
മലയാളത്തിലെ ബഹുമുഖ പ്രതിഭയാണ് ബാലചന്ദ്ര മേനോൻ. നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, നിർമ്മാതാവ്, ഗാന രചയിതാവ് തുടങ്ങീ വിവിധ രംഗങ്ങളിൽ അദ്ദേഹം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ 1997 ൽ പുറത്തിറങ്ങിയ 'സമാന്തരങ്ങൾ' എന്ന സിനിമയ്ക്ക് ദേശീയ അവാർഡ് നിഷേധിക്കപ്പെട്ടതിനെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം. സമാന്തരം എന്ന സിനിമയ്ക്ക് നിശ്ചയിച്ച മൂന്ന് ദേശീയ അവാർഡുകൾ മലയാളി ജൂറി അംഗത്തിന്റെ ഇടപെടലിനെ തുടർന്ന് അട്ടിമറിക്കപ്പെട്ടു എന്നാണ് ബാലചന്ദ്ര മേനോൻ പറയുന്നത്. സിനിമാ ജീവിതത്തിന്റെ അൻപത് വര്ഷം ആഘോഷിക്കുന്ന വേളയിലായിരുന്നു ബാലചന്ദ്ര മേനോന്റെ പ്രതികരണം.
"പുരസ്കാരം സ്വീകരിക്കാൻ ഡൽഹിയിലെത്തിയ എന്നെ വന്നു പരിചയപ്പെട്ട ഖണ്ഡേൽവാൾ കുറ്റബോധത്തോടെ, ഒരു ഭാരം ഇറക്കിവയ്ക്കാനുണ്ടെന്ന് അറിയിച്ചുകൊണ്ടാണ് ഇക്കാര്യം പറഞ്ഞത്. ബി.സരോജദേവി അധ്യക്ഷയായ ജൂറിയാണു പുരസ്കാര നിർണയം നടത്തിയത്. ഭാര്യ നിർമിച്ച ‘സമാന്തരങ്ങൾ’ എന്ന സിനിമയ്ക്ക് മികച്ച സിനിമയ്ക്കും എനിക്ക് മികച്ച സംവിധായകനും നടനുമുള്ള അവാർഡുകൾ നൽകാനായിരുന്നു ജൂറി തീരുമാനം. നടനുള്ള പുരസ്കാരം എനിക്കു മാത്രമായിരുന്നു. എന്നാൽ, തീരുമാനം ഉറപ്പിക്കുന്ന ഘട്ടമെത്തിയപ്പോൾ 3 പ്രധാന അവാർഡുകളും ഒരു സിനിമയ്ക്കു നൽകുന്നതിനെ എതിർത്തുകൊണ്ട് ചിലർ അട്ടിമറിച്ചെന്നു ഖണ്ഡേൽവാൾ പറഞ്ഞു. ആ അട്ടിമറിയിൽ മലയാളി ജൂറി അംഗവും ഉണ്ടായത് തന്നെ ഞെട്ടിച്ചെന്നും ഖണ്ഡേൽവാൾ വ്യക്തമാക്കി. പിന്നീടാണ് അക്കാര്യം അദ്ദേഹം ക്യാമറയ്ക്കു മുന്നിൽ പറഞ്ഞത്. പക്ഷേ, ഞാനത് ഇതുവരെ പരസ്യപ്പെടുത്തിയിരുന്നില്ല." ബാലചന്ദ്ര മേനോൻ മാധ്യമങ്ങളോട് പറഞ്ഞു.
1997 ൽ കളിയാട്ടം എന്ന ചിത്രത്തിലെ പ്രകടനത്തിന് സുരേഷ് ഗോപിയും സമാന്തരങ്ങൾ എന്ന ചിത്രത്തിലെ പ്രകടനത്തിന് ബാലചന്ദ്ര മേനോനും മികച്ച നടനുള്ള അവാർഡ് പങ്കിടുകയായിരുന്നു. മികച്ച കുടുംബ ക്ഷേമ ചിത്രം എന്ന വിഭാഗത്തിലായിരുന്നു സമാന്തരങ്ങൾക്ക് പുരസ്കാരം ലഭിച്ചത്. കളിയാട്ടം എന്ന ചിത്രത്തിലൂടെ ജയരാജ് ആയിരിന്നു ആ വർഷത്തെ മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ