
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ(Pranav Mohanlal). തുടക്കത്തിൽ താരപുത്രൻ എന്ന ലേബലിലാണ് പ്രണവ് അറിയപ്പെട്ടതെങ്കിലും പിന്നീട് സ്വന്തം വ്യക്തിത്വത്തിലൂടെ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുകയായിരുന്നു. പിന്നീട് ചുരുങ്ങിയ ചില ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയ താരമായി പ്രണവ് മാറി. ഇപ്പോഴിതാ പ്രണവിനെ കുറിച്ച് സംവിധായകൻ ഭദ്രൻ(Bhadran Mattel) കുറിച്ച വാക്കുകളാണ് ശ്രദ്ധനേടുന്നത്.
പൂത്തുലഞ്ഞു നില്‍ക്കുന്ന വെള്ള ചെമ്പകപൂമരത്തിന്റെ തണ്ടില്‍ വന്നിറങ്ങിയ ഒരു വെള്ളരിപ്രാവിനെ പോലൊയാണ് പ്രണവിനെ കണ്ടപ്പോള്‍ തോന്നിയതെന്ന് ഭദ്രന്‍ പറയുന്നു. സംസാരത്തിലും ശരീരഭാഷയിലും അച്ഛന്‍ മോഹന്‍ലാല്‍ നിന്നും പകര്‍ന്നു കിട്ടയത് അതുപോലെ സൂക്ഷിച്ചിട്ടുണ്ടെന്നും ഭദ്രന്‍ കുറിച്ചു.
ഭദ്രന്റെ വാക്കുകൾ
പ്രണവിനെ ഇഷ്ടപ്പെട്ട അനവധി ആരാധകർ വാട്സാപ്പിലൂടെ ചോദിച്ചുകൊണ്ടേയിരിക്കുന്നു , ഒരു അഭിനേതാവിന്റെ നല്ല പെർഫോമൻസിനെ കുറിച്ച് ആധികാരികമായി കുറിക്കുന്ന ഭദ്രൻ സർ എന്തേ 'ഹൃദയ'ത്തിലെ പ്രണവിനെ മറന്നു പോയി. സത്യസന്ധമായും മറന്നതല്ല, എഴുതണമെന്ന് അന്ന് തോന്നി, പിന്നീട് അതങ്ങ് മറന്നു പോയി. പൂത്തുലഞ്ഞു നിൽക്കുന്ന വെള്ള ചെമ്പകപൂമരത്തിന്റെ തണ്ടിൽ വന്നിറങ്ങിയ ഒരു വെള്ളരിപ്രാവിനെ കണ്ടപോലെ തോന്നി, 'ഹൃദയ'ത്തിലെ പ്രണവ്.എന്ത് ഗ്രേസ്ഫുൾ ആയിരുന്നു ഫസ്റ്റ് ഹാഫിലെ ആ മുഖപ്രസാദം. പറച്ചിലിലും ശരീരഭാഷയിലും കണ്ട ആ താളബോധം അച്ഛനിൽ നിന്നും പകർന്ന് കിട്ടിയ ആ സൂക്ഷ്മത പളുങ്ക് പോലെ സൂക്ഷിച്ചിരിക്കുന്നു.
വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയമാണ് പ്രണവിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ദർശനയും കല്യാണിയുമായിരുന്നു നായികമാർ. ജേക്കബിന്‍റെ സ്വര്‍ഗ്ഗരാജ്യം പുറത്തിറങ്ങി ആറ് വര്‍ഷത്തിനിപ്പുറമാണ് വിനീത് ശ്രീനിവാസന്‍റെ സംവിധാനത്തില്‍ മറ്റൊരു ചിത്രം പുറത്തെത്തുന്നത്. പ്രണവ് നായകനാവുന്ന മൂന്നാമത്തെ ചിത്രവുമാണിത്. കൊവിഡ് മൂന്നാം തരംഗത്തിന്‍റെ പശ്ചാത്തലത്തില്‍ പല പ്രധാന റിലീസുകളും മാറ്റിയപ്പോള്‍ പ്രഖ്യാപിച്ച റിലീസ് തീയതിയില്‍ തന്നെ ചിത്രം തിയറ്ററുകളില്‍ എത്തിക്കാനായിരുന്നു നിര്‍മ്മാതാവ് വിശാഖ് സുബ്രഹ്‍മണ്യത്തിന്‍റെ തീരുമാനം.
റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 50 കോടി ക്ലബ്ബിലേക്ക് ചിത്രം കടക്കുകയും ചെയ്തിരുന്നു. 'ഹൃദയം' എന്ന ചിത്രത്തിലെ ഗാനങ്ങള്‍ റിലീസിന് മുന്നേ വൻ ഹിറ്റായിരുന്നു. 'ദര്‍ശന'യെന്ന ഗാനം മലയാള സിനിമാ ചരിത്രത്തിലെ തന്നെ ഹിറ്റുകളില്‍ ഒന്നായി മാറി. വളരെ കൃത്യമായിട്ടാണ് ചിത്രത്തിലെ ഓരോ ഗാനവും ഉള്‍പ്പെടുത്തിയിരിക്കുന്നത് എന്നുമാണ് അഭിപ്രായങ്ങൾ.
ദുൽഖർ-റോഷൻ ആൻഡ്രൂസ് ചിത്രം; 'സല്യൂട്ട്' തിയറ്ററുകളിലേക്കില്ല
ദുല്‍ഖര്‍ സല്‍മാനെ (Dulquer Salmaan) നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് (Rosshan Andrrews) സംവിധാനം ചെയ്യുന്ന ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ ചിത്രമാണ് 'സല്യൂട്ട്'(Salute). അരവിന്ദ് കരുണാകരന്‍ എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ സിനിമയില്‍ അവതരിപ്പിക്കുന്നത്. തിയറ്ററിലായിരിക്കും ചിത്രം റിലീസ് ചെയ്യുക എന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ ചിത്രം ഒ.ടി.ടിയിലായിക്കും റിലീസ് ചെയ്യുക എന്ന വാര്‍ത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
സോണി ലിവ് ഇന്ത്യയുടെ ഓഫീഷ്യല്‍ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. എന്നായിരിക്കും ചിത്രം പ്രദര്‍ശനത്തിനെത്തുക എന്ന കാര്യം വ്യക്തമല്ല. ദുൽഖറും പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്. മനോജ്. കെ. ജയന്‍, അലന്‍സിയര്‍, ബിനു പപ്പു, വിജയകുമാര്‍, ലക്ഷ്മി ഗോപാലസ്വാമി, സാനിയ ഇയ്യപ്പന്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം ജനുവരി 14നായിരിക്കും റിലീസ് ചെയ്യാനിരുന്നതെങ്കിലും പിന്നീട് മാറ്റിവെക്കുകയായിരുന്നു.