
തിയേറ്ററുകളിൽ മികച്ച പ്രേക്ഷക- നിരൂപക പ്രശംസകളുമായി മുന്നേറുകയാണ് സന്ദീപ് പ്രദീപ് നായകനായി എത്തിയ 'എക്കോ'. കിഷ്കിന്ധാ കാണ്ഡം എന്ന ചിത്രത്തിന് ശേഷം ദിൻജിത്ത് അയ്യത്താൻ- ബാഹുൽ രമേശ് കൂട്ടുകെട്ട് വീണ്ടുമൊന്നിച്ച ചിത്രം ആഖ്യാന ശൈലികൊണ്ടും കഥാപരിസരം കൊണ്ടും മലയാളത്തിലെ മികച്ച സിനിമകളുടെ കൂട്ടത്തിലേക്കാണ് നടന്നടുക്കുന്നത്.
കഥാപാത്രങ്ങളുടെ മികച്ച പ്രകടനം തന്നെയാണ് എക്കോയുടെ ഏറ്റവും വലിയ പ്രത്യേകത. സന്ദീപ് പ്രദീപിന്റെയും വിനീതിന്റേയും സൗരഭ് സച്ച്ദേവയുടെയും പ്രകടനത്തോടൊപ്പം ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട കഥാപാത്രമായിരുന്നു ചിത്രത്തിലെ മ്ലാത്തി ചേട്ടത്തി എന്ന കഥാപാത്രം. ഇപ്പോഴിതാ എങ്ങനെയാണ് മ്ലാത്തി ചേട്ടത്തി എന്ന കഥാപാത്രത്തിലേക്കുള്ള അഭിനേതാവിനെ കണ്ടെത്തിയത് എന്നതിനെ കുറിച്ച് സംസാരിക്കുകയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത് ബാഹുൽ രമേശ്.
"എക്കോയിലെ മ്ലാത്തി ചേട്ടത്തി ശരിക്കും ഒരു അഭിനേതാവല്ല. സംവിധായകൻ ക്രിസ്റ്റോ ടോമി സജസ്റ്റ് ചെയ്ത ഒരു ഷോർട്ട് ഫിലിമിന്റെ സംവിധായകൻ മേഘാലയക്കാരനായിരുന്നു. അതിൽചെറിയൊരു വേഷത്തിൽ ഇവർ വന്നിരുന്നു. പ്രൊഫഷണൽ ആക്ടർ ഒന്നുമല്ല." ബാഹുൽ രമേശ് പറയുന്നു. "വിരമിക്കുന്നതുവരെ ഒരു സെൻട്രൽ ഗവണ്മെന്റ് ജോലിക്കാരിയായിരുന്നു അവർ. പിന്നീട് ടീച്ചറായും വർക്ക് ചെയ്തിട്ടുണ്ട്. അവർ ഈ സിനിമയിലേക്ക് വരുന്നത് തന്നെ ഒരു സാഹസം പോലെയായിരുന്നു. 'ഇതുവരെ ചെയ്തിട്ടില്ലാത്ത കാര്യം ചെയ്യണം, അഭിനയം എനിക്ക് അറിയില്ല. പക്ഷെ ഒന്ന് ശ്രമിച്ചുനോക്കാം' എന്നാണ് അവർ എന്നോട് പറഞ്ഞത്." ബാഹുൽ രമേശ് കൂട്ടിച്ചേർത്തു. ദി ക്യൂ സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ബാഹുലിന്റെ പ്രതികരണം.