Bappi Lahiri Malayalm Songs : 'വെണ്‍ പ്രാവേയും' 'പകല്‍ മായും മുകില്‍ മാനവും', ബപ്പി ലാഹിരിയുടെ മലയാള ഗാനങ്ങള്‍

Web Desk   | Asianet News
Published : Feb 16, 2022, 10:57 AM ISTUpdated : Feb 16, 2022, 11:17 AM IST
Bappi Lahiri Malayalm Songs : 'വെണ്‍ പ്രാവേയും' 'പകല്‍ മായും മുകില്‍ മാനവും', ബപ്പി ലാഹിരിയുടെ മലയാള ഗാനങ്ങള്‍

Synopsis

ബപ്പി ലാഹിരി സംഗീതം പകര്‍ന്ന മലയാള ഗാനങ്ങള്‍.

ഇന്ത്യയുടെ പ്രിയപ്പെട്ട സംഗീത സംവിധായകനും ഗായകനുമായ ബപ്പി ലാഹിരി (Bappi Lahiri) യാത്രയായിരിക്കുന്നു. എഴുപതുകളിലും എണ്‍പതുകളിലും ഒട്ടേറെ ഹിറ്റ് ഗാനങ്ങള്‍ക്കാണ് ബപ്പി ലാഹിരി സംഗീതം പകര്‍ന്നത്. ഡിസ്‍കോ സംഗീതത്ത സിനിമയില്‍ ജനപ്രിയമാക്കാനും ബപ്പി ലാഹിരി പ്രധാന പങ്കു വഹിച്ചു. മലയാളത്തിലും ഒരു സിനിമയ്‍ക്കായി ബപ്പി ലാഹിരി (Bappi Lahiri Malayalm film Songs)സംഗീതം പകര്‍ന്നിട്ടുണ്ട്.

'ദ ഗുഡ് ബോയ്‍സ്' എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു ബപ്പി ലാഹിരി സംഗീത സംവിധാനം നിര്‍വഹിച്ചത്. മധു, കലാഭവൻ മണി, സുധീഷ്, ജഗതി , ജനാര്‍ദ്ദനൻ തുടങ്ങിയവര്‍  അഭിനയിച്ച ചിത്രം 1997ലാണ് പ്രദര്‍ശനത്തിനെത്തിയത്. ഗിരീഷ് പുത്തഞ്ചേരിയാണ് ചിത്രത്തിന്റെ ഗാനരചന നിര്‍വഹിച്ചത്. നാല് ഗാനങ്ങളായിരുന്നു ചിത്രത്തിന് വേണ്ടി ബപ്പി ലാഹിരി ചിട്ടപ്പെടുത്തിയത്. 

'ആതിരെ നീയല്ലാതാരുണ്ടെന്നേ', മാരിവില്ലോ മലര്‍നിലാവോ', 'പകല്‍ മായും മുകില്‍ മാനം', 'വെണ്‍ പ്രാവേ' എന്നിവയായിരുന്നു 'ദ ഗുഡ് ബോയ്‍സി'ലെ ഗാനങ്ങള്‍. എം ജി ശ്രീകുമാര്‍, കെ എസ് ചിത്ര, മനോ, ബിജു നാരായണൻ എന്നിവരായിരുന്നു ഗാനങ്ങള്‍ ആലപിച്ചത്. ബപ്പി ലാഹിരിയുടെ മലയാള ചിത്രം അത്ര വിജയമായിരുന്നില്ല. ബപ്പി ലാഹിരിയുടെ ശബ്‍ദത്തില്‍ മലയാള ഗാനം കേള്‍ക്കാൻ ഭാഗ്യമുണ്ടായിരുന്നില്ല.

ഗായകനെന്ന നിലയിലും സിനിമയില്‍ ശ്രദ്ധേയനായ ബപ്പി ലഹിരി മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ എന്നീ തെന്നിന്ത്യൻ ഭാഷകളിലും സംഗീത സംവിധാനം നിര്‍വഹിച്ചിട്ടുണ്ട്.  ബാപ്പി ലാഹിരി ചെയ്‍ത തമിഴ് ചിത്രങ്ങളില്‍ പ്രധാനം 'അപൂര്‍വ സഹോദരികളാ'ണ്. ഗുജറാത്തിയില്‍ പ്രദര്‍ശനത്തിനെത്തിയ സിനിമയായ 'ജനം ജനം ന സാതി'നു വേണ്ടിയും ബപ്പി ലാഹിരി സംഗീത സംവിധാനം നിര്‍വഹിച്ചു.

മുംബൈയിലെ ക്രിട്ടികെയര്‍ ആശുപത്രിയില്‍ വച്ചായിരുന്നു ബപ്പി ലഹരിയുടെ മരണം. ഒരു മാസം മുമ്പ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹം തിങ്കളാഴ്‍ച വീട്ടിലേക്ക് മടങ്ങിയിരുന്നു. എന്നാല്‍ ചൊവ്വാഴ്‍ച ആരോ​ഗ്യം വീണ്ടും മോശമാവുകയായിരുന്നു. പരിശോധനയ്ക്കായി ഒരു ഡോക്ടറെ വീട്ടിലെത്തിച്ച കുടുംബം പിന്നാലെ വീണ്ടും അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി.


Read More:  ബോളിവുഡ് സം​ഗീത സംവിധായകന്‍ ബപ്പി ലാഹിരി അന്തരിച്ചു

ചില ആരോ​ഗ്യ പ്രശ്‍നങ്ങളുമുണ്ടായിരുന്ന അദ്ദേഹത്തിന്‍റെ മരണ കാരണം ഒഎസ്എ (ഒബ്സ്ട്രക്റ്റീവ് സ്ലീപ്പ് അപ്‍നിയ) ആണെന്ന് ക്രിട്ടികെയര്‍ ആശുപത്രി ഡയറക്ടര്‍ ഡോ. ദീപക് നം ജോഷി വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.  കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ കൊവിഡ് ബാധിച്ചിരുന്നു.  മുംബൈ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ അന്ന് ചികിത്സ നേടിയ അദ്ദേഹം  ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കൊവിഡ് വിമുക്തനായിരുന്നു.

ഒരു ബംഗാളി ബ്രാഹ്‍മണ കുടുംബത്തില്‍ ജനിച്ച അദ്ദേഹത്തിന്‍റെ ഔദ്യോഗിക നാമം അലോകേഷ് ലാഹിരി എന്നാണ്. മാതാപിതാക്കളായ അപരേഷ് ലാഹിരിയും ഭാന്‍സുരി ലാഹിരിയും ശാസ്‍ത്രീയ സംഗീതം അഭ്യസിച്ച ഗായകരായിരുന്നു. കിഷോര്‍ കുമാര്‍ ബന്ധുവാണ്. ചെറു പ്രായത്തില്‍ തന്നെ തബല പഠിച്ചുതുടങ്ങിയ അലോകേഷ് പിന്നീട് സംഗീത പഠനത്തിലേക്ക് എത്തുകയായിരുന്നു. 'ഡിസ്‍കോ ഡാന്‍സര്‍', 'ഷറാബി' തുടങ്ങി എണ്‍പതുകളിലെ നിരവധി ജനപ്രിയ ചിത്രങ്ങള്‍ക്ക് അദ്ദേഹമൊരുക്കിയ ഗാനങ്ങള്‍ ഇന്നും സിനിമാപ്രേമികളുടെ മനസ്സിലുണ്ട്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

രണ്ടുദിവത്തെ ഷൂട്ട്, ദൈർഘ്യം 73 മിനിറ്റ്; അഭിമാനത്തോടെ 'ആദി സ്നേ​ഹത്തിന്റെ വിരുന്ന് മേശ'യുമായി മിനി ഐ ജി
'IFFKയിൽ മുടങ്ങാതെ വരാൻ ശ്രമിക്കാറുണ്ട്. ഇതൊരു ഉത്സവമല്ലേ..'