'ചിരിച്ച് വയറുളുക്കിയതിന് ആര് നഷ്ടപരിഹാരം തരും'? 'ജയ ഹേ'യ്ക്ക് പ്രശംസയുമായി ബെന്യാമിന്‍

By Web TeamFirst Published Oct 29, 2022, 10:01 AM IST
Highlights

വിപിന്‍ ദാസ് ആണ് ചിത്രത്തിന്‍റെ സംവിധാനം

വൈഡ് റിലീസിംഗിന്‍റെ ഇക്കാലത്ത് ആദ്യ ദിനത്തില്‍ ലഭിക്കുന്ന പ്രേക്ഷകാഭിപ്രായം ഒരു സിനിമയെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ടതാണ്. പലതരം പ്രേക്ഷകര്‍ ഒരുപോലെ നല്ലത് പറഞ്ഞ ചിത്രങ്ങള്‍ സമീപകാലത്ത് കുറവാണ്. എന്നാല്‍ ആ പട്ടികയില്‍ പുതുതായി ഇടംപിടിക്കുകയാണ് ഇന്നലെ തിയറ്ററുകളിലെത്തിയ ഒരു ചിത്രം. ബേസില്‍ ജോസഫ്, ദര്‍ശന രാജേന്ദ്രന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിപിന്‍ ദാസ് സംവിധാനം ചെയ്‍ത ജയ ജയ ജയ ജയ ഹേ എന്ന ചിത്രമാണ് അത്തരത്തില്‍ പോസിറ്റീവ് മൌത്ത് പബ്ലിസിറ്റി നേടുന്നത്. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് എഴുത്തുകാരന് ബെന്യാമിന്‍.

സമീപകാലത്ത് തിയറ്ററുകളില്‍ ഇത്രയും ചിരിയുണര്‍ത്തിയ മറ്റൊരു ചിത്രം കണ്ടിട്ടില്ലെന്ന് ബെന്യാമിന്‍ പറയുന്നു. "ഈ സിനിമയുടെ അണിയറ പ്രവർത്തകർക്ക് എതിരെ കേസ് കൊടുക്കണം. ചിരിച്ചു ചിരിച്ച് വയറുളുക്കിയതിന് ആര് നഷ്ടപരിഹാരം തരും? എന്തായാലും തീയേറ്റർ ഒന്നാകെ ഇങ്ങനെ ചിരിച്ചു മറിയുന്നത് അടുത്ത കാലത്തെങ്ങും കണ്ടിട്ടില്ല. ബേസിലിന്റെ രാജേഷ് സൂപ്പർ. ദർശനയുടെ ജയ ഡൂപ്പർ. പക്ഷെ രാജേഷിന്റെ അമ്മയാണ് സൂപ്പർ ഡൂപ്പർ. സംവിധായകൻ വിപിൻ ദാസിനും സംഘത്തിനും അഭിനന്ദനങ്ങൾ", ബെന്യാമിന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

ALSO READ : കളക്ഷന്‍ പോര; ശനി, ഞായര്‍ ദിനങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ച് 'രാം സേതു' നിര്‍മ്മാതാക്കള്‍

മുത്തുഗൌ, അന്താക്ഷരി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് വിപിന്‍. അജു വർഗീസ്, അസീസ് നെടുമങ്ങാട്, സുധീർ പരവൂർ, മഞ്‍ജു പിള്ള, ശരത് സഭ, ഹരീഷ് പെങ്ങൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജാനെമൻ എന്ന ചിത്രം നിര്‍മിച്ച ചിയേഴ്‍സ് എന്റര്‍ടെയ്‍ൻമെന്റ് ആണ് ഈ ചിത്രത്തിന്‍റെയും നിര്‍മ്മാണം. ലക്ഷ്‍മി മേനോൻ, ഗണേഷ് മേനോൻ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. അമൽ പോൾസന്‍ ആണ് സഹനിർമ്മാണം. വിപിൻ ദാസും നാഷിദ് മുഹമ്മദ്‌ ഫാമിയും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

നിരവധി ബോളിവുഡ് ചിത്രങ്ങളിൽ പ്രവർത്തിച്ച സ്റ്റണ്ട് മാസ്റ്റർ ഫെലിക്സ് ഫുകുയോഷി റുവേ ആണ് സംഘട്ടന രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്. കലാസംവിധാനം ബാബു പിള്ള, ചമയം സുധി സുരേന്ദ്രൻ, വസ്ത്രലങ്കാരം അശ്വതി ജയകുമാർ, നിർമ്മാണ നിർവ്വഹണം പ്രശാന്ത് നാരായണൻ, മുഖ്യ സഹസംവിധാനം അനീവ് സുരേന്ദ്രൻ, ധനകാര്യം അഗ്നിവേഷ്, നിശ്ചല ചായാഗ്രഹണം ശ്രീക്കുട്ടൻ, വാർത്താ പ്രചരണം ജിനു അനിൽകുമാർ, വൈശാഖ് വടക്കേവീട്. 

click me!