
തിരുവനന്തപുരം: തനിക്കെതിരെ വ്യാജ വാർത്തകൾ പ്രചരിപ്പിച്ച ഓൺലൈൻ മാധ്യമത്തിനെതിരെ കർശന നടപടി ആവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി പ്രശസ്ത ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. കഴിഞ്ഞ 51 വർഷമായി മലയാള സിനിമയിൽ പ്രവർത്തിക്കുന്ന തന്‍റെ പേരും ചിത്രവും ദുരുപയോഗം ചെയ്താണ് സാമൂഹിക മാധ്യമങ്ങളിൽ തെറ്റിദ്ധാരണ പരത്തുന്ന വാർത്തകൾ പ്രചരിപ്പിക്കുന്നതെന്ന് പരാതിയിൽ പറയുന്നു. ഭാഗ്യലക്ഷ്മി നൽകിയ പരാതിയിൽ പ്രധാനമായും രണ്ട് വിഷയങ്ങളാണ് ഉന്നയിക്കുന്നത്.
'ദിലീപ് അഭിനയിക്കുന്ന ഒറ്റ സിനിമ പോലും വിജയിക്കില്ല, വിജയിക്കാൻ ഞങ്ങൾ സമ്മതിക്കില്ല' എന്ന വാചകത്തോടൊപ്പം ഭാഗ്യലക്ഷ്മിയുടെ ഫോട്ടോ വെച്ചുകൊണ്ട് 'തൽസമയം മീഡിയ' എന്ന ഓൺലൈൻ മാധ്യമം കഴിഞ്ഞ മൂന്ന് ദിവസമായി സോഷ്യൽ മീഡിയയിൽ (ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം) വ്യാജ വാർത്ത പ്രചരിപ്പിക്കുന്നു എന്ന് പരാതിയിൽ പറയുന്നത്. അങ്ങനെയൊരു നീക്കമോ ഉദ്ദേശമോ ഒരിക്കലും തനിക്കില്ല, ഈ വാർത്ത തീർത്തും അടിസ്ഥാനരഹിതമാണെന്ന് പരാതിയിൽ ഭാഗ്യലക്ഷ്മി വ്യക്തമാക്കി.
യുഡിഎഫ്. കൺവീനറായ അടൂർ പ്രകാശനെതിരെ താൻ നിയമനടപടിക്കൊരുങ്ങുന്നു" എന്ന മറ്റൊരു വാർത്തയും ഇതേ മീഡിയയിൽ പ്രചരിക്കുന്നുണ്ടെന്നും ഭാഗ്യലക്ഷ്മി ചൂണ്ടിക്കാട്ടി. ഇത്തരം വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതിന് പിന്നിൽ ദുരുദ്ദേശ്യമുണ്ടെന്ന് ഭാഗ്യലക്ഷ്മി പറയുന്നു. ഇത്തരം തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നത് തന്‍റെ സത്യസന്ധമായ സാമൂഹിക പ്രവർത്തനത്തെ സമൂഹത്തിന് മുൻപിൽ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടിയും, നടൻ ദിലീപിന്‍റെ ആരാധകരെക്കൊണ്ട് തെറി വിളിപ്പിക്കാൻ വേണ്ടിയും മാത്രമാണ് സംശയിക്കുന്നുവെന്നും ഭാഗ്യലക്ഷ്മി ഡിജിപിക്ക് നൽകിയ കത്തിൽ വ്യക്തമാക്കി.
നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ അനുകൂലിക്കുന്നവർക്കെതിരെ ഭാഗ്യ ലക്ഷ്മി പ്രതികരിച്ചിരിച്ചിരുന്നു. സോഷ്യൽ മീഡിയയിലൂടെ ആണ് ഇവരുടെ പ്രതികരണം. "പീഡകന് വേണ്ടി ജയ് വിളിക്കുന്ന കുറേ എണ്ണങ്ങളെ കാണുമ്പോ പുച്ഛവും അതിനപ്പുറം പീഡകനെ താങ്ങുന്ന കൊല സ്ത്രീകളെ കാണുമ്പോ അറപ്പും മാത്രെ ഉള്ളൂ.. കൂട്ടത്തില്‍ ലാസ്റ്റ് കോമഡി.. എന്നാലും അതി ജീവിതയ്ക്കൊപ്പം എന്ന ഡയലോഗ്", എന്നായിരുന്നു ഭാഗ്യലക്ഷ്മിയുടെ പോസ്റ്റ്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ