
ദില്ലി: ആശങ്കകള്‍ക്കും ആകാംക്ഷകള്‍ക്കും ഒടുവില്‍ അര്‍ഹിച്ച അംഗീകാരം മലയാളിയായ ബിബിന്‍ ദേവിനെ (Bibib Dev) തേടിയെത്തി. ദേശീയ ചലച്ചിത്ര പുരസ്‌കാര (National Film award) പ്രഖ്യാപന വേളയില്‍ സാങ്കേതിക പിഴവ് മൂലം പേര് പരാമര്‍ശിക്കാതെ പോയ ബിബിന്‍ ദേവ് ദില്ലി വിഗ്യാന്‍ ഭവനില്‍ നടന്ന ചടങ്ങില്‍ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡുവില്‍ നിന്ന് ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങി. ഒത്തസെരുപ്പ് സൈസ് 7 എന്ന തമിഴ് സിനിമയുടെ റീ റെക്കോര്‍ഡിങ്ങിനാണ് ബിബിന്‍ ദേവിനെ തേടി ദേശീയപുരസ്‌കാരം എത്തിയത്.
ബിബിന്‍ ദേവും റസൂല്‍ പൂക്കുട്ടിയും ചേര്‍ന്ന് റീ റെക്കോര്‍ഡിങ് നിര്‍വഹിച്ച സിനിമക്ക് ദേശീയ പുരസ്‌കാരം പ്രഖ്യാപിച്ചപ്പോള്‍ റസൂല്‍ പൂക്കുട്ടിയുടെ പേര് മാത്രമാണ് പരാമര്‍ശിച്ചത്. അവാര്‍ഡ് നിര്‍ണയത്തിന് സിനിമയുടെ അണിയറപ്രവര്‍ത്തകരുടെ പേര് വിവരങ്ങള്‍ അയച്ചപ്പോള്‍ വന്ന ക്ലറിക്കല്‍ പിഴവാണ് ആണ് ബിബിന്‍ ദേവിന്റെ പേര് വിട്ടുപോകാന്‍ കാരണമായത്. സ്വന്തം പ്രയത്‌നം ദേശീയ തലത്തില്‍ അംഗീകരിക്കപ്പെട്ടപ്പോഴും ജീവിതത്തിലെ ഏറ്റവും വലിയ അംഗീകാരങ്ങളിലൊന്ന് സാങ്കേതിക പിഴവുമൂലം നഷ്ടപ്പെടുമോ എന്ന ആശങ്കയിലായിരുന്നു ബിബിന്‍ ദേവ്.
അവാര്‍ഡ് ഏറ്റുവാങ്ങാന്‍ ദില്ലിയില്‍ എത്തണമെന്ന് ആവശ്യപ്പെട്ടു വിളി വന്നപ്പോഴാണ് മാസങ്ങളോളം നീണ്ട ആശങ്കയും ആകാംക്ഷയും ആഹ്ലാദത്തിന് വഴിമാറിയത്. അവാര്‍ഡ് പ്രഖ്യാപനം വന്നപ്പോള്‍ തന്നെ ഈ ചിത്രം താനും ബിബിന്‍ ദേവും ചേര്‍ന്നാണ് ചെയ്തതെന്നും ഈ അവാര്‍ഡ് ബിബിന്‍ ദേവിന് അര്‍ഹതപ്പെട്ടതാണെന്നും വ്യക്തമാക്കി റസൂല്‍ പൂക്കുട്ടി രംഗത്തെത്തിയിരുന്നു. എറണാകുളം ജില്ലയിലെ അങ്കമാലി കിടങ്ങൂര്‍ സ്വദേശിയായ സ്വദേശിയായ ബിബിന്‍ ദേവ് 15 വര്‍ഷത്തോളമായി മുംബൈ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്.
ഷേര്‍ണി, ട്രാന്‍സ്, യന്തിരന്‍ 2.0, ഒടിയന്‍, മാമാങ്കം, മാസ്റ്റര്‍പീസ്, കമ്മാരസംഭവം തുടങ്ങി ഒട്ടേറെ ബിഗ് ബജറ്റ് സിനിമകളുടെ ശബ്ദമിശ്രണം നിര്‍വഹിച്ചിരിക്കുന്നത് ബിബിന്‍ ദേവ് ആണ്. ബിബിന്‍ ദേവ് ശബ്ദമിശ്രണം നിര്‍വഹിച്ച വിദ്യ ബാലന്‍ മുഖ്യവേഷത്തിലെത്തിയ ഷേര്‍ണി ഓസ്‌കര്‍ പുരസ്‌കാരത്തിന് അയക്കേണ്ട ഇന്ത്യന്‍ ചിത്രങ്ങളുടെ ചുരുക്കപ്പട്ടികയില്‍ ഇടം നേടിയിരുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ