
ശ്വേത മേനോന്‍ പ്രസിഡന്‍റ് ആയ അമ്മ ഭരണസമിതിക്കെതിരെ അന്‍സിബ ഹസന്‍ ഉന്നയിച്ച വിമര്‍ശനത്തില്‍ പ്രതികരണവുമായി ഭാഗ്യലക്ഷ്മി. അമ്മയിലെ പവര്‍ ഗ്രൂപ്പുകള്‍ക്കെതിരായാണ് തന്‍റെ പോരാട്ടമെന്ന ശ്വേത മേനോന്‍റെ അഭിപ്രായപ്രകടനത്തെക്കുറിച്ച് ഏഷ്യാനെറ്റ് ന്യൂസിനോട് അന്‍സിബ പ്രതികരിച്ചിരുന്നു. അത്രയും പവര്‍ ഉള്ള ഒരാളാണ് അത് പറയുന്നതെന്നും അതിജീവിതയെ അമ്മയിലേക്ക് തിരിച്ചുകൊണ്ടുവരുമെന്ന് പത്ത് മാസം മുന്‍പ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞയാള്‍ ആ വാക്ക് പാലിക്കണമായിരുന്നുവെന്നും അന്‍സിബ പ്രതികരിച്ചിരുന്നു. ഇതിലാണ് ഭാഗ്യലക്ഷ്മി വിമര്‍ശനവുമായി എത്തിയിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെയാണ് ഭാഗ്യലക്ഷ്മിയുടെ പ്രതികരണം.
പ്രിയപ്പെട്ട അൻസിബ, താങ്കളുടെ പോരാട്ടത്തെ ഞാൻ പൂർണമായും അംഗീകരിക്കുന്നു. ഞാൻ താങ്കളോടൊപ്പം തന്നെയാണ്. ബാധിക്കപ്പെട്ട ഓരോ പെണ്ണിനോടൊപ്പം തന്നെയാണ്. അതുകൊണ്ടാണ് താങ്കളെക്കുറിച്ച് ലക്ഷമിപ്രിയ ഉന്നയിച്ച ആരോപണങ്ങൾക്ക് താങ്കളുടെ സംഘടനയിലുള്ളവർ പ്രതികരിക്കാഞ്ഞിട്ട് പോലും ഞാൻ പ്രതികരിച്ചത്. ഞാൻ ഒരിക്കൽ മാത്രമേ താങ്കളെ പരിചയപ്പെട്ടിട്ടുള്ളൂ. പക്ഷെ ഇപ്പോൾ താങ്കൾ പറഞ്ഞ ഈ വാചകം "അതിജീവിതയെ എന്തുകൊണ്ട് തിരിച്ചു കൊണ്ടുവന്നില്ല" എന്നത്. അതിപ്പോഴാണോ ഓർത്തത്. അവൾ അമ്മയിൽ നിന്ന് പോയിട്ട് 9 വർഷമായി. അവളുടെ പരാതിക്ക് ഉത്തരം കിട്ടാത്തത് കൊണ്ടാണ് അവൾ മാറി നിന്നത്. രാജി വെച്ചിട്ടല്ല പോയത്. പിന്നീടാണ് ദാരുണമായ ആ സംഭവം ഉണ്ടായത്.. പലതും അറിയാമായിരുന്നിട്ടും സഹപ്രവർത്തകർ ഒന്നും അറിയാത്തപോലെ അഭിനയിച്ചു കോടതിയിൽ. അന്നും അൻസിബ ഈ സംഘടനയിൽ ഉണ്ടായിരുന്നല്ലോ? ശ്വേതയുടെ കമ്മിറ്റിക്ക് മുൻപുള്ള കമ്മിറ്റിയിലും അൻസിബ അംഗമായിരുന്നല്ലോ? എന്തേ അന്ന് ഈ ചോദ്യം ചോദിച്ചില്ല?
അതെല്ലാം പോട്ടെ വ്യക്തിപരമായി ആ സഹപ്രവർത്തകയെ നിങ്ങൾ പോയി കണ്ടോ? സംസാരിച്ചോ? നീച്ചമായ വാക്കുകൾ കൊണ്ട് ഈ കമ്മിറ്റി നിങ്ങളെ വേദനിപ്പിച്ചപ്പോൾ, അപമാനിച്ചപ്പോൾ നിങ്ങൾക്കത് താങ്ങാനായില്ല. നിങ്ങൾ പൊട്ടി കരഞ്ഞു, കേസ് കൊടുത്തു. ഓർത്ത് നോക്കൂ അന്ന് ആ കാറിൽ അവൾ അപമാനിക്കപ്പെട്ടപ്പോൾ, അവൾ എത്രമാത്രം കരഞ്ഞു നിലവിളിച്ചിട്ടുണ്ടാകാം. മുൻപിൽ നിൽക്കുന്നത് ശക്തനാണെന്ന് അറിഞ്ഞുകൊണ്ട് തന്നെ അവൾ കേസ് കൊടുത്തു, കോടതിയിലും അവൾ അപമാനിക്കപ്പെട്ടു. ആ പെൺകുട്ടിയെ കുറിച്ച്, സഹപ്രവർത്തകയെ കുറിച്ച് എന്തേ നിങ്ങളാരും ഓർത്തില്ല. അവളോടൊപ്പം നിന്നില്ല, അവൾക്ക് വേണ്ടി ഒച്ചയുയർത്തിയില്ല. അവൾക്ക് വേണ്ടി സംസാരിച്ച വരെയും കൂവി ഓടിച്ചു വിട്ടു.
അന്ന് തുടങ്ങിയതാണ് ഈ സംഘടനയുടെ വീഴ്ച. അവളുടെ കണ്ണുനീരിന്റെ ചൂടാണ് ഇന്ന് ഈ സംഘടന അനുഭവിക്കുന്നത്. ഒന്നോർത്തോളൂ. ഇന്ന് "നിങ്ങളോടൊപ്പം" ആരെങ്കിലും നിൽക്കുന്നുണ്ടെങ്കിൽ അത് എതിരാളി ഉന്നതനല്ലാത്തതുകൊണ്ടാണ്. നിങ്ങളുടെ എതിരെ നിൽക്കുന്നത് ശക്തനായ, സ്വാധീനമുള്ള, ഫാൻസ് ഉള്ള ഒരാൾ ആയിരുന്നെങ്കിൽ ആരും നിങ്ങളോടൊപ്പം നിൽക്കില്ല. നിങ്ങളുടെ പോരാട്ടമെങ്കിലും വിജയിക്കട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു..
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ