'സ്ഫടികം ബൃഹത്തായ ഗ്രന്ഥം, ആടുതോമമാരും ചാക്കോ മാഷുമാരും ഉണ്ടാകാതിരിക്കട്ടെ'; അധ്യാപികയുടെ വാക്കുകൾ

By Web TeamFirst Published Feb 2, 2023, 5:23 PM IST
Highlights

സ്ഫടികം 4കെ മികവോടെ ഫെബ്രുവരി 9ന് തിയറ്ററുകളിൽ എത്തും. 

മോഹൻലാലിന്റെ എക്കാലത്തെയും സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായ സ്ഫടികത്തിന്റെ റി റിലീസിനായി കാത്തിരിക്കുകയാണ് മലയാളികൾ. പുതിയ സാങ്കേതിക മികവിൽ ചിത്രം വീണ്ടും തിയറ്ററുകളിൽ എത്തിക്കാൻ ഭദ്രൻ ഒരുങ്ങുമ്പോൾ, തിയറ്ററിലേക്ക് എത്താൻ കേരളക്കരയും കാത്തിരിക്കുകയാണ്. ആടുതോമയായി വീണ്ടും മോഹൻലാൽ ബി​ഗ് സ്ക്രീനിൽ കസറാൻ ഇനി ഏതാനും നാളുകൾ മാത്രമാണ് ബാക്കി. ഈ അവസരത്തിൽ സംവിധായകൻ ഭദ്രൻ പങ്കുവച്ചൊരു പോസ്റ്റിലെ വീഡിയോയാണ് ശ്രദ്ധനേടുന്നത്. 

സ്ഫടികത്തെയും ചിത്രത്തിലെ കഥാപാത്രങ്ങളായ ആടുതോമയേയും ചാക്കോ മാഷിനേയും കുറിച്ച് ഒരു അധ്യാപിക പറയുന്നതാണ് വീഡിയോ. താൻ പങ്കെടുത്ത ഒരു ചടങ്ങിന്റെ വീഡിയോ ആണിതെന്നും യാദൃഛികമായി ആ വീഡിയോ ലഭിച്ചപ്പോൾ ഏറെ അ‍ർത്ഥവത്തായ ആ വരികൾ നിങ്ങളുമായി പങ്കുവയ്ക്കണമെന്ന് തോന്നി എന്നും ഭദ്രൻ പറയുന്നു.  

"സ്ഫടികം ഒരു സിനിമയല്ല, അനേകം അധ്യായങ്ങളുള്ള ബൃഹത്തായ ഒരു ഗ്രന്ഥമാണ്. ആടുതോമ അതിലെ ആദ്യ അധ്യായമാണ്. നാം വരികൾക്കിടയിലൂടെ രക്ഷിതാക്കളും അധ്യാപകരും വായിച്ച് വ്യാഖ്യാനിക്കേണ്ടൊരു അധ്യായം. രണ്ടാമത്തെ അധ്യായം ചാക്കോ മാഷ്. ഇങ്ങനെ അനേകം അധ്യായങ്ങൾ ചേരുന്ന ബൃഹത് ഗ്രന്ഥമാണ് സ്ഫടികം സിനിമ. സ്ഫടികത്തിലെ കഥാപാത്രങ്ങൾ‌ വെറും കഥാപാത്രങ്ങളല്ല. നമുക്കിടയിൽ ജീവിക്കുന്ന വ്യക്തികളാണ്. ഒന്ന് തിരിഞ്ഞ് നോക്കിയാൽ സൂക്ഷ്മമായി നിരീക്ഷിച്ചാൽ ഇതുപോലുള്ള ആടുതോമമാരും ചാക്കോമാഷുമാരെയും കാണാം.  ഇനി ആടുതോമമാരും ചാക്കോ മാഷുമാരും സൃഷ്ടിക്കപ്പെടാതിരിക്കാൻ സ്ഫടികം എന്ന ബൃഹത്തായ  ഗ്രന്ഥം എല്ലാവരും വായിക്കുക", എന്നാണ് വീഡിയോയിൽ അധ്യാപിക പറയുന്നത്. ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്. 

സ്ഫടികത്തിന്റെ 24ാം വാർഷിക വേളയിലായിലാണ് ചിത്രത്തിന്റെ റീമാസ്റ്റിം​ഗ് വെർഷൻ വരുന്നുവെന്ന വിവരം ഭദ്രൻ അറിയിച്ചത്. സ്ഫടികത്തിന്റെ രണ്ടാം ഭാ​ഗം വരുന്നുവെന്ന തരത്തിൽ പ്രചാരങ്ങൾ നടന്നിരുന്നു. ഇതിനിടെ ആയിരുന്നു 4 കെ ശബ്ദ ദ്രശ്യ വിസ്മയങ്ങളോടെ പ്രമുഖ തിയറ്ററുകളിൽ സ്ഫടികം പ്രദര്‍ശനത്തിന് എത്തിക്കുമെന്ന് ഭദ്രൻ അറിയിച്ചത്. സ്ഫടികം 4കെ മികവോടെ ഫെബ്രുവരി 9ന് തിയറ്ററുകളിൽ എത്തും. 

ബോളിവുഡിൽ വീണ്ടും കല്യാണ മേളം; സിദ്ധാർഥ് മൽഹോത്രയും കിയാരയും വിവാഹിതരാകുന്നു

click me!