ബിഗിലിന്റെ വൈഡ് റിലീസ്; ലിസ്റ്റിന്‍ സ്റ്റീഫനുമായി സഹകരിക്കില്ലെന്ന് തിയേറ്റര്‍ ഉടമകളുടെ സംഘടന

By Web TeamFirst Published Nov 4, 2019, 8:40 AM IST
Highlights

സംഘടനാപരമായ സഹകരണം ഉണ്ടാവില്ലെന്നും നിലവിലെ കാര്യങ്ങൾ ലിസ്റ്റിന്‍ സ്റ്റീഫനുമായി ചർച്ച ചെയ്ത് പരിഹരിക്കുമെന്നും ഫിലിം എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരള ജനറല്‍ സെക്രട്ടറി എം സി ബോബി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പ്രതികരിച്ചു.

വിജയ് ചിത്രം ബിഗിലിന്റെ  വൈഡ് റിലീസുമായി ബന്ധപ്പെട്ട് നിർമ്മാതാവ്  ലിസ്റ്റിന്‍ സ്റ്റീഫന്റെ നിര്‍മ്മാണ വിതരണ കമ്പനിയുമായി സഹകരിക്കില്ലെന്ന് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിലിം എക്‌സിബിറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍. ഇതരഭാഷാ സിനിമകള്‍ 125 സ്‌ക്രീനുകളിലേക്ക് പരിമിതപ്പെടുത്തണമെന്ന സംഘടനാ തീരുമാനം മറികടന്ന് തമിഴ് ചിത്രം ബിഗില്‍ 200ന് അടുത്ത് സ്‌ക്രീനുകളില്‍ റിലീസ് ചെയ്തതിലാണ് തിയേറ്റര്‍ ഉടമകളുടെ സംഘടന ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസിന് താക്കീതുമായി രംഗത്തെത്തിയിരിക്കുന്നത്. 

സിനിമാ വ്യവസായത്തിന്റെ വളര്‍ച്ചയ്ക്ക് കേരളാ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍, ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍, ഫിലിം എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരള എന്നീ സംഘടനകള്‍ സംയുക്തമായി എടുത്ത തീരുമാനങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചതിനെ തുടര്‍ന്നാണ്  മാജിക് ഫ്രെയിംസിനോട് സഹകരിക്കേണ്ടെന്ന് തീരുമാനം എടുത്തിരിക്കുന്നത്. ഇതോടെ ലിസ്റ്റിന്‍ സ്റ്റീഫന്റെതായി നിർമ്മാണത്തിലിരിക്കുന്ന ആസിഫ് അലി ചിത്രം  'കെട്ട്യോളാണ് എന്റെ മാലാഖയടക്കമുള്ള ചിത്രങ്ങൾക്ക് പ്രതിസന്ധി നേരിടേണ്ടിവരും. 

സംഘടനാപരമായ സഹകരണം ഉണ്ടാവില്ലെന്നും നിലവിലെ കാര്യങ്ങൾ ലിസ്റ്റിന്‍ സ്റ്റീഫനുമായി ചർച്ച ചെയ്ത് പരിഹരിക്കുമെന്നും ഫിലിം എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരള ജനറല്‍ സെക്രട്ടറി എം സി ബോബി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പ്രതികരിച്ചു. ദീപാവലി റിലീസായി പ്രദർശനത്തിന് എത്തിയ വിജയ് ചിത്രത്തിന് തിയേറ്ററുകൾ  കുറവാണെന്ന് കാണിച്ച് ആരാധകര്‍ നേരത്തെ പ്രതിഷേധമുയര്‍ത്തിയിരുന്നു. നിലവില്‍ നിര്‍മ്മാതാക്കളുടെ സംഘടനയായ കേരളാ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റാണ് ലിസ്റ്റിന്‍ സ്റ്റീഫന്‍.
 

click me!