
ദക്ഷിണേന്ത്യൻ സിനിമ ലോകം ഏറെ ആഘോഷിച്ച വിവാഹങ്ങളിലൊന്നായിരുന്നു വിജയ് ദേവരകൊണ്ടയുടെയും രശ്മിക മന്ദാനയുടെയും ഒത്തുചേരൽ. ഉദയ്പൂരിൽ നടന്ന ഇവരുടെ വിവാഹത്തിന്റെ പുതിയ ചിത്രങ്ങൾ പുറത്തുവരുമ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചകൾ സജീവമാകുകയാണ്. 'ഹൽദി പ്ലസ് ഹോളി' എന്ന് താരങ്ങൾ വിശേഷിപ്പിച്ച ഇവരുടെ ഹൽദി ചടങ്ങിലെ ചിത്രങ്ങളാണ് ഇപ്പോൾ തരംഗമാകുന്നത്. നിറങ്ങളുടെയും ആഘോഷത്തിന്റെയും ആവേശം നിറഞ്ഞ ഈ ചടങ്ങ് ഒരു സിനിമ രംഗത്തെ വെല്ലുന്ന കാഴ്ചകളാണ് സമ്മാനിച്ചത്.
പരമ്പരാഗതമായി ഹൽദി ചടങ്ങുകൾക്ക് മഞ്ഞ വസ്ത്രങ്ങളാണ് വധൂവരന്മാർ തിരഞ്ഞെടുക്കാറുള്ളത്. എന്നാൽ ആ പതിവ് ശൈലിയിൽ നിന്ന് വ്യത്യസ്തമായിയാണ് നിറങ്ങളാണ് ഇരുവരും തിരഞ്ഞെടുത്തത്. പ്രശസ്ത ഡിസൈനറായ അനാമിക ഖന്നയാണ് ഇവർക്കായി വസ്ത്രങ്ങൾ ഒരുക്കിയത്. പിസ്ത ഗ്രീൻ നിറത്തിലുള്ള വസ്ത്രത്തിൽ രശ്മിക എത്തിയപ്പോൾ, പാസ്റ്റൽ പിങ്ക് നിറത്തിലുള്ള വസ്ത്രത്തിലാണ് വിജയ് തിളങ്ങിയത്. ഉദയ്പൂരിലെ പ്രശസ്തമായ റിസോർട്ടിലെ കായലോര പശ്ചാത്തലത്തിൽ ബോട്ടുമാർഗ്ഗം എത്തിയ താരങ്ങളുടെ എൻട്രി മനോഹരമായിരുന്നു.
രശ്മികയുടെ വസ്ത്രധാരണമായിരുന്നു ചടങ്ങിലെ പ്രധാന ആകർഷണം. ഓഫ് ഷോൾഡർ പിസ്ത ഗ്രീൻ വസ്ത്രം താരത്തിന് ഒരു ദേവതയുടെ പരിവേഷം നൽകി. 'ചില ചടങ്ങുകൾ എങ്ങനെ കാണപ്പെടുന്നു എന്നതിനേക്കാൾ നമ്മൾക്ക് അത് എങ്ങനെ അനുഭവപ്പെടുന്നു എന്നതിനാണ് പ്രാധാന്യം,' എന്നാണ് ഇരുവരുടെയും വസ്ത്രധാരണത്തെക്കുറിച്ച് ഡിസൈനർ പ്രതികരിച്ചത്. ആഘോഷങ്ങൾക്കിടയിൽ നിറങ്ങളിൽ നനഞ്ഞു കുളിക്കേണ്ടി വരുമെന്നതിനാൽ വളരെ ഭാരം കുറഞ്ഞ വസ്ത്രങ്ങളാണ് ഇരുവരും ധരിച്ചത്.
വിജയ് ദേവരകൊണ്ടയാകട്ടെ, തന്റെ പൗരുഷത്തിനൊപ്പം തന്നെ സൗമ്യതയും ഒത്തുചേരുന്ന പാസ്റ്റൽ പിങ്ക് കുർത്തയാണ് ധരിച്ചത്. ഇതിൽ മനോഹരമായ പൂക്കളുടെ ചിത്രത്തുന്നലുകൾ ഉണ്ടായിരുന്നു. സാധാരണയായി ആഭരണങ്ങളുടെ കാര്യത്തിൽ വലിയ താല്പര്യം കാണിക്കാറുള്ള വിജയ്, ഈ ചടങ്ങിൽ ലളിതമായ ഒരു സ്വർണ്ണമാല മാത്രമാണ് ധരിച്ചത്. എന്നാൽ രശ്മിക തന്റെ പാരമ്പര്യത്തെ ഓർമ്മിപ്പിക്കും വിധമുള്ള ടെമ്പിൾ ഗോൾഡ് ആഭരണങ്ങളാണ് തിരഞ്ഞെടുത്തത്. നെറ്റിപ്പട്ടവും വലിയ കമ്മലുകളും സ്വർണ്ണ വളകളും ചേർന്നപ്പോൾ രശ്മികയുടെ ലുക്ക് പൂർണ്ണമായി.
വെറുമൊരു ഹൽദി ചടങ്ങായിട്ടല്ല താരങ്ങൾ ഇതിനെ കണ്ടത്. വെള്ളവും ചായങ്ങളും കൊണ്ട് നിറഞ്ഞ ഒരു വലിയ പാർട്ടി തന്നെയായിരുന്നു ഇത്. ആഘോഷങ്ങൾക്കിടയിൽ താൻ പൂർണ്ണമായും നിറങ്ങളിൽ മുങ്ങിപ്പോയെന്നും മുടിയിൽ ഇപ്പോഴും അതിന്റെ പാടുകൾ ഉണ്ടെന്നും രശ്മിക രസകരമായി കുറിച്ചു. വിജയ് 'ടീം ബ്രൈഡ്' ആയിരുന്നെന്നും വിവാഹ കളികളിൽ തന്നെ ജയിക്കാൻ അദ്ദേഹം സഹായിച്ചുവെന്നും താരം വെളിപ്പെടുത്തി. സംഗീത നിശ പുലർച്ചെ വരെ നീണ്ടതിനാൽ ഉറക്കം ഒഴിച്ചാണ് എല്ലാവരും ഹൽദിക്ക് എത്തിയത്. എങ്കിലും ചായങ്ങളും സംഗീതവും എല്ലാവരെയും ആവേശഭരിതരാക്കി എന്ന് വിജയ് തന്റെ കുറിപ്പിൽ വ്യക്തമാക്കി.
ഏറ്റവും വിലകൂടിയ വസ്ത്രങ്ങളോ ട്രെൻഡി നിറങ്ങളോ അല്ല, മറിച്ച് ആഘോഷങ്ങളുടെ സന്തോഷമാണ് വിവാഹത്തെ മനോഹരമാക്കുന്നത് എന്ന സന്ദേശമാണ് ഈ ചിത്രങ്ങൾ നൽകുന്നത്. പ്രകൃതിദത്തമായ നിറങ്ങളും പാസ്റ്റൽ വസ്ത്രങ്ങളും ചേർന്ന ഈ ഹൽദി ലുക്ക് വരുംകാല വിവാഹ വിപണിയിൽ പുതിയൊരു ട്രെൻഡായി മാറുമെന്ന കാര്യത്തിൽ സംശയമില്ല.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ