
ജാതിരാഷ്ട്രീയത്തെ പ്രശ്നവത്ക്കരിച്ച് ഒരു ചിത്രം കൂടി ഇന്നലെ പുറത്തിറങ്ങി. 'അടവുകള്‍ അവസാനിക്കുന്നില്ല' എന്ന ടാഗ് ലൈനോട് കൂടിയെത്തിയ പൊളിറ്റിക്കല്‍ ഇന്‍വസ്റ്റിഗേഷന്‍ ഡ്രാമയായ സിനിമ കേരളീയ സമൂഹത്തിൽ നിലനിൽക്കുന്ന ജാതീയമായ ഉച്ചനീചത്വങ്ങളെ തുറന്നുകാട്ടുന്നു. ജാതിരാഷ്ട്രീയം മറയില്ലാതെ തുറന്ന് കാട്ടുന്നതിനാൽ ഭാരത് സർക്കസിന് സെൻസർഷിപ്പ് കിട്ടുമോയെന്ന് പോലും ഭയപ്പെട്ടിരുന്നെന്ന് സംവിധായകന്‍ സോഹന്‍ സീനുലാല്‍ പറഞ്ഞു. അതുകൊണ്ട് തന്നെയാണ് 'ഭാരത് സർക്കസ്' എന്ന പേരിലേയ്ക്ക് എത്തിയതെന്നും സംവിധായകന്‍ ചൂണ്ടിക്കാട്ടി. മറയില്ലാതെ വിഷയം ചർച്ചചെയ്തതിനാൽ സെൻസർഷിപ്പ് ലഭിക്കുന്ന കാര്യത്തിൽ ആശങ്കയുണ്ടായിരുന്നു. ചെറിയൊരു വിഭാഗത്തെ മാറ്റി നിർത്തിയാൽ ആളുകൾക്കിടയിൽ ജാതി ചോദിക്കുന്നതും പറയുന്നതും ഇന്നും ഒരു സ്വാഭാവിക കാര്യമാണെന്നും സോഹന്‍ കൂട്ടിച്ചേര്‍ത്തു.
പല കാര്യങ്ങളിലും പുതുമകൾ വന്നെങ്കിലും ജാതി വേരുകളുടെ ഉറപ്പിനെ സമൂഹത്തിൽ നിന്ന് പൂർണമായും ഇല്ലാതാക്കുവാൻ സാധിച്ചിട്ടില്ല. അത് കൊണ്ട് തന്നെ സമകാലിക സംഭവങ്ങളെ പ്രമേയമാക്കി ഭരത സർക്കസിലൂടെ ഈ വിഷയങ്ങൾ ചർച്ച ചെയ്യപ്പെടുന്നതെന്ന് സംവിധായകൻ പറഞ്ഞു. ജാതി രാഷ്ട്രീയത്തിനൊപ്പം നിയമ സംവിധാനങ്ങൾ, അധികാരശ്രേണി എന്നിവയിലെ ശരികേടുകളും ചിത്രം ചർച്ച ചെയ്യുന്നുണ്ട്. പ്രശ്ന സങ്കീര്‍ണ്ണമായ അവസ്ഥയിലൂടെ കടന്നുപോകുന്ന സാധാരണക്കാരനും മധ്യവയസ്കനുമായ ഒരാള്‍ പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തുന്നു. പിന്നീടുള്ള ദിവസങ്ങളിലൂടെ അയാളുടെ ജീവിതത്തെ കുറിച്ചാണ് ചിത്രം പറയുന്നത്.
ഈ പരാതിയില്‍ അന്വേഷണത്തിനിറങ്ങുന്ന പല മനോഭാവങ്ങളുള്ള പൊലീസ് ഉദ്യോഗസ്ഥരും രാഷ്ട്രീയ പ്രതിനിധികളും സുഹൃത്തുക്കളുമെല്ലാം സിനിമയെ മുന്നോട്ട് നയിക്കുന്നു. സംവിധായകന്‍ സോഹന്‍ സീനുലാലും ചിത്രത്തില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. തീയറ്ററുകൾ അന്യം നിന്ന് പോകാതെ കാക്കേണ്ടതിന്‍റെ ആവശ്യകതയും ചിത്രം മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയത്തിലൂടെ അണിയറ പ്രവർത്തകർ പറഞ്ഞുവെക്കുന്നു. നടൻമാരായ ഷൈൻ ടോം ചാക്കോ, ബിനു പപ്പു, നടി അനു നായർ, നിർമ്മാതാവ് അനൂജ് ഷാജി എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
കൂടുതല്‍ വായിക്കാന്‍: 'തേടും തോറും വേരിൻ ആഴം'; മധു ബാലകൃഷ്ണന്റെ ശബ്ദത്തിൽ 'ഭാരത സർക്കസി'ലെ ഗാനം
കൂടുതല്‍ വായിക്കാന്‍: 'ഇവിടുന്ന് രക്ഷപ്പെടാൻ വേറെ ഏത് ദൈവം വിചാരിച്ചാലാ പറ്റുക'; ത്രില്ലടിപ്പിച്ച് 'ഭാരത സർക്കസ്' ട്രെയിലർ