'മായികമായ അനുഭവം'; മമ്മൂട്ടിക്കൊപ്പം 'ക്രിസ്റ്റഫറി'ല്‍ പ്രവര്‍ത്തിച്ചതിനെക്കുറിച്ച് ബി ഉണ്ണികൃഷ്‍ണന്‍

By Web TeamFirst Published Sep 23, 2022, 4:00 PM IST
Highlights

ചിത്രത്തിൽ ഒരു പോലീസ് ഓഫീസറുടെ വേഷത്തിലാണ് മമ്മൂട്ടി 

ബി ഉണ്ണികൃഷ്ണന്‍ ചിത്രം ക്രിസ്റ്റഫര്‍ പൂര്‍ത്തിയാക്കി മമ്മൂട്ടി. ഉണ്ണികൃഷ്ണന്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്. മമ്മൂക്ക ക്രിസ്റ്റഫറിലെ തന്‍റെ ഭാഗം പൂര്‍ത്തിയാക്കി. അദ്ദേഹത്തെ ചിത്രീകരിക്കുക എന്നത് ശരിക്കും മായികമായ അനുഭവം തന്നെയായിരുന്നു. എല്ലാത്തിനും നന്ദി മമ്മൂക്ക, മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് ബി ഉണ്ണികൃഷ്ണന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

മമ്മൂട്ടി ടൈറ്റില്‍ കഥാപാത്രമായാണ് ക്രിസ്റ്റഫറില്‍ എത്തുന്നത്. ബയോഗ്രഫി ഓഫ് എ വിജിലാന്‍റെ കോപ്പ് എന്നാണ് ചിത്രത്തിന്‍റെ ടാഗ് ലൈന്‍. ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രമാണിത്. ചിത്രത്തിൽ ഒരു പോലീസ് ഓഫീസറുടെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. ആർ ഡി ഇല്യൂമിനേഷന്‍സ് ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ഒട്ടേറെ ഹിറ്റുകളുടെ രചന നിര്‍വ്വഹിച്ചിട്ടുള്ള ഉദയകൃഷ്‍ണയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മൂന്ന് നായികമാരാണ് ചിത്രത്തില്‍. സ്നേഹ, അമല പോൾ, ഐശ്വര്യ ലക്ഷ്മി എന്നിവർ. തെന്നിന്ത്യന്‍ താരം വിനയ് റായ്‍ ഒരു സുപ്രധാന വേഷത്തില്‍ എത്തുന്നു എന്നതും പ്രത്യേകതയാണ്. ഷൈൻ ടോം ചാക്കോ, ദിലീഷ് പോത്തൻ, സിദ്ദിഖ്, ജിനു എബ്രഹാം, വിനീത കോശി, വാസന്തി തുടങ്ങിയവരോടൊപ്പം മുപ്പത്തിയഞ്ചോളം പുതുമുഖങ്ങളും ചിത്രത്തിലെ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എറണാകുളം, പൂയംകുട്ടി, വണ്ടിപ്പെരിയാര്‍ എന്നിവിടങ്ങളായിരുന്നു പ്രധാന ലൊക്കേഷനുകള്‍. മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ ഒരുക്കുന്ന രണ്ടാമത്തെ ചിത്രം ആണിത്. 2010ല്‍ പുറത്തെത്തിയ പ്രമാണിയാണ് ഇരുവരും ഒന്നിച്ച ആദ്യ ചിത്രം.

ALSO READ : ഓര്‍മ്മയില്‍ ഒളി മങ്ങാത്ത തീക്ഷ്‍ണ സൗന്ദര്യം; സില്‍ക്ക് സ്‍മിതയുടെ വേര്‍പാടിന് 26 വര്‍ഷങ്ങള്‍

ഓപ്പറേഷൻ ജാവ ഒരുക്കിയ ഫൈസ് സിദ്ദിഖ് ആണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. സംഗീതം ജസ്റ്റിൻ വർഗീസ്, എഡിറ്റിംഗ് മനോജ്, പ്രൊഡക്ഷൻ കൺട്രോളർ അരോമ മോഹൻ, കലാ സംവിധാനം ഷാജി നടുവിൽ, വസ്ത്രാലങ്കാരം പ്രവീൺ വർമ്മ, ചമയം ജിതേഷ് പൊയ്യ, ആക്ഷൻ കൊറിയോഗ്രഫി സുപ്രീം സുന്ദർ, ചീഫ് അസോസിയേറ്റ് സുജിത്ത് സുരേഷ്, പിആർഒ പി ശിവപ്രസാദ്, നിയാസ് നൗഷാദ്, മാർക്കറ്റിംഗ് ഒബ്സ്ക്യൂറ എൻ്റർടൈൻമെൻ്റ്സ്, സ്റ്റിൽസ് നവീൻ മുരളി, ഡിസൈൻ കോളിൻസ് ലിയോഫിൽ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

click me!