
ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത 2018 പ്രശംസകൾ ഏറ്റുവാങ്ങി പ്രദർശനം തുടരുകയാണ്. സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുമുള്ള നിരവധി പേരാണ് സിനിമയ്ക്കും അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങളുമായി രംഗത്തെത്തുന്നത്. ഇപ്പോഴിതാ 2018 ചിത്രം സമ്പൂർണ വിജയമാണെന്ന് പറയുകയാണ് നടനും സംവിധായകനുമായ ബേസിൽ ജോസഫ്. ജൂഡിന്റെ ധീരമായ ശ്രമം കയ്യടി അർഹിക്കുന്നുവെന്നും ബേസിൽ പറയുന്നു.
"അനൂപായുള്ള ടൊവിനോയുടെ പ്രകടനം ഗംഭീരമായി. പ്രളയകാലത്ത് യഥാർത്ഥ ജീവിതത്തിൽ താൻ ചെയ്ത പ്രവർത്തിയോടുള്ള കാവ്യ നീതി കൂടിയാണ് ചിത്രം. ആസിഫ് അലിയുടെ രോമാഞ്ചം നിറഞ്ഞ സീനുകൾ. കുഞ്ചാക്കോ ബോബൻ, വിനീത് ശ്രീനിവാസൻ, അജു വർഗീസ്, അപർണ ബാലമുരളി, തൻവി റാം, ഗൗതമി നായർ, നരേൻ, ലാൽ തുടങ്ങി മികച്ച കഥാപാത്രങ്ങൾ സമ്മാനിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ. ഓരോ ക്രൂ അംഗങ്ങൾക്കും അവരുടെ കഠിനാധ്വാനത്തിനും നിർമ്മാതാക്കൾക്കും അഭിനന്ദനങ്ങൾ", എന്നാണ് ബേസിൽ കുറിച്ചത്.
അതേസമയം, റിലീസ് ചെയ്ത് ആറാം ദിനവും നിറഞ്ഞ സദസ്സിൽ 2018 പ്രദർശനം തുടരുകയാണ്. 40 കോടിയിലധികം ചിത്രം നേടിയെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. മെയ് 12-ന് ചിത്രം തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിൽ റിലീസിനെത്തും. മറ്റ് ഭാഷകളിലേക്ക് കൂടി ചിത്രം എത്തുമ്പോൾ കളക്ഷനിൽ വൻ വർദ്ധനവ് ഉണ്ടാകുമെന്നാണ് വിലയിരുത്തലുകൾ.
കൽ നായക്..; കൈക്കരുത്തിൽ സഹമത്സരാര്‍ത്ഥികളെ വീഴ്ത്തി വിഷ്‌ണു, ശ്രുതി താപ്പാനയെന്ന് അഖിൽ
ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, വിനീത് ശ്രീനിവാസൻ, ഇന്ദ്രൻസ്, ലാൽ, നരേൻ, അപർണ്ണ ബാലമുരളി, തൻവി റാം, സുധീഷ്, സിദ്ദിഖ്, രഞ്ജി പണിക്കർ, ജാഫർ ഇടുക്കി, അജു വർഗ്ഗീസ്, ജിബിൻ ഗോപിനാഥ്, ഡോ. റോണി, ശിവദ, വിനീത കോശി തുടങ്ങി വൻ താരനിര ചിത്രത്തിൽ ഉണ്ടായിരുന്നു. കാവ്യ ഫിലിംസ്, പികെ പ്രൈം പ്രൊഡക്ഷൻസ് എന്നീ ബാനറുകളില്‍ വേണു കുന്നപ്പിള്ളി, സി കെ പത്മകുമാർ, ആന്റോ ജോസഫ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. അഖിൽ പി ധർമജൻ ആണ് തിരക്കഥ.