
ലോകത്തിലെ ഒന്നാം നമ്പർ കെ-പോപ്പ് പുരസ്കാര നിശയായ മാമ അവാർഡ്‌സ് 2025, രണ്ടാം ദിനം വിജയകരമായി ഹോങ്കോങ്ങിൽ സമാപിച്ചു. നവംബർ 29-ന് നടന്ന ചാപ്റ്റർ ടൂ ചടങ്ങിൽ, രണ്ട് പ്രധാന ഗ്രാൻഡ് പ്രൈസുകൾ ഉൾപ്പെടെയുള്ള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. പ്രമുഖ കെ-പോപ്പ് ഗ്രൂപ്പായ 'സ്ട്രേ കിഡ്‌സ്' ആൽബം ഓഫ് ദി ഇയർ പുരസ്കാരം സ്വന്തമാക്കിയപ്പോൾ, കെ-പോപ്പ് ഇതിഹാസം 'ജി-ഡ്രാഗൺ' ആർട്ടിസ്റ്റ് ഓഫ് ദി ഇയർ ബഹുമതിക്ക് അർഹനായി.
ആദ്യ ദിനം കെ-ഡ്രാമ താരം പാർക്ക് ബോ ഗം ആയിരുന്നു മുഖ്യ അവതാരകൻ. രണ്ടാം ദിനം വേദി നിയന്ത്രിച്ചത് നടി കിം ഹ്യേ സൂ ആണ്. 30 വർഷത്തോളം ബ്ലൂ ഡ്രാഗൺ ഫിലിം അവാർഡ്‌സിന്‍റെ പ്രധാന അവതാരകയായി തിളങ്ങിയ താരമാണ് കിം ഹ്യേ സൂ. 2023-ലെ 44-ാമത് ചടങ്ങിന് ശേഷം കിം ആ സ്ഥാനത്ത് നിന്ന് മാറിയിരുന്നു. തുടർന്ന്, 2025 മാമ അവാർഡ്‌സിന്റെ രണ്ടാം ദിവസത്തെ മുഖ്യ അവതാരകയവനുള്ള ദൗത്യം അവർ ഏറ്റെടുക്കുകയായിരുന്നു.
ഹോങ്കോങ്ങിലെ ടായ് പോ ജില്ലയിലെ വാങ് ഫുക് കോർട്ടിൽ അടുത്തിടെയുണ്ടായ തീപിടിത്തത്തിൽ 100-ൽ അധികം ആളുകൾ മരിച്ചിരുന്നു. ഈ സംഭവത്തെ തുടർന്ന് മാമ അവാർഡ്‌സ് സമയം നടക്കുവൻ പ്ലാൻ ചെയ്ത ചടങ്ങുകൾ പലതും സംഘാടകർ റദ്ദാക്കിയിരുന്നു. ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരോടുള്ള ആദരസൂചകമായി, 'കായ് ടാക്' സ്റ്റേഡിയത്തിൽ നടന്ന പുരസ്കാര നിശയിൽ റെഡ് കാർപെറ്റ് രണ്ട് ദിവസവും ഒഴിവാക്കിയിരുന്നു.
ഇതോടൊപ്പം, ഒരു പ്രധാന കൊളാബറേഷൻ പ്രകടനവും റദ്ദാക്കിയതായി സംഘാടകർ അറിയിച്ചു. ബോയ് നെക്സ്റ്റ് ഡോറിന്റെ 'ലീഹാൻ', റൈസിന്റെ 'വോൺബിൻ', ട്വിസ്സിന്റെ 'ഷിൻയു', സീറോബേസ് വണ്ണിന്റെ 'പാർക്ക് ഗൺവൂക്', ഹാൻ യുജിൻ എന്നിവർ ഒന്നിക്കുന്ന 'സാജ ബോയ്‌സ്' എന്നി കൊളാബറേഷനാണ് റദ്ദാക്കിയത്.
മാമ അവാർഡ്‌സ് നെറ്റ്ഫ്ലിക്‌സുമായി സഹകരിച്ച് അവതരിപ്പിക്കാനിരുന്ന 'Kpop Demon Hunter'സ്പെഷ്യൽ സ്റ്റേജായിരുന്നു ഇത്. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ, ആഘോഷങ്ങൾ ലളിതമാക്കാനുള്ള തീരുമാനത്തെ തുടർന്നാണ് ഈ പ്രകടനം ഒഴിവാക്കിയത്. രണ്ടാം ദിനത്തിലെ പ്രകടന നിരയിൽ 'ടുമാറോ എക്‌സ് ടുഗെദർ', 'എസ്‌പാ', 'ജി-ഡ്രാഗൺ', 'സ്ട്രേ കിഡ്‌സ്', 'സീറോബേസ് വൺ' തുടങ്ങി നിരവധി പ്രമുഖ കെ-പോപ്പ് താരങ്ങളും ഗ്രൂപ്പുകളും അണിനിരന്നു.