
കിഷ്കിന്ധാകാണ്ഡം, എക്കോ എന്നീ രണ്ട് ചിത്രങ്ങളിലൂടെ മലയാള സിനിമ പ്രേമികൾക്ക് പ്രിയങ്കരനായി മാറിയ തിരക്കഥാകൃത്തും, സിനിമാറ്റോഗ്രാഫറുമാണ് ബാഹുൽ രമേശ്.കേരള ക്രൈം ഫയൽസ് സീസൺ 2 ന്റെ തിരക്കഥയും ബാഹുൽ രമേശ് ആയിരുന്നു ഒരുക്കിയിരുന്നത്. ഇപ്പോഴിതാ തന്റെ അച്ഛനെ കുറിച്ചും വീട് നൽകുന്ന സംരക്ഷണത്തെ കുറിച്ചും ബാഹുൽ രമേശ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. ഏത് പരാജയത്തിലും തളരാതെ മുന്നോട്ട് പോകാൻ ധൈര്യം നൽകുന്നത്, തിരിച്ചുചെല്ലാൻ സുരക്ഷിതമായൊരു വീടുണ്ടെന്ന ഉറപ്പാണെന്നും ബാഹുൽ കൂട്ടിച്ചേർത്തു.
"വാരണം ആയിരം എന്ന സിനിമയിൽ 'നീങ്ക താൻ എന്നുടെ ഹീറോ ഡാഡി' എന്നൊരു റിയലൈസേഷൻ മൊമന്റ് പറയുന്നില്ലേ. ചെറുപ്പത്തിൽ പുറത്ത് പോയി കഴിഞ്ഞാൽ ഒരു കൂൾബാറിൽ കയറി ഒരു സ്കൂപ്പ് ഐസ്ക്രീം കിട്ടിയാൽ ഞാൻ എപ്പോഴും 'ഒന്നും കൂടി വാങ്ങിച്ച് തരുമോ' എന്ന് ചോദിക്കുമായിരുന്നു, പക്ഷെ ആരും എനിക്ക് വാങ്ങിച്ച് തരില്ല. എപ്പോഴോ ഒരിക്കൽ ഞാനും അച്ഛനും മാത്രമായിട്ട് ഒരു ദിവസം ടൗണിൽ പോയപ്പോൾ ഒരു സ്കൂപ്പ് കഴിച്ച് കഴിഞ്ഞപ്പോൾ ഞാൻ അച്ഛനോട് ഒരു ഐസ്ക്രീം കൂടി വാങ്ങിച്ചുതരുമോ എന്ന് ചോദിച്ചു. ഉടനെ അച്ഛൻ സപ്ലയറെ വിളിച്ച് ഒരു ഐസ്ക്രീം കൂടി ഇവന് കൊടുക്ക് എന്നുപറഞ്ഞു. അത് കേട്ട് ഞാൻ സന്തോഷത്തിൽ, എക്സൈറ്റഡായി ടേബിളിൽ കയറി 'യേ' എന്നുപറഞ്ഞ് തുള്ളി ഇരുന്നു പോയിട്ടുണ്ട്." ബാഹുൽ രമേശ് പറയുന്നു.
"ഒരു ദിവസം രാവിലത്തെ പത്രമെടുത്ത് നോക്കുമ്പോൾ ഇന്ത്യ-ഓസ്ട്രേലിയ ഫൈനൽ എന്ന് കണ്ടു. ഞാൻ അപ്പോൾ അച്ഛനോട് ചോദിച്ചു അച്ഛാ ഇന്ന് ഫൈനലാണ്, ഇന്ന് സ്കൂളിൽ പോകാതിരുന്നാലോയെന്ന്, പോവേണ്ട എന്ന് അച്ഛൻ പറഞ്ഞു. അങ്ങനെ ഇരുന്ന് ഫൈനൽ കണ്ടു. അതിന് ശേഷം പ്ലസ് വണ്ണിൽ എത്തിയപ്പോൾ ഒരു തരിയും തലയിൽ കയറുന്നില്ല. അപ്പൊ ഇനി കൂടുതൽ വായിച്ച് കഴിഞ്ഞാൽ പ്രഷറടിക്കാം എന്നല്ലാതെ ഒന്നും മനസിലാക്കാൻ പോകുന്നില്ലന്നു എനിക്ക് മനസിലായി. 'ഒന്നും മനസിലാക്കാൻ പറ്റുന്നില്ല, തലയിൽ കയറുന്നില്ല' എന്ന് അച്ഛനോട് പറഞ്ഞപ്പോൾ നീ വെറുതെ ടെൻഷൻ അടിക്കേണ്ട വെറുതെ ഇരുന്നോ എന്ന്പറഞ്ഞ് അന്ന് 'ഇൻ ഗോസ്റ്റ് ഹൗസ് ഇൻ' സിനിമക്കൊ മറ്റോ എന്നെ കൊണ്ട് പോയി, പിറ്റേ ദിവസം ആനുവൽ പരീക്ഷ ആയിട്ടും. അപ്പൊ ഈ രീതിയിലുള്ള സപ്പോർട്ടുകൾ വീട്ടിൽ ഉള്ളതുകൊണ്ട് എപ്പോഴും ഒരു അഭയമുണ്ട്, ഇവിടുന്ന് ഒരു റിജെക്ഷൻ കിട്ടി കഴിഞ്ഞാലും ഒന്ന് വീണുപോയി കഴിഞ്ഞാലും തിരിച്ച് ധൈര്യമായിട്ട് വീട്ടിൽ പോകാം." ബാഹുൽ രമേശ് പറയുന്നു. ദി ക്യൂ സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ബാഹുൽ രമേശിന്റെ പ്രതികരണം.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ