
മുഖ്യധാരാ ഇന്ത്യന്‍ സിനിമയില്‍ സദ്ഗുണസമ്പന്നന്മാരായ നായകന്മാരുടെ കാലം കഴിഞ്ഞിട്ട് കുറച്ച് നാളുകളായി. പൂര്‍ണമായും വെളുപ്പ് അല്ലാത്ത നായകന്മാര്‍ക്ക് സ്വീകാര്യത കിട്ടുന്നതിനൊപ്പം ശ്രദ്ധേയമാണ് പ്രതിനായക കഥാപാത്രങ്ങള്‍ക്ക് കിട്ടുന്ന സ്വീകാര്യത. ഒരുകാലത്ത് നായകന്‍റെ പഞ്ച് ഡയലോഗുകള്‍ക്ക് മുന്നില്‍ മിണ്ടാട്ടം മുട്ടി നില്‍ക്കാനും ഇടി മേടിച്ച് പോകാനും മാത്രമായിരുന്നു വില്ലന്മാരെങ്കില്‍ ഇന്ന് സ്ഥിതി മാറി. ഇന്ന് ഒരു ചിത്രത്തിന്‍റെ വിജയ പരാജയങ്ങളുടെ ഗതി നിര്‍ണയിക്കുന്നതില്‍ വരെ പ്രതിനായക കഥാപാത്രങ്ങള്‍ക്കും അവ അവതരിപ്പിക്കുന്ന അഭിനേതാക്കളുടെ പ്രകടനങ്ങള്‍ക്കും സ്ഥാനമുണ്ട്. ഒരു ഉദാഹരണത്തിനായി തമിഴ് സിനിമ എടുത്താല്‍ മതിയാവും.
സമീപകാലത്ത് തമിഴില്‍ ഏറ്റവുമധികം കൊണ്ടാടപ്പെട്ട രണ്ട് പ്രതിനായക വേഷങ്ങള്‍ ജയിലറില്‍ വിനായകന്‍ അവതരിപ്പിച്ച വര്‍മനും മാമന്നനില്‍ ഫഹദ് ഫാസില്‍ അവതരിപ്പിച്ച രത്നവേലുവും ആയിരുന്നു. തിയറ്റര്‍ റിലീസിനേക്കാള്‍ ഒടിടിയില്‍ എത്തിയപ്പോളാണ് ഫഹദിന്‍റെ രത്നവേലു സോഷ്യല്‍ മീഡിയ ചര്‍ച്ചകളില്‍ നിറഞ്ഞതെങ്കില്‍ വിനായകന്‍റെ വര്‍മന്‍ ജയിലറിന്‍റെ തിയറ്റര്‍ പ്രദര്‍ശന സമയത്ത് തന്നെ റീലുകളായും ഹാഷ് ടാഗുകളായും നിറഞ്ഞുനിന്നിരുന്നു. ഇതില്‍ ഫഹദിന്‍റെ പ്രതിനായക കഥാപാത്രത്തിന് നായകനായ ഉദയനിധി സ്റ്റാലിന്‍റെയും ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച വടിവേലുവിന്‍റെയും കഥാപാത്രങ്ങളേക്കാള്‍ സ്വീകാര്യതയും കൈയടിയും ലഭിച്ചു എന്നതിലെ വിരോധാഭാസവും ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ ഫഹദിലെ അഭിനേതാവിനാണ് തങ്ങള്‍ കൈയടി നല്‍കിയതെന്നായിരുന്നു രത്നവേലുവിനെ ആഘോഷിച്ചവരുടെ പ്രതികരണം. ജയിലറിന്‍റെ വിജയത്തില്‍ വിനായകന്‍റെ പ്രകടനത്തിനുള്ള പങ്കുനെക്കുറിച്ച് രജനികാന്ത് തന്നെ പറഞ്ഞിരുന്നു.
ഇപ്പോഴിതാ തമിഴ് സിനിമാപ്രേക്ഷകര്‍ക്കിടയില്‍ ഒരു ചര്‍ച്ച നടക്കുകയാണ്. ഈ വര്‍ഷത്തെ ഏറ്റവും മികച്ച വില്ലന്‍ ആരെന്ന ചര്‍ച്ചയാണ് അത്. ഫഹദ്, വിനായകന്‍ എന്നിവരെ കൂടാതെ ലിസ്റ്റിലുള്ളത് മാര്‍ക്ക് ആന്‍റണിയിലെ എസ് ജെ സൂര്യയും പോര്‍ തൊഴിലിലെ ശരത് ബാബുവുമാണ്. ബോളിവുഡ് ചിത്രമാണെങ്കിലും തമിഴ് സംവിധായകനും തമിഴ് വില്ലനുമായതിനാല്‍ ജവാനിലെ വിജയ് സേതുപതിയും ചില ലിസ്റ്റുകളില്‍ ഇടംപിടിച്ചിട്ടുണ്ട്. കൂട്ടത്തില്‍ മാര്‍ക്ക് ആന്‍റണിയിലെ എസ് ജെ സൂര്യയ്ക്കും മാമന്നനിലെ ഫഹദിനും ജയിലറിലെ വിനായകനുമാണ് ഏറ്റവുമധികം പ്രേക്ഷകര്‍ വോട്ട് ചെയ്യുന്നത്. ഇതില്‍ ഏറ്റവും പുതിയ ചിത്രമായതിനാല്‍ എസ് ജെ സൂര്യയുടെ പ്രകടനത്തിന് നിരവധി വോട്ടുകള്‍ ലഭിക്കുന്നുണ്ട്. മറ്റ് വില്ലന്മാര്‍ പലപ്പോഴും രസിപ്പിക്കുകയായിരുന്നെന്നും എന്നാല്‍ മാമന്നനിലെ ഫഹദിന്‍റെ പ്രകടനം ഭീതിയാണ് വിതച്ചതെന്നുമാണ് അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരുടെ അഭിപ്രായം. അതേസമയം വിനായകനെ പിന്തുണയ്ക്കുന്നവര്‍ പറയുന്ന കാരണം നായകനായ രജനിക്കും അദ്ദേഹത്തിനൊപ്പം സുഹൃത്തുക്കളായെത്തിയ അതിഥി താരങ്ങള്‍, മോഹന്‍ലാലിനും ശിവ രാജ്‍കുമാറിനുമെതിരായി കട്ടയ്ക്ക് നില്‍ക്കാന്‍ കഴിഞ്ഞു എന്നതാണ്.
ലക്ഷ്മികാന്ത് എന്ന എക്സ് അക്കൌണ്ടില്‍ ആരംഭിച്ച വോട്ടിംഗില്‍ ഇതുവരെ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത് 93 പേരാണ്. 1600 ഓളം ലൈക്കുകളും ഈ പോസ്റ്റിന് ലഭിച്ചിട്ടുണ്ട്. ഈ പോസ്റ്റില്‍ അഭിപ്രായം രേഖപ്പെടുത്തിയവരില്‍ സംവിധായകന്‍ സി എസ് അമുദന്‍ വരെയുള്ളവര്‍ ഉണ്ട്. കാത്തിരിക്കൂ എന്നാണ് അദ്ദേഹം കമന്‍റ് ചെയ്തത്. അമുദന്‍റെ പുതിയ ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്. അതേസമയം വിസിഡി എന്ന മറ്റൊരു ഹാന്‍ഡിലില്‍ നടക്കുന്ന ഇതേ പോളിനും വലിയ പ്രതികരണമാണ് ലഭിക്കുന്നത്. വ്യത്യസ്ത സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലെ നിരവധി അക്കൌണ്ടുകളില്‍ സമാന പോളിംഗ് നടക്കുന്നുണ്ട്.
ALSO READ : ജ്യോതികയോ സ്നേഹയോ അല്ല; 'ദളപതി 68' ല്‍ നായികയാവുന്നത് ഈ താരം? സര്‍പ്രൈസ് കാസ്റ്റിംഗ്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക