'സെഞ്ചുറി സൂണ്‍, നമ്മള്‍ പുരോഗമിക്കുന്നില്ലെന്ന് ആരു പറഞ്ഞു'? ഇന്ധനവില വര്‍ധനവില്‍ ബാലചന്ദ്ര മേനോന്‍

By Web TeamFirst Published Feb 1, 2021, 6:02 PM IST
Highlights

ഒരു ബജറ്റ് ദിനത്തില്‍ പ്രസക്തമായ കാര്യമായതിനാലാണ് ഇക്കാര്യം പറയുന്നതെന്നും ബാലചന്ദ്ര മേനോന്‍

സര്‍വ്വകാല റെക്കോര്‍ഡും കടന്ന് കുതിക്കുന്ന ഇന്ധനവിലയെക്കുറിച്ച് പ്രതികരണവുമായി സംവിധായകന്‍ ബാലചന്ദ്രമേനോന്‍. 1963ലെയും ഇപ്പോഴത്തെയും ഇന്ധന ബില്ലുകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചുകൊണ്ടാണ് ആക്ഷേപഹാസ്യ രൂപത്തില്‍ അദ്ദേഹത്തിന്‍റെ വിമര്‍ശനം. 1963ല്‍ ലിറ്ററിന് 72 പൈസയായിരുന്ന പെട്രോളിന് 88 രൂപയിലേക്ക് എത്തിയതിനെക്കുറിച്ച് അദ്ദേഹത്തിന്‍റെ പ്രതികരണം ഇങ്ങനെ.

"നമ്മള്‍ 'പുരോഗമിക്കു'ന്നില്ലെന്ന് ആര് പറഞ്ഞു? സെഞ്ചുറി സൂണ്‍", എന്നാണ് ബാലചന്ദ്ര മേനോന്‍ കുറിച്ചിരിക്കുന്നത്. ഒരു ബജറ്റ് ദിനത്തില്‍ പ്രസക്തമായ കാര്യമായതിനാലാണ് ഇക്കാര്യം താന്‍ ഇവിടെ പറയുന്നതെന്നും അദ്ദേഹം കുറിച്ചു. പോസ്റ്റിനുതാഴെ വലിയ രാഷ്ട്രീയ ചര്‍ച്ചയും ആരംഭിച്ചിട്ടുണ്ട്. അതേസമയം ജനുവരി 27ന് ഉണ്ടായ ഏറ്റവും പുതിയ ഇന്ധനവിലവര്‍ധന അനുസരിച്ച് പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയുമാണ് കൂടിയത്. ഇതോടെ തലസ്ഥാനജില്ലയിലെ ഗ്രാമീണ മേഖലയില്‍ പെട്രോള്‍ വില 90ന് അരികിലെത്തിയിരുന്നു.

സോഷ്യല്‍ മീഡിയയില്‍ സജീവമായ ബാലചന്ദ്രമേനോന്‍ പലപ്പോഴും ആനുകാലിക വിഷയങ്ങളില്‍ അഭിപ്രായം പങ്കുവെക്കാറുണ്ട്. സ്വന്തം യുട്യൂബ് ചാനലിലൂടെ 'ഫിലിമി ഫ്രൈഡെയ്സ്' എന്ന പേരില്‍ വ്ളോഗും അദ്ദേഹം ചെയ്യുന്നുണ്ട്. സിനിമാജീവിതത്തിലെ ഓര്‍മ്മകളാണ് അതിലൂടെ അദ്ദേഹം പങ്കുവെക്കുന്നത്. 

click me!