
കളങ്കാവലിന് ശേഷം മമ്മൂട്ടി കമ്പനി നിര്‍മ്മിക്കാനിരിക്കുന്ന ഒരു ചിത്രത്തെക്കുറിച്ചുള്ള അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തെത്തിയിരുന്നു. ഇപ്പോഴിതാ സംവിധായകന്‍ തന്നെ അക്കാര്യം വെളിപ്പെടുത്തിയിരിക്കുകയാണ്. മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി വിഖ്യാത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനാണ് സിനിമ സംവിധാനം ചെയ്യാന്‍ ഒരുങ്ങുന്നത്. നീണ്ട 32 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് അടൂരും മമ്മൂട്ടിയും ഒന്നിക്കുന്നത് എന്നത് സിനിമാപ്രേമികളെ സംബന്ധിച്ച് വലിയ കൗതുകമാണ്. ചിത്രത്തിന്‍റെ രചനാ സമയത്ത് മമ്മൂട്ടിയുടെ മുഖമാണ് കേന്ദ്ര കഥാപാത്രത്തിന്‍റെ സ്ഥാനത്ത് തന്‍റ മനസില്‍ തെളിഞ്ഞതെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. മലയാള മനോരമയുടെ സാഹിത്യോത്സവമായ ഹോര്‍ത്തൂസില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് അടൂര്‍ അടുത്ത ചിത്രത്തെക്കുറിച്ച് പറഞ്ഞത്.
സിനിമയുടെ മറ്റ് കാസ്റ്റിംഗ് പുരോഗമിക്കുകയാണെന്നും ചിത്രം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പറയാറായിട്ടില്ലെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. ഇത് നാലാമത്തെ തവണയാണ് അടൂര്‍ ഗോപാലകൃഷ്ണന്‍റെ സംവിധാനത്തില്‍ മമ്മൂട്ടി എത്തുന്നത്. അനന്തരം (1987), മതിലുകള്‍ (1990), വിധേയന്‍ (1993) എന്നിവയാണ് ഇതിനകം ചെയ്ത മൂന്ന് ചിത്രങ്ങള്‍. ഇതില്‍ മതിലുകളിലും വിധേയനിലും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത് മമ്മൂട്ടി ആയിരുന്നു. മതിലുകളില്‍ വൈക്കം മുഹമ്മദ് ബഷീര്‍ ആയാണ് മമ്മൂട്ടി അഭിനയിച്ചത്. ഈ രണ്ട് ചിത്രങ്ങളിലെയും അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരങ്ങള്‍ മമ്മൂട്ടിയെ തേടി എത്തിയിരുന്നു. അനന്തരത്തില്‍ അശോകന്‍ ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. സക്കറിയ എഴുതിയ ഭാസ്കര പട്ടേലരും എന്‍റെ ജീവിതവും എന്ന നോവെല്ലയെ ആസ്പദമാക്കിയാണ് അടൂര്‍ വിധേയന്‍റെ തിരക്കഥ ഒരുക്കിയത്.
അതേസമയം 32 വര്‍ഷത്തിന് ശേഷം ഈ കോമ്പോ വീണ്ടും എത്തുമ്പോള്‍ അത് എത്തരത്തിലുള്ള ചിത്രം ആയിരിക്കുമെന്ന ആകാംക്ഷയിലാണ് പ്രേക്ഷകര്‍. മമ്മൂട്ടി കമ്പനിയുടെ എട്ടാമത്തെ ചിത്രവുമായിരിക്കും ഇത്. ബാനറിന്‍റെ ഏഴാമത്തെ ചിത്രമായ കളങ്കാവലിന്‍റെ റിലീസ് ഡിസംബര്‍ 5 ന് ആണ്. ക്രൈം ഡ്രാമ ഗണത്തില്‍ പെടുന്ന ചിത്രത്തിന്‍റെ സംവിധാനം നവാഗതനായ ജിതിന്‍ കെ ജോസ് ആണ്. ദുൽഖർ സൽമാൻ നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രം 'കുറുപ്പി'ന്റെ കഥ ഒരുക്കി ശ്രദ്ധ നേടിയ ആളാണ് ജിതിൻ. എട്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം തീയേറ്ററുകളിൽ എത്തുന്ന മമ്മൂട്ടി ചിത്രമെന്ന നിലയിൽ വലിയ ആവേശത്തോടെയാണ് മലയാള സിനിമാ പ്രേമികൾ കളങ്കാവലിനായി കാത്തിരിക്കുന്നത്.