാനറിൽ ഡോ. അനന്തു എസും, ബേസിൽ ജോസഫ് എന്റർടൈൻമെൻറ്സിന്റെ ബാനറിൽ ബേസിൽ ജോസഫും ചേർന്നാണ് ചിത്രം നിർമ്മിച്ചത്.
നവാഗതനായ അരുൺ അനിരുദ്ധൻ സംവിധാനം ചെയ്ത ചിത്രത്തിന്റെ കോ പ്രൊഡ്യൂസർമാർ സംവിധായകനും ഛായാഗ്രാഹകനുമായ സമീർ താഹിറും ടൊവിനോ തോമസും ആണ്. റിയ ഷിബു, സരിൻ ഷിഹാബ്, വിഷ്ണു അഗസ്ത്യ, ദർശന രാജേന്ദ്രൻ, ജിയോ ബേബി, വിനീത് തട്ടിൽ തുടങ്ങിയവരും ഒട്ടേറെ പുതുമുഖങ്ങളും ചിത്രത്തിൽ മികച്ച പ്രകടനം കൊണ്ട് ശ്രദ്ധ നേടുന്നുണ്ട്. പോൾസൺ സ്കറിയ, അരുൺ അനിരുദ്ധൻ എന്നിവർ ചേർന്നാണ് ചിത്രം രചിച്ചത്. ചിത്രം ഗൾഫിൽ വിതരണം ചെയ്തത് ട്രൂത്ത് ഗ്ലോബൽ ഫിലിംസ്.
ഛായാഗ്രഹണം - സാമുവൽ ഹെൻറി, സംഗീതം - വിഷ്ണു വിജയ്, എഡിറ്റർ - ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈനർ - മാനവ് സുരേഷ്, കോസ്റ്റ്യൂം - മഷർ ഹംസ, മേക്കപ്പ് - റൊണക്സ് സേവ്യർ, സൗണ്ട് ഡിസൈനർ - നിക്സൺ ജോർജ്, വരികൾ - സുഹൈൽ കോയ, പ്രൊഡക്ഷൻ കൺട്രോളർ - ആൻ്റണി തോമസ്, എക്സികുട്ടീവ് പ്രൊഡ്യൂസർ- നിഖിൽ രാമനാഥ്, അമൽ സേവ്യർ മനക്കത്തറയിൽ, ഫിനാൻസ് കൺട്രോളർ - ഐഡൻചാർട്ട്സ്, വിഎഫ്എക്സ് - മൈൻഡ്സ്റ്റെയിൻ സ്റ്റുഡിയോസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ - സുകു ദാമോദർ, സോഹിൽ, സ്റ്റിൽസ് - രോഹിത് കെ സുരേഷ്, ടൈറ്റിൽ ഡിസൈൻ - സർക്കാസനം, പബ്ലിസിറ്റി ഡിസൈൻ - റോസ്റ്റഡ് പേപ്പർ, പിആർഒ - വൈശാഖ് സി വടക്കെവീട്, ജിനു അനിൽകുമാർ
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ