
സമീപകാലത്ത് റിലീസ് ചെയ്ത് ലോകമെമ്പാടുമുള്ള സിനിമാസ്വാദകർക്ക് ദൃശ്യവിരുന്ന് ഒരുക്കിയ ചിത്രമാണ് ജയിലർ. തലൈവർ രജനികാന്ത് നായകനായി എത്തിയ ചിത്രം സംവിധാനം ചെയ്തത് നെൽസൺ ദിലീപ് കുമാർ ആണ്. ബീസ്റ്റ് എന്ന ചിത്രത്തിന്‍റെ പരാജയ ശേഷം നെൽസൺ സംവിധാനം ചെയ്ത സിനിമ അദ്ദേഹത്തിന്റെ വലിയൊരു തിരിച്ചുവരവ് കൂടിയായിരുന്നു. രജികാന്തിനൊപ്പം മോഹൻലാലും ശിവരാജ് കുമാറും കാമിയോ റോളിൽ എത്തി കസറിയതോടെ പടത്തിന് ലഭിച്ച റീച്ച് വേറെ ലെവൽ ആണ്. ഇവർക്കൊപ്പം തന്നെ വിനായകൻ അവതരിപ്പിച്ച വില്ലൻ കഥാപാത്രം ഓരോ സിനിമാസ്വാദകരുടെയും മനസിലും ഇടംപിടിച്ചു.
വർമൻ എന്ന കഥാപാത്രമായി രജനികാന്തിനൊപ്പം വിനായകൻ കട്ടക്ക് നിന്നപ്പോൾ പ്രേക്ഷകർ ഒന്നടങ്കം പറഞ്ഞു, 'സമീപകാലത്ത് ഇന്ത്യൻ സിനിമ കണ്ടതിൽ വച്ച് ഏറ്റവും മികച്ച വില്ലൻ'. സിനിമ റിലീസ് ചെയ്ത് ദിവസങ്ങൾ പിന്നിടുമ്പോഴും വിനായകന് വൻ തോതിൽ പ്രശംസകൾ ലഭിച്ചു കൊണ്ടിരിക്കയാണ്.
റിലീസ് ദിനം മുതൽ ബോക്സ് ഓഫീസിൽ മിന്നും പ്രകടനം കാഴ്ചവയ്ക്കുന്ന സിനിമയുടെ വിജയത്തിന്റെ സന്തോഷത്തിലാണ് നിർമാതാക്കളും അണിയറ പ്രവർത്തകരും. ഇതിന്റെ ഭാഗമായി രജനികാന്ത്, നെൽസൺ, അനിരുദ്ധ് തുടങ്ങിയവർക്ക് ലാഭത്തിൽ നിന്നും പങ്കും ആഡംബര കാറുകളും സമ്മാനിച്ചിരുന്നു. ഈ അവസരത്തിൽ വിനായകന് ഒന്നുമില്ലേ എന്നാണ് മലയാളികൾ ഉൾപ്പടെ ഉള്ള സിനിമാസ്വാദകർ ചോദിക്കുന്നത്.
അനിരുദ്ധിന് കാറും ചെക്കും കൈമാറുന്ന നിർമാതാവ് കലാനിധി മാരന്റെ ചിത്രങ്ങളും വീഡിയോകളും സൺ പിക്ചേഴ്സിന്റെ ഔദ്യോഗിക പേജിൽ ഷെയർ ചെയ്തിരുന്നു. ഇതിന് താഴെ ആണ് വിനായകനും സമ്മാനത്തിന് അർഹനാണെന്ന കമന്റുകൾ വരുന്നത്.
"വിനായകന് സമ്മാനമില്ലേ? വില്ലനെ വിനായകൻ വളരെ പവർ ഫുൾ ആയി അവതരിപ്പിച്ചു. ജയിലർ സിനിമ ഇത്രത്തോളം വിജയിക്കാൻ കാരണം അദ്ദേഹത്തിന്റെ കഥാപാത്രവും ഗംഭീര പ്രകടനവുമാണ്, സിനിമ നന്നാകണമെങ്കിൽ വില്ലൻ അത്രയും ശക്തനായിരിക്കണം. വിനായകനെ മറക്കല്ലേ, വിനായകനും ഒരു ഫെരാരി അർഹിക്കുന്നു, വിനായകനും ഒരു ഉയർന്ന അംഗീകാരം അർഹിക്കുന്നു. തന്റെ വേഷം വളരെ നന്നായി അദ്ദേഹം ചെയ്തു, വിനായകന്റെ സംഭാവനയോ പ്രകടനമോ ആണ് ജയിലറുടെ പ്രധാന വിജയം...അദ്ദേഹത്തെ അംഗീകരിക്കേണ്ടതുണ്ട്", എന്നിങ്ങനെ പോകുന്നു കമന്റുകൾ. എന്തായാലും ആരാധകരുടെ ആവശ്യം നിർമ്മാതാക്കൾ പരിഗണിക്കുമോ ഇല്ലയോ എന്ന് കാത്തിരുന്നു തന്നെ കാണേണ്ടിയിരിക്കുന്നു.
'ചന്ദ്രു വക്കീൽ' ചില്ലറക്കാരനല്ല, പക്കാ മാസ് ആക്ഷനും അറിയാം; 'ജയ് ഭീം' ഡിലീറ്റഡ് സീൻ പുറത്ത്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം..